പിതാവ് വളര്‍ത്തിയ മുതലകള്‍ രണ്ടുവയസ്സുകാരിയുടെ ജീവനെടുത്തു; ഞെട്ടിക്കുന്ന ചിത്രങ്ങള്‍

By Web TeamFirst Published Jul 1, 2019, 7:37 PM IST
Highlights

വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനും ഇറച്ചിക്കുമായി പിതാവ് മുതലകളെ വളര്‍ത്തുന്ന കൂട്ടിലേക്ക് അമ്മയുടെ കണ്ണ് തെറ്റിയതോടെയാണ് രണ്ട് വയസ്സുകാരി കയറിയത്

സീയെം റീപ്പ് (കംപോഡിയ): മുതലക്കൂട്ടില്‍ വീണ രണ്ടുവയസ്സുകാരിയെ  രക്ഷിക്കാന്‍ ഇറങ്ങിയ പിതാവിന് ലഭിച്ചത് മകളുടെ തലയുടെ ഭാഗങ്ങള്‍ മാത്രം. റിസോര്‍ട്ടുകള്‍ക്ക് ഏറെ പ്രസിദ്ധമായ കംപോഡിയയിലെ സീയെം റീപ്പിലാണ് സംഭവം. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനും ഇറച്ചിക്കുമായി പിതാവ് മുതലകളെ വളര്‍ത്തുന്ന കൂട്ടിലേക്ക് അമ്മയുടെ കണ്ണ് തെറ്റിയതോടെയാണ് രണ്ട് വയസ്സുകാരി റോം റോത്ത് കയറിയത്. 

കമ്പികള്‍ക്കിടയിലൂടെ കൂട്ടിലേക്ക് നുഴഞ്ഞുകയറിയ റോമിനെ മുതകള്‍ കടിച്ച് കീറുകയായിരുന്നു. രാവിലെ പത്ത് മണിയോടെയാണ് മകളെ കാണാതായതെന്ന് അമ്മ പൊലീസിന് മൊഴി നല്‍കി. ഏറെ നേരത്തെ തിരച്ചിലിന് ശേഷമാണ് വീടിനോട് ചേര്‍ന്നുള്ള മുതലക്കൂട്ടില്‍ മകളുടെ വസ്ത്രങ്ങള്‍ പിതാവിന്‍റെ ശ്രദ്ധയില്‍പ്പെടുന്നത്. ജീവന്‍ പണയം വച്ച് പിതാവ് മുതലക്കൂട്ടില്‍ ഇറങ്ങി തെരഞ്ഞെങ്കിലും ഏറെ വൈകിപ്പോയിരുന്നു. 

രണ്ടുവയസുകാരിയുടെ ശരീരത്തിന്‍റെ ഏതാനും ഭാഗങ്ങളും തലയുമാണ് മുതലക്കൂട്ടില്‍ നിന്ന് പിതാവിന് കണ്ടെത്താന്‍ സാധിച്ചത്. വീടിനോട് ചേര്‍ന്ന് പുതിയതായി നിര്‍മ്മിച്ച കൂടിനുള്ളില്‍ പന്ത്രണ്ടിലധികം മുതലകള്‍ ഉണ്ടെന്ന് പിതാവ് പൊലീസിനോട് വിശദമാക്കി.

മുതലയുടെ ഇറച്ചിയ്ക്കും, തുകലിനുമായാണ് മുതലകളെ സൂക്ഷിച്ചിരുന്നതെന്നും പിതാവ് പറയുന്നു. പുതിയ കൂടിന് വേലി കെട്ടിയിരുന്നുവെന്നും പിതാവ് പറയുന്നു. കുട്ടി അഴികള്‍ക്കിടയിലൂടെ നൂണ്ട് കയറിയതാവാമെന്നാണ് പൊലീസ് നിരീക്ഷണം. രണ്ടാമത്തെ കുഞ്ഞിനെ കുളിപ്പിക്കുന്നതിനായി മാതാവ് മാറിയ സമയത്തിനിടെയാണ് റോം വീടിന് വെളിയിലേക്ക് എത്തിയത്. മകളെ തിരഞ്ഞ് പിതാവ് മുതക്കൂട്ടില്‍ ഇറങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് സംഭവം പുറത്തറിയുന്നത്.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ്  റോമിന്‍റെ രക്ഷിതാക്കളുടെ വിവരങ്ങള്‍ ഇനിയും പുറത്ത് വിട്ടിട്ടില്ല. പൊലീസ് അന്വേഷണത്തിനിടെ റിസോര്‍ട്ടിലെത്തിയ സഞ്ചാരികളില്‍ ഒരാളില്‍ നിന്ന് മുതലകള്‍ കുട്ടിയ്ക്ക് വേണ്ടി പോരടിക്കുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 

click me!