
കണ്ണൂര്‍: നാടാകെ ഓണാഘോഷത്തില്‍ മുങ്ങി നില്‍ക്കുമ്പോള്‍ ഓണക്കളിയില്‍ ഏര്‍പ്പെടുന്ന മുൻ എംഎല്‍എയും സിപിഎം നേതാവുമായ ടി വി രാജേഷിന്‍റെ വീഡിയോ വൈറലാകുന്നു. കുളത്തിന് നടുക്ക് വച്ച് തടിയിൽ ഇരുന്ന് കൊണ്ട് ടി വി രാജേഷ്, എതിരാളിയെ അടിച്ച് താഴെയിടുന്ന വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തിട്ടുള്ളത്. എതിരാളിക്ക് ഒരു അവസരവും കൊടുക്കാതെയുള്ള ടി വി രാജേഷിന്‍റെ മിന്നും പ്രകടനത്തിന്‍റെ വീഡിയോ നിരവധി പേരാണ് ഫേസ്ബുക്കില്‍ ഉള്‍പ്പെടെ പങ്കുവയ്ക്കുന്നത്.
മന്ത്രി വി ശിവൻകുട്ടിയും ഈ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഓണാഘോഷം തീരുന്നില്ല എന്ന് കുറിച്ച് കൊണ്ടാണ് ശിവൻകുട്ടി ടി വി രാജേഷിന്‍റെ ഓണക്കളിയുടെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. അതേസമയം, കേരളമാകെ ഒരുമയോടെ മറ്റൊരു ഓണക്കാലം കൂടെ ആഘോഷമാക്കിയിരിക്കുകയാണ്. വരണ്ട അന്തരീക്ഷത്തിന് അവധി കൊടുത്ത് മഴ ചൊരിഞ്ഞെങ്കിലും തിരുവോണ നാളില്‍ തിരുവനന്തപുരം നഗരത്തിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങളാണ്.
ഓണം വാരാഘോഷങ്ങളുടെ മുഖ്യ കേന്ദ്രമായ കനകക്കുന്നിന് പുറമെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെ വേദികളിലും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. അയല്‍ജില്ലകളില്‍ നിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമുള്ള സഞ്ചാരികളും തിരുവോണസദ്യയ്ക്ക് ശേഷം ഓണക്കാഴ്ചകള്‍ കാണാന്‍ നഗരത്തിലേക്ക് ഒഴുകിയെത്തി. ജില്ലയിലെ ഏതാണ്ടെല്ലാ കേന്ദ്രങ്ങളും വിനോദ സഞ്ചാരികളെക്കൊണ്ട് നിറഞ്ഞു. തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് ക്രമീകരണങ്ങള്‍ എല്ലായിടങ്ങളിലും ഏര്‍പ്പെടുത്തിയിരുന്നു.
നിരവധി പൊലീസ് ഉദ്യോഗസ്ഥരെയാണ് മഫ്തിയിലും യൂണിഫോമിലുമായി നഗരത്തിന്റെ വിവിധയിടങ്ങളില്‍ വിന്യസിച്ചിരിക്കുന്നത്. ഓണം വാരാഘോഷത്തിന്റെ ഭാഗമായി കനകക്കുന്നില്‍ നടക്കുന്ന ട്രേഡ് ഫെയറിലും സര്‍ക്കാര്‍ വകുപ്പുകള്‍ ഒരുക്കിയ എക്സിബിഷനിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. 31 വേദികളിലായി നടന്ന കലാപരിപാടികള്‍ കാണാനും വലിയ തിരക്കായിരുന്നു. നിശാഗന്ധിയിലെ കലാപരിപാടികള്‍ കണ്ട് ഇഷ്ടഭക്ഷണവും കഴിച്ച് നഗരത്തിലെ ദീപാലാങ്കാരവും ലേസര്‍ഷോയും ആസ്വദിച്ചാണ് എല്ലാവരും മടങ്ങിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam