ആളുകളേക്കാൾ കൂടുതൽ, ചെറുദ്വീപിൽ പെറ്റുപെരുകി ആടുകൾ, ശല്യം ഒഴിവാക്കാൻ വേറിട്ട പദ്ധതിയുമായി മേയർ

By Web TeamFirst Published Apr 9, 2024, 2:25 PM IST
Highlights

മലഞ്ചെരുവുകളിൽ നിന്ന് ജനവാസ മേഖലയിലേക്ക് എത്തിയ ഇവ പൂന്തോട്ടങ്ങളും കൃഷികളും വ്യാപകമായാണ് നശിപ്പിക്കുന്നത്.

അലികുഡി: ദ്വീപിൽ ആൾക്കാരേക്കാൾ കൂടുതൽ ആടുകൾ. ശല്യം സഹിക്കാനാവാതെ ആടുകളെ ദത്തെടുക്കാൻ ആളുകളെ ക്ഷണിച്ച് മേയർ. ഇറ്റലിയിലെ സിസിലിക്ക് സമീപമുള്ള അലികുടിയാണ് ആടുകളുടെ ശല്യം കൊണ്ട് പൊറുതി മുട്ടിയിരിക്കുന്നത്. 100പേരാണ് ഈ ചെറു ദ്വീപിലെ വാസികൾ. എന്നാൽ ഈ ദ്വീപിലുള്ളത് 600ലേറെ ആടുകളാണ്. ദ്വീപിലെ ചെറുകുന്നുകളും മലഞ്ചെരുവുകളിലുമായി ജീവിച്ചിരുന്ന ആടുകൾ എണ്ണത്തിൽ കൂടിയതിന് പിന്നാലെ ജനവാസ മേഖലയിലേക്ക് കൂട്ടമായി എത്തുകയാണ്.

ഇതോടെയാണ് ജനങ്ങൾ ഇവയേക്കൊണ്ട് പൊറുതിമുട്ടിയത്. കുന്നിൻ ചെരുവുകളിലെ പുൽമേടുകൾ ആടുകൾ തിന്ന് തീർത്തതോടെ മറ്റ് പാരിസ്ഥിതിക പ്രശ്നങ്ങളും ദ്വീപിനുണ്ട്. മലഞ്ചെരുവുകളിൽ നിന്ന് ജനവാസ മേഖലയിലേക്ക് എത്തിയ ഇവ പൂന്തോട്ടങ്ങളും കൃഷികളും വ്യാപകമായാണ് നശിപ്പിക്കുന്നത്. ഇതോടെയാണ് അലികുഡിയിലെ മേയർ ആടിനെ ദത്തെടുക്കൽ പദ്ധതിയുമായി മുന്നോട്ട് വന്നിട്ടുള്ളത്. ദ്വീപിലെ ക്ഷീര കർഷകർ അടക്കമുള്ളവരെ ലക്ഷ്യമിട്ടാണ് പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. മൃഗാവകാശങ്ങളേക്കുറിച്ച് ബോധ്യമുള്ളതിനാൽ ഒരു മീനിനേ പോലും ഇത്രയും കാലത്തിനിടയിൽ പിടിച്ചിട്ടില്ലെന്നാണ് അലികുഡി മേയർ വിശദമാക്കുന്നത്.

അതിനാലാണ് ആടുകളെ കൊന്ന് പരിഹാരം കാണാൻ മേയർ ശ്രമിക്കാത്തതും. മേയറുടെ ആശയത്തോട് മികച്ച പ്രതികരണമാണ് ദ്വീപ് വാസികളിൽ നിന്ന് ലഭിക്കുന്നതെന്നാണ് മേയർ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചത്. ആടുകളെ ദത്തെടുക്കാൻ ഒരു രൂപ പോലും നൽകേണ്ടതില്ലെന്നതാണ് പദ്ധതിയുടെ ഹൈലൈറ്റ്. സാധാരണ ഗതിയിൽ ഒരു ആടിനെ വാങ്ങാൻ 200 യൂറോ മുതൽ ചെലവിടേണ്ടി വരുന്ന സാഹചര്യത്തിലാണ് ഇത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!