പാലായില്‍ തമ്മിലടിച്ചവര്‍; ദുബായില്‍ ഭായി ഭായി; വൈറലായി ചിത്രം

Published : Oct 01, 2019, 11:49 AM ISTUpdated : Oct 01, 2019, 01:07 PM IST
പാലായില്‍ തമ്മിലടിച്ചവര്‍; ദുബായില്‍ ഭായി ഭായി; വൈറലായി ചിത്രം

Synopsis

ജോസ് കെ മാണിയും പിജെ ജോസഫും അടക്കമുളള യുഡിഎഫ് നേതാക്കള്‍ ഒരുമിച്ച് ചിരിച്ചു നില്‍ക്കുന്ന ദുബായില്‍ എടുത്ത ഒരു ഗ്രൂപ്പ് ഫോട്ടോ  സോഷ്യല്‍ മീഡിയയില്‍  വൈറലാവുകയാണ്. 

ദുബായ്: പതിറ്റാണ്ടുകളുടെ ആധിപത്യത്തിന് ശേഷം കേരള കോണ്‍ഗ്രസിന്‍റെ കൈയ്യില്‍ നിന്നും പാല സീറ്റ് നഷ്ടപ്പെട്ടത് സംബന്ധിച്ച ചര്‍ച്ചകള്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ ഇപ്പോഴും നടക്കുന്നുണ്ട്. പിജെ ജോസഫും ജോസ് കെ മാണിയും തമ്മിലുള്ള രാഷ്ട്രീയ പോരാണ് യുഡിഎഫിന് ഒരു സീറ്റ് നഷ്ടപ്പെടാന്‍ ഇടയാക്കിയത് എന്നാണ് വിലയിരുത്തലുകളില്‍ പ്രധാനം. എന്നാല്‍ പാലായില്‍ ചെല്ലുമ്പോള്‍ പരസ്പരം കടിച്ചു കീറുന്ന പിജെ ജോസഫും ജോസ് കെ മാണിയും കേരളം വിട്ടാല്‍ പിന്നെ എങ്ങനെയാണ്. സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ് ഒരു ചിത്രം.

ജോസ് കെ മാണിയും പിജെ ജോസഫും അടക്കമുളള യുഡിഎഫ് നേതാക്കള്‍ ഒരുമിച്ച് ചിരിച്ചു നില്‍ക്കുന്ന ദുബായില്‍ എടുത്ത ഒരു ഗ്രൂപ്പ് ഫോട്ടോ  സോഷ്യല്‍ മീഡിയയില്‍  വൈറലാവുകയാണ്. ശത്രുതയെല്ലാം പഴങ്കഥയെന്ന പോലെ നേതാക്കള്‍ ചിരിച്ച് കൊണ്ടാണ് ഫോട്ടോയില്‍ പോസ് ചെയ്തിരിക്കുന്നത്. പാലാ ഉപതെരഞ്ഞെടുപ്പിലെ ഫലങ്ങള്‍ പുറത്തു വന്നതിന് ശേഷമുള്ള ഫോട്ടോയാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച രാവിലെ ദുബായ് വിമാനത്താവളത്തില്‍ നിന്ന് പകര്‍ത്തിയതാണ് എന്നാണ് വാര്‍ത്തകള്‍ പറയുന്നത്.

ജോസ് കെ മാണിയേയും പിജെ ജോസഫിനേയും കൂടാതെ കോണ്‍ഗ്രസ് എംപി ഡീന്‍ കുര്യാക്കോസ്, കേരള കോണ്‍ഗ്രസ് എംപി തോമസ് ചാഴിക്കാടന്‍, ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ നേതാവ് ഫ്രാന്‍സിസ് ജോര്‍ജും ചിത്രത്തിലുണ്ട്. 

കഴിഞ്ഞയാഴ്ച വരെ പരസ്പരം ശത്രുക്കളായിരുന്ന നേതാക്കളാണ് കേരളാ കോണ്‍ഗ്രസിലെ  ജോസ് കെ മാണിയും പിജെ ജോസഫും. കേരള കോണ്‍ഗ്രസില്‍ ഉടക്കി ഇടതുപക്ഷത്തേക്ക് ചാഞ്ഞ ഫ്രാന്‍സിസ് ജോര്‍ജ്ജിന്‍റെ  ജനാധിപത്യ കേരള കോണ്‍ഗ്രസ് കേരളാ കോണ്‍ഗ്രസുമായി ശത്രുതയിലുമാണ്.

തമ്മില്‍ കടിച്ച് കീറുന്ന മുന്ന് നേതാക്കള്‍ക്കൊപ്പം കോണ്‍ഗ്രസിന്‍റെ ഡീന്‍ കുര്യാക്കോസും ചിത്രത്തിലുണ്ട്. കത്തോലിക്ക കോണ്‍ഗ്രസിന്റെ 101ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന ആഗോള സമ്മേളനത്തിനാണ് നേതാക്കള്‍ ദുബായിലെത്തിയത്. യുഡിഎഫ് നേതാക്കള്‍ക്ക് ദുബായിലെ യുഡിഎഫ് കമ്മിറ്റി വിമാനത്താവളത്തില്‍ വെച്ച് നല്‍കിയ സ്വീകരണത്തിനിടെയാണ് ഫോട്ടോ പകര്‍ത്തിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ
"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി