
അഹമ്മദാബാദ്: അടിപൊളിയൊരു ബൈക്ക് കയ്യിൽ കിട്ടിയാൽ പിന്നെ യുവാക്കൾ ട്രാഫിക് നിയമങ്ങളൊക്ക മറക്കുന്ന നിരവധി സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബൈക്കും കൂടെ കാമുകിയുമുണ്ടെങ്കില്‍ പിന്നെ ട്രാഫിക് നിയമങ്ങളോ ചുറ്റും നടക്കുന്നതോ ഒന്നും കാണാന്‍ പറ്റില്ലെന്ന അവസ്ഥയിലാണ് പലരും. ബൈക്കിൽ കാമുകിയുമൊത്തുള്ള റൊമാൻസിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയിൽ വൈറലായതോടെ കുഴപ്പത്തിൽപ്പെട്ടിരിക്കുകയാണ് അഹമ്മദാബാദിലെ ഒരു യുവാവ്.
അഹമ്മദാബാദ് പൊലീസ് സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ അപ്‍ലോഡ് ചെയ്തിട്ടുണ്ട്. നിക്കോൾ റിംഗ് റോഡിലാണ് സംഭവം നടന്നത്. ഓടുന്ന ബൈക്കിൽ ഹെൽമറ്റ് ധരിക്കാതെ മുഖാമുഖം ഇരുന്നായിരുന്നു യുവാവിന്‍റെയും യുവതിയുടെയും സ്നേഹപ്രകടനം. ബൈക്കിന്‍റെ മുന്നിലെ ടാങ്കിലാണ് യുവതി ഇരുന്നത്. ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള ഇരുവരുടെയും സ്നേഹപ്രകടനം ആരോ വീഡിയോയിൽ പകർത്തി. വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ അഹമ്മദാബാദ് ട്രാഫിക് പൊലീസ് നടപടിയെടുക്കുകയായിരുന്നു.
യുവാവിനെ കണ്ടെത്തി നിയമ നടപടി തുടങ്ങിയെന്ന് പൊലീസ് വ്യക്തമാക്കി. യുവാവിന്‍റെ ബൈക്ക് പൊലീസ് കസ്റ്റഡിയിലാണ്. അതേസമയം വീഡിയോയിലെ യുവതിയെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.പിന്നാലെ നെറ്റിസണ്‍സ് പ്രതികരണവുമായി രംഗത്തെത്തി. യുവാവിന്‍റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കണം എന്നാണ് ഒരു പ്രതികരണം. യുവാവിനെ പോലെ യുവതിയും കുറ്റക്കാരിയാണെന്നും അവരെയും കണ്ടെത്തി ശിക്ഷിക്കണമെന്നും മറ്റൊരാള്‍ ആവശ്യപ്പെട്ടു.
സമാനമായ വീഡിയോകൾ മുൻപും വൈറലായിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ ഡൽഹിയിലെ മംഗോൽപുരി പരിസരത്ത് തിരക്കേറിയ റോഡിൽ അമിത വേഗതയിലുള്ള ബൈക്കിലിരുന്ന് പ്രണയിച്ച കാമുകീ കാമുകന്മാരെ പൊലീസ് പിടികൂടിയിരുന്നു. 11,000 രൂപ പിഴ ചുമത്തുകയും ചെയ്തു. സമാനമായ സംഭവം അടുത്ത കാലത്ത് ഉത്തർപ്രദേശിലെ ഗാസിയാബാദിലുമുണ്ടായി. സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും അപകടപ്പെടുത്തുന്ന വിധത്തിലാണ് ഇവർ ബൈക്കിലിരുന്ന് പ്രണയിക്കുന്നത്. ട്രാഫിക് പൊലീസ് പലതവണ പലതരത്തിൽ മുന്നറിയിപ്പ് നൽകിയിട്ടും ബൈക്കിലെ അപകടകരമായ പ്രണയം ഇപ്പോഴും തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam