
തിരുവനന്തപുരം: സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ച് വിശദീകരിച്ച് നടനും എംഎൽഎയുമായ കെബി ഗണേഷ് കുമാർ. ക്ലാസ്സിലെ ബെഞ്ചിലും ഡെസ്ക്കിലും കുത്തിവരഞ്ഞിടുകയോ പേരെഴുതുകയോ ചെയ്യരുതെന്ന് വിദ്യാർഥികളോട് എംഎൽഎ നിർദ്ദേശിച്ചു. ഇതിനിടെ സ്കൂളിന്റെ ചുമരിൽ 'റോക്കി' എന്നെഴുതിയ വിദ്യാർഥിയെ കയ്യോടെ പിടിച്ച് അദ്ദേഹം ശാസിച്ചു. സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ അധ്യാപകർക്കും ജീവനക്കാർക്കുമെതിരെ കർശന നടപടി എടുക്കമെന്നും ഗണേഷ് കുമാർ താക്കീത് നൽകി. സ്കൂളിൽ ഉദ്ഘാടകനായി എത്തിയപ്പോഴുള്ള അദ്ദേഹത്തിന്റെ വാക്കുകൾ ഇരുകയ്യുംനീട്ടിയാണ് വിദ്യാർഥികൾ സ്വീകരിച്ചത്.
ഗണേഷ് കുമാറിന്റെ പ്രസംഗത്തിന്റെ പൂർണ്ണരൂപം:
ഇവിടെ വന്നപ്പോഴാണ് സ്കൂൾ കെട്ടിടം വൃത്തികേടാക്കി ഇട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. അതുമാത്രമല്ല തൂണിൽ റോക്കി എന്ന് ചോക്ക് കൊണ്ട് എഴുതി വച്ചിരിക്കുന്നു. അതെഴുതിയവൻ ഇക്കൂട്ടത്തിലുണ്ട്, ആ മാന്യൻ ഒന്നെഴുന്നേക്കാമോ?. ഒന്ന് അഭിനന്ദിക്കാനാണ്. നിന്നെ വേദിയിൽ കൊണ്ടുവന്ന് അഭിനന്ദിച്ചില്ലെങ്കിൽ മോശമല്ലേ. എല്ലാവരും ഒന്നുകാണട്ടെ. അങ്കിളും ഒന്നുകാണട്ടെ.
ജീവിക്കുന്ന സ്ഥലം പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് ഓരോത്തരുടെയും ചുമതലയാണ്. റോക്കി എന്ന് എഴുതിയത് ആരായാലും ഞാൻ ഇവിടെ നിന്ന് പോയ ശേഷം കുറച്ച് വെള്ളം കൊണ്ടുവന്ന് അത് മായ്ച്ച് കളഞ്ഞാൽ നീ മിടുക്കനാണെന്ന് ഞാൻ പറയും. ഇല്ലെങ്കിൽ ഈ കയ്യടിച്ചത് നിന്നെ നാണം കെടുത്താനാണെന്ന് ഓർക്കണം. പുതിയ ബെഞ്ചും ഡെസ്ക്കുമെല്ലാം കൊണ്ടുവന്നിട്ടുണ്ട്. അത് നിങ്ങൾക്ക് മാത്രമുള്ളതല്ല ഇനി വരുന്ന കുട്ടികൾക്കും കൂടിയുള്ളതാണ്. അതിലും കോമ്പസ് കൊണ്ട് പേരെഴുതി വൃത്തിക്കേടാക്കാരുത്.
ഇവിടുത്തെ പ്രിൻസിപ്പലിനോടും ടീച്ചറോടും പിടിഎ പ്രസിഡന്റിനോടും പറയുകയാണ്. ഒരാഴ്ചക്കുള്ളിൽ ഞാൻ ഒന്നുകൂടി വരും. ഈ സ്കൂളിന്റെ പരിസരം വൃത്തിയാക്കാൻ ഇവിടുത്തെ ജീവനക്കാർ തയാറായില്ലെങ്കിൽ, താൽക്കാലിക ജീവനക്കാരാണ് അവരെങ്കിൽ പരിച്ചുവിട്ടിരിക്കും. അല്ലെങ്കിൽ സ്ഥലം മാറ്റും. അപ്പോൾ അറിയാം ഗണേഷ് കുമാറിന്റെ സ്വാധീനം എങ്ങനെയുണ്ട്. ഒരു സംശയവും വേണ്ട ഞാൻ മാറ്റിക്കും. ആര് എതിർത്താലും ഞാൻ മാറ്റിക്കും’ അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam