'ഇറ്റലിയിലെ റോബിന്‍സണ്‍ ക്രൂസോ'യെ ഏകനായി ജീവിച്ച ദ്വീപില്‍ നിന്നും കുടിയിറക്കി.!

Web Desk   | Asianet News
Published : May 03, 2021, 09:31 AM IST
'ഇറ്റലിയിലെ റോബിന്‍സണ്‍ ക്രൂസോ'യെ ഏകനായി ജീവിച്ച ദ്വീപില്‍ നിന്നും കുടിയിറക്കി.!

Synopsis

1989 മുതല്‍ ദ്വീപില്‍ താമസിക്കുന്ന 81 കാരന്‍ ഞായറാഴ്ച തന്റെ ഫേസ്ബുക്ക് പേജിലെ സന്ദേശത്തിലൂടെയാണ് ദ്വീപില്‍ നിന്നും വിട്ടു പോകുന്നതായി അറിയിച്ചത്. ഇറ്റലിയില്‍ നിന്ന് പോളിനേഷ്യയിലേക്ക് പോകാന്‍ കപ്പല്‍ കയറുന്നതിനിടെയാണ് ഈ മുന്‍ അധ്യാപകന്‍ അതിശയകരമായ ഈ ദ്വീപിനെക്കുറിച്ച് അറിഞ്ഞത്.

30 വര്‍ഷത്തിലേറെ ഒരു ദ്വീപില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു ഇദ്ദേഹം. ഓര്‍ത്തു നോക്കൂ, മറ്റൊരു മനുഷ്യജീവിയുമായി പോലും സമ്പര്‍ക്കമില്ലാതെ. ഇരവും പകലും ഒറ്റയ്ക്ക് ജീവിക്കുന്ന ഏകാന്ത മനുഷ്യന്‍. മൗറോ മൊറാണ്ടി എന്നാണ് ഇദ്ദേഹത്തിന്റെ പേര്. ഇറ്റലിയിലെ സാര്‍ഡിനിയ തീരത്ത് സ്ഥിതിചെയ്യുന്ന ബുഡെല്ലി എന്ന ദ്വീപിലെ ഏക താമസക്കാരനായിരുന്നു ഇദ്ദേഹം. ഇയാളുടെ തനിച്ചുള്ള ജീവിതത്തെക്കുറിച്ച് പുറം ലോകത്തിനറിയാം. പക്ഷേ, എത്ര നിര്‍ബന്ധിച്ചിട്ടും ഇവിടെ നിന്നും താമസം മാറ്റാന്‍ അദ്ദേഹം ഒരുക്കമല്ലായിരുന്നു. പ്രകൃതിയെ വല്ലാതെ പ്രണയിക്കുന്ന, ജീവിതത്തില്‍ തനിച്ച് ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന, ഒന്നിനെയും പേടിയില്ലാത്ത ഇറ്റലിയിലെ റോബിന്‍സണ്‍ ക്രൂസോ എന്നാണ് മൗറോ മൊറാണ്ടി അറിയപ്പെടുന്നത്. കുടിയൊഴിപ്പിക്കുമെന്ന് പ്രാദേശിക അധികാരികള്‍ നിരന്തരം ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് മൗറോ മൊറാണ്ടി ബുഡെല്ലി ദ്വീപിലെ തന്റെ ചെറിയ കുടിലില്‍ നിന്നും ഒടുവില്‍ വിടവാങ്ങുകയാണ്. മൂന്നു പതിറ്റാണ്ടുകളോളം ദ്വീപിന്റെ സംരക്ഷകനായി നില കൊണ്ട ഇദ്ദേഹം ഇവിടേക്ക് സഞ്ചാരികളെ പോലും വരാന്‍ അനുവദിച്ചിരുന്നില്ലത്രേ.

1989 മുതല്‍ ദ്വീപില്‍ താമസിക്കുന്ന 81 കാരന്‍ ഞായറാഴ്ച തന്റെ ഫേസ്ബുക്ക് പേജിലെ സന്ദേശത്തിലൂടെയാണ് ദ്വീപില്‍ നിന്നും വിട്ടു പോകുന്നതായി അറിയിച്ചത്. ഇറ്റലിയില്‍ നിന്ന് പോളിനേഷ്യയിലേക്ക് പോകാന്‍ കപ്പല്‍ കയറുന്നതിനിടെയാണ് ഈ മുന്‍ അധ്യാപകന്‍ അതിശയകരമായ ഈ ദ്വീപിനെക്കുറിച്ച് അറിഞ്ഞത്. തുടര്‍ന്ന്, ഇവിടെ താമസിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇയാള്‍ അവിടെയെത്തുമ്പോള്‍ ദ്വീപില്‍ ഒരു സംരക്ഷനുണ്ടായിരുന്നു. എന്നാല്‍ കുറച്ച് കാലത്തിന് ശേഷം ദ്വീപിന്റെ മുന്‍ പരിപാലകനില്‍ നിന്ന് മൗറോ മൊറാണ്ടി ചുമതലയേറ്റു. എന്നാല്‍, 2015 ല്‍ ലാ മഡലീന നാഷണല്‍ പാര്‍ക്ക് ബുഡെല്ലിയുടെ ഉടമസ്ഥാവകാശം ഏറ്റെടുത്തപ്പോള്‍ കെയര്‍ ടേക്കര്‍ എന്ന ജോലി മൗറോയ്ക്ക് നഷ്ടമായി.

