
കണക്ടികട്ട്: ഇന്ത്യ പാക് വിഭജന കാലത്ത് വേർപിരിഞ്ഞ ബാല്യകാല സുഹൃത്തുക്കൾ വർഷങ്ങൾക്ക് ശേഷം അമേരിക്കയിൽ വച്ച കണ്ടുമുട്ടി. 12ാം വയസിൽ വേർപിരിഞ്ഞ സുഹൃത്തിന്റെ 90ാം പിറന്നാളിന് മുഖ്യഅതിഥിയായി എത്തിച്ചാണ് മുത്തച്ഛന്റെ മനസിലെ മുറിവുണക്കാൻ മക്കളും ചെറുമക്കളും ശ്രമിച്ചത്. ഒക്ടോബറിൽ നടന്ന അപൂർവ്വ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. ഗുജറാത്തിലെ ദീസ സ്വദേശികളായിരുന്നു എ ജി ഷാക്കിറും സുരേഷ് കോത്താരിയും. ഇരുവരും തമ്മിൽ ഒരു വയസിനാണ് വ്യത്യാസം. 1947ലാണ് ഷാക്കിറിന്റെ കുടുംബം പാകിസ്ഥാനിലേക്ക് പാലായനം ചെയ്യുന്നത്.
വർഷങ്ങൾക്ക് ഇപ്പുറവും വിഭജന കാലത്ത് വേർപിരിഞ്ഞ സുഹൃത്തിനേക്കുറിച്ച് ഇരുവരും സംസാരിക്കുന്നത് പതിവായതോടെ സുരേഷിന്റെ ചെറമകളായ മേഗൻ കോത്താരിയാണ് ഷാക്കിറിന്റെ 90ാം പിറന്നാൾ ആഘോഷത്തിലേക്ക് സുരേഷിനെ എത്തിക്കുന്നത്. വർഷങ്ങൾക്ക് ശേഷമുള്ള കൂടിക്കാഴ്ചയിൽ കൈകളിൽ നിന്നുള്ള പിടിവിടാതെ സംസാരിക്കുന്ന ബാല്യകാല സുഹൃത്തുക്കളുടെ വീഡിയോ ചെറുമകളാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. പാക് അതിർത്തിയിൽ നിന്ന് ഏറെ അകലെയല്ലാതെ ദീസയിൽ നിന്ന് 1947 ഒക്ടോബറിലാണ് ഷാക്കിറിന്റെ കുടുംബം പലായനം ചെയ്തത്. കറാച്ചിയിലേക്ക് ബോട്ടിലായിരുന്നു ഇവർ പോയത്. രാത്രിയിൽ അടുത്ത സുഹൃത്തുക്കളോട് പോലും പറയാതെയായിരുന്നു ഈ യാത്രയെന്നാണ് ഷാക്കിർ ഓർമ്മിക്കുന്നത്. ഉറ്റ സുഹൃത്തായ സുരേഷിനോട് യാത്ര പോലും പറയാനാകാതെ പോവേണ്ടി വന്നത് ഷാക്കിറിനേയും ഏറെ ഉലച്ചിരുന്നു. ബോംബെയിൽ നിന്ന് പഠനം പൂർത്തിയാക്കിയ ശേഷം ഷാക്കിറിനെ കണ്ടെത്താൻ സുരേഷ് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
1948നും 1982നും ഇടയിൽ ഒരിക്കൽ പോലും കണ്ടുമുണ്ടാൻ ഇരുവർക്കും സാധിച്ചിരുന്നില്ല. ഇതിനിടെ ഷാക്കിർ അമേരിക്കയിലേക്ക് കുടിയേറുകയും ചെയ്തു. 1982ൽ അമേരിക്കയിലെത്തിയ സുരേഷിനെ ഷാക്കിർ തേടിയെത്തിയ ദിവസങ്ങളോളം ഒരുമിച്ച സമയം ചെലിട്ട ഇവർ പിന്നീട് വീണ്ടും രണ്ട് ദിശകളിലായി. ഷാക്കിർ വിർജീനിയയിലേക്ക് താമസം മാറിയതോടെയായിരുന്നു ഇത്. മക്കളോടും ചെറുമക്കളോടും സുഹൃത്തിനേക്കുറിച്ച് നിരന്തരം സംസാരിക്കാൻ ഇരുവരും മറന്നിരുന്നില്ല. ഇതോടെയാണ് ഷാക്കിറിന്റെ 90ാം പിറന്നാളിന് വീണ്ടുമൊരു കൂടിക്കാഴ്ചയ്ക്കുള്ള അവസരമൊരുക്കാൻ ഇരുവരുടേയും കുടുംബം ശ്രമിച്ചത്. നാല് മണിക്കൂറോളം ദൂരമാണ് സുരേഷ് പ്രായത്തിന്റെ വെല്ലുവിളികളെ അവഗണിച്ച് ബാല്യകാല സുഹൃത്തിനെ കാണാനായി യാത്ര ചെയ്തത്.
ഈ ദൃശ്യങ്ങൾ ചെറുമകൾ ചിത്രീകരിച്ചിരുന്നു. കൂടിക്കാഴ്ചയുടേയും തുടർന്നുമുള്ള സംഭവങ്ങൾ ചെറുമകൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ അതിർത്തികളുടെ അന്തരമില്ലാതെ നിരവധി പേരാണ് വീഡിയോയ്ക്ക് പ്രതികരണവുമായി എത്തിയത്. സാംസ്കാരികമായി ഏറെ വ്യത്യാസമുള്ള രാജ്യങ്ങളിൽ വളർന്നിട്ടും 80 വർഷങ്ങൾക്ക് ശേഷവും അവരുടെ സൌഹൃദം ഏറെ ദൃഢമാണെന്നാണ് സുരേഷ് കോത്താരിയുടെ ചെറുമകൾ പ്രതികരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam