'ഹൃദയഭേദകം ഈ നിമിഷം'; കൊറോണ ബാധിതരെ ശുശ്രൂഷിക്കുന്ന അമ്മയെ കാണാൻ എത്തി മകൾ, കണ്ണുനനയിച്ച് വീഡിയോ

By Web TeamFirst Published Feb 7, 2020, 7:05 PM IST
Highlights

മകളെ ഒന്ന് വാരിപ്പുണരാൻ സാധിക്കുന്നില്ലല്ലോ എന്ന സങ്കടത്തിൽ ആ അമ്മയുടെ കണ്ണുകളും ഈറനണിയുന്നുണ്ട്. അമ്മക്ക് നൽകാനായി കൊണ്ടുവന്ന ഭക്ഷണം പടിയുടെ പുറത്ത് വച്ചതിന് ശേഷമാണ് കുട്ടി തിരികെ പോയത്. 

ചൈനയിലെ വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊറോണ വൈറസിനെ തടയാനുള്ള പരിശ്രമത്തിലാണ് ലോകം. നിരവധി നഴ്സുമാരും ഡോക്ടർമാരും തങ്ങളുടെ ഉറ്റവരെ ഉപേക്ഷിച്ച് വൈറസ് ബാധയേറ്റ രോ​ഗികളെ ശുശ്രൂഷിക്കാൻ ആശുപത്രികളിൽ കഴിയുകയാണ്. ഇത്തരത്തിൽ ചൈനയിലെ ഒരു ആശുപത്രിയിൽ നിന്നുള്ള  ഹൃദയഭേദകമായ വീ‍ഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. 

അച്ഛനൊപ്പം നഴ്സായ അമ്മയെ കാണാൻ വന്നതാണ് ഒമ്പത് വയസുകാരിയായ മകൾ. ആശുപത്രിയുടെ അപ്പുറവും ഇപ്പുറവും നിന്നുകൊണ്ടാണ് ഇരുവരും ആശയവിനിമയം നടത്തുന്നത്. മാസ്ക് ധരിച്ച് നിൽക്കുന്ന കുട്ടി അമ്മയെ കണ്ടതും പൊട്ടിക്കരയുന്നത് വീഡിയോയിൽ കാണാം. അടുത്തുവരാൻ സാധിക്കാത്തത് കാരണം അപ്പുറത്തും ഇപ്പുറത്തും നിന്ന് കെട്ടിപിടിക്കുന്നതായി ആ​ഗ്യം കാണിക്കുന്ന ഇരുവരുടെയും ദൃശ്യം ആരുടേയും കണ്ണു നനയിപ്പിക്കും.

മകളെ ഒന്ന് വാരിപ്പുണരാൻ സാധിക്കുന്നില്ലല്ലോ എന്ന സങ്കടത്തിൽ ആ അമ്മയുടെ കണ്ണുകളും ഈറനണിയുന്നുണ്ട്. അമ്മക്ക് നൽകാനായി കൊണ്ടുവന്ന ഭക്ഷണം പടിയുടെ പുറത്ത് വച്ചതിന് ശേഷമാണ് കുട്ടി തിരികെ പോയത്. മകൾ പോകുന്നത് നിറ കണ്ണുകളോടെ അമ്മ നോക്കുന്നതും വീഡിയോയിൽ കാണാം.

യൂട്യൂബിൽ ആയിരക്കണക്കിന് പേരാണ് ഈ വീഡിയോ കാണുകയും ഷെയർ ചെയ്യുകയും ചെയ്തത്. ഹെനാൻ പ്രവിശ്യയിലെ ഒരു ആശുപത്രിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്നാണ് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.  'ഈ കുട്ടി എന്റെ ഹൃദയം തകർത്തു..അവരോട് ദൈവം കരുണ കാണിക്കണം ... പ്രാർത്ഥനകൾ, ഹൃദയഭേദകം' എന്നിങ്ങനെയാണ് വീഡിയോക്ക് താഴേ വന്നിരിക്കുന്ന കമന്റുകൾ.

click me!