''എന്റെ ചാച്ചനെ രക്ഷിക്കാൻ ആരുമുണ്ടായില്ലല്ലോ?'' കുഴഞ്ഞ് വീണ് മരിച്ച അച്ഛനെക്കുറിച്ച് മകന്റെ കണ്ണീർക്കുറിപ്പ്

By Sumam ThomasFirst Published Mar 29, 2019, 3:41 PM IST
Highlights

എവിടെ ആരു വീണുകിടക്കുന്നത് കണ്ടാലും " വെള്ളമടിച്ചു പാമ്പായിക്കിടക്കുന്നതു കണ്ടോ" എന്ന് ഒറ്റയടിക്ക് വിധിയെഴുതുന്നവരാണല്ലോ നമ്മളിൽ പലരും. അങ്ങനെ വീണുകിടക്കുന്ന എല്ലാവരും മദ്യപിച്ചു ലക്കുകെട്ട് കിടക്കുകയാവില്ലെന്നും ആ കിടക്കുന്നത് ചിലപ്പോൾ നമുക്ക് വളരെ വേണ്ടപ്പെട്ടവർ ആരെങ്കിലുമാവാം എന്നും, അവർക്ക് അടിയന്തിര ശുശ്രൂഷ കിട്ടാഞ്ഞാൽ ചിലപ്പോൾ മരിച്ചുപോയേക്കുമെന്നും ഒക്കെ നമ്മൾ ഓർക്കേണ്ട സമയമായിത്തുടങ്ങി എന്നാണ് ഈ മരണത്തിന്റെ ദൃശ്യങ്ങളും ജോബിയുടെ സങ്കടം നിറഞ്ഞ പരിഭവങ്ങളും നമ്മളെ പഠിപ്പിക്കുന്നത്. 

ജോബി ഒരു ആംബുലൻസ് ഡ്രൈവറാണ്. ആർക്ക് ഹാർട്ടറ്റാക്ക് വന്നാലും സ്ട്രോക്കു വന്നാലും ആക്സിഡന്റുണ്ടായാലും ഒരൊറ്റ വിളി‌ മതി, ഏത് ഗതാഗതക്കുരുക്കും പകുത്തുകൊണ്ട്, ജോബി ഞൊടിയിടകൊണ്ട് പാഞ്ഞു ചെല്ലും. രോഗിയെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചിട്ടേ ജോബിയ്ക്ക് പിന്നെ വിശ്രമമുള്ളൂ. ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂൽപ്പാലത്തിൽ പെട്ടുപോവുന്ന പലരെയും ജോബിയുടെ കൃത്യസമയത്തിനുളള ഇടപെടൽ ജീവിതത്തിലേക്ക് കൈപിടിച്ച് തിരിച്ചു കൊണ്ടുവന്നിട്ടുണ്ട്. 

ആ ജോബിയിപ്പോൾ അടക്കാനാവാത്ത സങ്കടത്തിലാണ്. അപകടങ്ങളെക്കുറിച്ചും ആശുപത്രിയിലെ അത്യാവശ്യങ്ങളെക്കുറിച്ചും ഒരു വിളിയിലൂടെ വിവരമറിയുന്ന ജോബിയ്ക്ക് പക്ഷേ, സ്വന്തം ചാച്ചന് പെരുവഴിയിൽ വെച്ച് ഹൃദയാഘാതമുണ്ടായപ്പോൾ വിളിയൊന്നും വന്നില്ല. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരമാണ് ജോബിയുടെ ചാച്ചൻ ജോൺ വഴിയരികിൽ കുഴഞ്ഞു വീണ് മരിച്ചത്. 23 മിനിറ്റ് നേരം ജോൺ വഴിയരികിൽ‌ മരണത്തോട് മല്ലിട്ട് കിടന്നു. ഈ സമയം മുഴുവൻ ഏകദേശം പത്തിലധികം ആളുകൾ ആ വഴിയിലൂടെ നടന്നു പോയി. ഒരാൾ പോലും വഴിയരികിൽ കിടന്ന ജോണിനെ തിരിഞ്ഞു നോക്കിയില്ല. ആരോ ഒരാൾ ജോണിനെ റോഡിന്റെ സൈഡിലേക്ക് മാറ്റിക്കിടത്തി. എന്നിട്ടും അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കാനോ എന്ത് പറ്റിയെന്ന് അന്വേഷിക്കാനോ ആരും തയ്യാറായില്ലെന്ന് ജോബി പറയുന്നു

ആരെങ്കിലും ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ എന്റെ ചാച്ചൻ ഇപ്പോൾ ജീവനോടെ ഉണ്ടാകുമായിരുന്നു എന്ന് പറഞ്ഞപ്പോൾ ജോബിയുടെ കണ്ഠമിടറി. ഇരുപത്തഞ്ചു മിനിറ്റിലധികം വൈകി പൊലീസെത്തിയാണ് ഒടുവിൽ ജോബിയുടെ ചാച്ചനെ ആശുപത്രിയിലെത്തിക്കുന്നത്. അപ്പോഴത്തേയ്ക്കും അദ്ദേഹം മരിച്ചിരുന്നു. പരിശോധിച്ച ഡോക്ടർ പറഞ്ഞത്, പത്ത് മിനിറ്റ് മുമ്പ് ഹോസ്പിറ്റലിൽ എത്തിച്ചിരുന്നെങ്കിൽ രക്ഷപ്പെടുത്താമായിരുന്നു എന്നാണ്. 

