
മുംബൈ: മുംബൈ സബർബൻ ട്രെയിനിലെ വനിതാ കംപാർട്ട്‌മെന്റിൽ സീറ്റ് തർക്കത്തെ തുടർന്ന് സ്ത്രീകളുടെ തമ്മിലടി. പ്രശ്നം പരിഹരിക്കാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥക്കും മർദ്ദനമേറ്റു. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി. നിരവധി പേരാണ് ദൃശ്യങ്ങൾ പങ്കുവെച്ചത്. താനെ-പൻവേൽ ലോക്കൽ ട്രെയിനിലായിരുന്നു സംഭവം. ടർബെ സ്റ്റേഷന് സമീപത്തെത്തിയപ്പോൾ സീറ്റിനെച്ചൊല്ലി മൂന്ന് സ്ത്രീ യാത്രക്കാർ തർക്കത്തിലായി. സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോൾ അവിടെ ഇറങ്ങേണ്ട യാത്രക്കാരി മറ്റൊരു സ്ത്രീയെ സീറ്റിലിരിക്കാൻ അനുവദിച്ചു. എന്നാൽ, മൂന്നാമതൊരു സ്ത്രീയും അതേ സീറ്റിൽ ഇരിക്കാൻ ശ്രമിച്ചു. ഇതോടെ മൂന്ന് സ്ത്രീകൾ തമ്മിൽ വാക്കേറ്റമുണ്ടാകുകയായിരുന്നു. തർക്കം അടിയിൽ കലാശിച്ചു. പിന്നീട് സ്ത്രീകളുടെ കൂട്ടത്തല്ലിനാണ് യാത്രക്കാർ സാക്ഷ്യം വഹിച്ചത്.
സ്ത്രീ യാത്രക്കാരുടെ തലയിൽ രക്തം വാർന്നൊഴുകുന്നത് വീഡിയോയിൽ കാണാം. യാത്രക്കാർ സീറ്റുകൾക്ക് മുകളിലൂടെ ഓടുന്നത് കാണാം. തർക്കം പരിഹരിക്കാൻ ശ്രമിച്ച പൊലീസുകാരിക്കും സ്ത്രീകളിൽ നിന്ന് മർദ്ദനമേറ്റു. ഇവർ ഉൾപ്പെടെ മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കുകയാണെന്നും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam