ഏഴ് വർഷത്തിലാദ്യമായി ഓഫീസിൽ വൈകിയെത്തിയ ജീവനക്കാരനെ പിരിച്ചുവിട്ട് കമ്പനി

By Web TeamFirst Published Aug 5, 2022, 12:50 PM IST
Highlights

''നാളെ ഞങ്ങളെല്ലാ ജീവനക്കാരും ഓഫീസിലേക്ക് വൈകിയാണ് പോകുക. അവനെ തിരിച്ചെടുക്കുന്നതുവരെ ഇത് തുടരും'' - സഹപ്രവര്‍ത്തകൻ പറഞ്ഞു. 

കമ്പനികളിൽ നിന്ന് ജീവനക്കാരെ പിരിച്ചുവിടുന്നത് പുതിയ കാര്യമല്ല, പല കാരണം കൊണ്ടും അത് സംഭവിക്കാറുണ്ട്. എന്നാൽ 20 മിനുട്ട് വൈകി വന്നതിന് ജീവനക്കാരനെ പിരിച്ചുവിട്ടുവെന്നത് കേട്ടുകേൾവി പോലുമില്ലാത്ത കാര്യമാണ്. റെഡ്ഡിറ്റിലാണ് ഇത്തരമൊരു അനുഭവം ഒരാൾ പങ്കുവച്ചിരിക്കുന്നത്. 

ഏഴ് വർഷത്തിലാദ്യമായി ഓഫീസിലെത്താൻ 20 മിനുട്ട് വൈകിയ ജീവനക്കാരനെ കമ്പനി പിരിച്ചുവിട്ടുവെന്നാണ് പോസ്റ്റിൽ പറയുന്നത്. ഇത് സാധൂകരിച്ചുകൊണ്ട് ഇയാളുടെ സഹപ്രവർത്തകരും രം​ഗത്തെത്തി. എവിടെയാണ് സ്ഥലം, ഏതാണ് കമ്പനി എന്നീ കാര്യങ്ങളെല്ലാം ഇപ്പോഴും അ‍ജ്ഞാതമാണ്. എന്നാൽ സമാനമായ അനുഭവങ്ങൾ പങ്കുവച്ച് നിരവധി പേർ റെഡ്ഡിറ്റ് പോസ്റ്റിന് താഴെ പ്രതികരിക്കുന്നുണ്ട്. 

ഇയാളെ തിരിച്ചെടുക്കാനായി പ്രതിഷേധിക്കാനൊരുങ്ങിയിരിക്കുകയാണ് സഹപ്രവർത്തകരെന്ന് മറ്റൊരാൾ കമന്റ് ചെയ്തു. ഇയാൾ ജോലി നഷ്ടപ്പെട്ട യുവാവിന്റെ സഹപ്രവർത്തകനാണെന്നാണ് സ്വയം പരിചയപ്പെടുത്തുന്നത്. ''നാളെ ഞങ്ങളെല്ലാ ജീവനക്കാരും ഓഫീസിലേക്ക് വൈകിയാണ് പോകുക. അവനെ തിരിച്ചെടുക്കുന്നതുവരെ ഇത് തുടരും'' - സഹപ്രവര്‍ത്തകൻ പറഞ്ഞു. 

പങ്കുവച്ച് മണിക്കൂറുകൾക്കുള്ളിൽ 78000 ത്തോളെ പിന്തുണയാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. മിക്ക ആളുകളും ജോലി നഷ്ടപ്പെട്ടയാളെ പിന്തുണച്ചപ്പോൾ ഒരാൾ മാത്രം കമ്പനി ഉടമയെ ന്യായീകരിച്ചു. അയാൾക്ക് 20 മിനുട്ടിൽ വലിയ നഷ്ടം സംഭവിച്ചിരിക്കാമെന്നായിരുന്നു അത്. അയാളെ പറഞ്ഞുവിടാൻ കമ്പനി ഒരു കാരണം തേടുകയായിരുന്നിരിക്കണമെന്നാണ് മറ്റൊരാൾ പ്രതികരിച്ചത്. 

പലരും തങ്ങൾ ജോലി ചെയ്ത സ്ഥാപനത്തിൽ നിന്ന് നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞു. ശക്തമായ മഞ്ഞുവീഴ്ച കാരണം ബസ് വൈകുകയും 
കൃത്യസമയത്ത് ഓഫീസിലെത്താൻ കഴിയാതെ വരികയും ചെയ്തെങ്കിലും അയാളെ പുറത്താക്കിയിരുന്നില്ല. ആറ് വർഷത്തിൽ ആദ്യമായിരുന്നു അയാൾ വൈകി ഓഫീസിലെത്തിയത്. എന്നാൽ വാർഷിക റിവ്യൂവിൽ കമ്പനി ഉടമ, ഇത് പ്രതിപാതിച്ചുവെന്നും അയാൾ പറഞ്ഞു. 

click me!