മൊറാന്‍ഡിക്ക് അവിടെ താമസിക്കാന്‍ നിയമപരമായ അവകാശമില്ലെന്ന് പറയുന്ന ഉദ്യോഗസ്ഥരുമായി അദ്ദേഹം നിരന്തരം വഴക്കിടുകയും തന്റെ വീടിനെ പരിസ്ഥിതി നിരീക്ഷണ കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതികള്‍ക്കെതിരെ പോരാടുകയും ചെയ്തു. 'ഇവിടെ തുടരാന്‍ എനിക്ക് കഴിയുന്നതെല്ലാം ചെയ്യാന്‍ ഞാന്‍ തയ്യാറാണ്, അതിനര്‍ത്ഥം അവര്‍ എന്നെ വലിച്ചിഴയ്‌ക്കേണ്ടിവരുമെന്നാണ്', കഴിഞ്ഞ വര്‍ഷം അദ്ദേഹം പറഞ്ഞു. 'ഇവിടം വിട്ടാല്‍ മറ്റെവിടെയാണ് പോകേണ്ടതെന്ന് എനിക്കറിയില്ല, തീര്‍ച്ചയായും എന്റെ ജീവിതമിതാണ്.'

32 വര്‍ഷമായി താന്‍ ഇത്ര കഠിനമായി സംരക്ഷിക്കപ്പെടുന്ന സ്ഥലത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെന്നും മൊറാണ്ടി സമ്മതിച്ചു.
'കഴിഞ്ഞ ദിവസം, പിങ്ക് ബീച്ചില്‍ അതിക്രമിച്ചു കടന്ന രണ്ട് വിനോദ സഞ്ചാരികളെ ഞാന്‍ ഓടിച്ചു,' അദ്ദേഹം പറഞ്ഞു. 'ഞാന്‍ മണലില്‍ നിന്ന് മാലിന്യങ്ങള്‍ വൃത്തിയാക്കുന്നു, നുഴഞ്ഞുകയറ്റക്കാര്‍ രാത്രിയില്‍ അപകടമുണ്ടാക്കാന്‍ ഇവിടെ വരുന്നത് തടയുന്നു. സത്യം, ഇതുവരെ ഞാന്‍ മാത്രമാണ് ബുഡെല്ലിയെ പരിപാലിച്ചത്, പാര്‍ക്ക് അധികൃതര്‍ ചെയ്യേണ്ട നിരീക്ഷണ ചുമതല നിര്‍വഹിച്ചത് ഞാനാണ്'.

അദ്ദേഹത്തിന് അഭ്യുദയകാംക്ഷികളില്‍ നിന്ന് ധാരാളം പിന്തുണ ലഭിക്കുകയും ദ്വീപില്‍ അദ്ദേഹത്തെ നിലനിര്‍ത്താനുള്ള ഒരു ഓണ്‍ലൈന്‍ അപേക്ഷ 70,000 പേര്‍ ഒപ്പിടുകയും ചെയ്തു. 2020 ജനുവരിയില്‍ ലാ മഡലീന പാര്‍ക്ക് പ്രസിഡന്റ് ഫാബ്രിസിയോ ഫോണെസു പറഞ്ഞു, 'പാര്‍ക്കിനുള്ളിലെ എല്ലാ അനധികൃത നിര്‍മാണങ്ങള്‍ക്കും എതിരെ ഇടപെടുകയെന്നത് നിയമമാണ്. ഇവിടെയുള്ള മൗറോയുടെ കുടിലുകള്‍ ഉള്‍പ്പെടെ ഇല്ലാതാക്കേണ്ടി വരും. എന്നാല്‍, അദ്ദേഹത്തെ അവിടെ നിന്നും ഓടിക്കാന്‍ ആരും ആഗ്രഹിക്കുന്നില്ല, പക്ഷേ ദ്വീപ് ഇപ്പോള്‍ സ്വകാര്യമല്ലാത്തതിനാല്‍ അദ്ദേഹത്തിന് എന്ത് പദവി നല്‍കണം? അതാണ് പ്രശ്‌നം.' ഫോണസു പറഞ്ഞു. 'ഭാവിയില്‍ ഒരു കെയര്‍ ടേക്കര്‍ ആവശ്യമുണ്ടെങ്കില്‍, ഞങ്ങള്‍ക്ക് അദ്ദേഹത്തിന്റെ സ്ഥാനം പുനര്‍വിചിന്തനം ചെയ്യാന്‍ കഴിയും, എന്നാല്‍ പ്രവൃത്തികള്‍ ആരംഭിക്കുമ്പോള്‍ അദ്ദേഹം പോകണം.' പാര്‍ക്കിന്റെ മുന്‍ രക്ഷാധികാരി ഏറ്റെടുത്ത പ്രധാന പങ്ക്' തിരിച്ചറിഞ്ഞുകൊണ്ട്, മൊറാന്‍ഡിയെ 'സുരക്ഷാ കാരണങ്ങളാല്‍' നീക്കിയതായും അതുപോലെ തന്നെ പ്രവൃത്തികള്‍ നടത്താന്‍ അനുവദിച്ചതായും പാര്‍ക്കില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി
വിദ്യാര്‍ത്ഥികൾ ഇത് കണ്ടാൽ പിന്നെ വിടില്ല! കണക്കിലെ ചോദ്യത്തിന് എഐ ടൂൾ നൽകിയ ഉത്തരം കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