''അറുപത്തേഴാം വയസ്സിലും നല്ല ആരോഗ്യമുള്ള മനുഷ്യനായിരുന്നു ചാച്ചൻ. ഇന്നുവരെ അസുഖം വന്ന് മരുന്ന് കഴിക്കുന്നത് ഞാൻ കണ്ടിട്ടില്ല. മരംവെട്ടാൻ പോകുന്നത് കൊണ്ട് നാട്ടുകാർക്കൊക്കെ ചാച്ചനെ അറിയാമായിരുന്നു. നെഞ്ചിൽ കൈ വച്ച് കുഴഞ്ഞ് വീഴുന്ന സമയത്ത് അടുത്തു കൂടി പോയിക്കൊണ്ടിരുന്ന ഒരു ചേട്ടനോട് ചാച്ചൻ എന്തോ പറയുന്നുണ്ടായിരുന്നു. എന്നിട്ടാണ് നിലത്തേയ്ക്ക് വീണത്. ആ ചേട്ടനെങ്കിലും ഒന്നു ശ്രദ്ധിച്ചിരുന്നെങ്കിൽ.'' ഒരു നിമിഷം ശങ്കിച്ച് നിന്ന ശേഷം ആ വ്യക്തി തന്റെ പാട്ടിന് നടന്നുപോവുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാമെന്ന് ജോബി ഏഷ്യാനെറ്റ് ന്യൂസ് ഓൺ‍ലൈനിനോട് പറയുന്നു.

കോട്ടയം ജില്ലയിലെ തലയോലപ്പറമ്പിൽ പമ്പ് ജംഗ്ഷന് സമീപത്തായിട്ടായിരുന്നു ജോൺ കുഴഞ്ഞ് വീണത്. തൊട്ടടുത്തുള്ള ബിവറേജിലെ ജീവനക്കാർ പൊലീസിൽ അറിയിച്ച് അവരെത്തിയാണ് വൈക്കം ഹോസ്പിറ്റലിൽ എത്തിച്ചത്. ജോയിയെ അറിയാവുന്ന ആരെങ്കിലുമായിരിക്കണം റോഡിന്റെ സൈഡിലേക്ക് എടുത്ത് മാറ്റിയതെന്നാണ് ജോബിയുടെ വിശ്വാസം. 

മനുഷ്യരിൽ നിന്ന് നിന്ന് നന്മ അപ്രത്യക്ഷമാകുന്ന കാഴ്ചയുടെ ഉദാഹരണമാണിതെന്ന് ജോബിയുടെ പോസ്റ്റിന് താഴെയുള്ള കമന്റുകളിൽ പലരും പറയുന്നു. ജോയി കുഴഞ്ഞു വീഴുന്നതും ആളുകൾ അദ്ദേഹത്തെ ഗൗനിക്കാതെ കടന്നു പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ വളരെ വ്യക്തമായിത്തന്നെ നമുക്ക് കാണാം. 

ഹൃദയാഘാതം വരുന്ന ഒരാളെ സംബന്ധിച്ചിടത്തോളം തുടർന്നുള്ള ഓരോ മിനിറ്റും ഏറെ നിർണ്ണായകമാണ്. ബിവറേജസ് തൊട്ടടുത്തുള്ളതുകൊണ്ട് പലരും അദ്ദേഹം വീണത് മദ്യപിച്ചാണെന്നു വരെ തെറ്റിദ്ധരിച്ചിട്ടുണ്ടാവും. എവിടെ ആരു വീണുകിടക്കുന്നത് കണ്ടാലും " വെള്ളമടിച്ചു പാമ്പായിക്കിടക്കുന്നതു കണ്ടോ" എന്ന് ഒറ്റയടിക്ക് വിധിയെഴുതുന്നവരാണല്ലോ നമ്മളിൽ പലരും. അങ്ങനെ വീണുകിടക്കുന്ന എല്ലാവരും മദ്യപിച്ചു ലക്കുകെട്ട് കിടക്കുകയാവില്ലെന്നും ആ കിടക്കുന്നത് ചിലപ്പോൾ നമുക്ക് വളരെ വേണ്ടപ്പെട്ടവർ ആരെങ്കിലുമാവാം എന്നും, അവർക്ക് അടിയന്തിര ശുശ്രൂഷ കിട്ടാഞ്ഞാൽ ചിലപ്പോൾ മരിച്ചുപോയേക്കുമെന്നും ഒക്കെ നമ്മൾ ഓർക്കേണ്ട സമയമായിത്തുടങ്ങി എന്നാണ് ഈ മരണത്തിന്റെ ദൃശ്യങ്ങളും ജോബിയുടെ സങ്കടം നിറഞ്ഞ പരിഭവങ്ങളും നമ്മളെ പഠിപ്പിക്കുന്നത്. 

 

 

click me!