ഈ പോസ്റ്ററുകള്‍ കേരള പൊലീസിന്റേതല്ല, വിശദീകരണവുമായി ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജ്

By Web TeamFirst Published Jul 27, 2020, 11:26 PM IST
Highlights

''പോസ്റ്ററില്‍ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായ രീതിയില്‍ മാസ്‌ക് ധരിച്ചിരിക്കുന്നതിനെ വിമര്‍ശിച്ചുകൊണ്ട് ഔദ്യോഗിക പോസ്റ്റര്‍ എന്ന രീതിയില്‍ പ്രചരിപ്പിച്ച് ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്...''

തിരുവനന്തപുരം: കേരള പൊലീസിന്റേതെന്ന പേരില്‍ പ്രചരിക്കുന്ന പോസ്റ്ററുകള്‍ കേരള പൊലീസ് തയ്യാറാക്കിയതല്ലെന്ന് കേരള പൊലീസ് ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജ്. ഒരു സ്വകാര്യ ഓണ്‍ലൈന്‍ മീഡിയയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണിതെന്നും വിശദീകരണത്തില്‍ പറയുന്നു. 

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ രൂപീകരിച്ച ബ്രെയ്ക്ക് ദ ചെയ്ന്‍ ക്യാമ്പെയ്‌നിന്റെ ഭാഗമായി കേരള പൊലീസ് തയ്യറാക്കിയ പോസ്റ്ററുകള്‍ എന്ന തരത്തില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ കേരള പൊലീസ് തയ്യാറാക്കിയതല്ല. 

പോസ്റ്ററില്‍ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായ രീതിയില്‍ മാസ്‌ക് ധരിച്ചിരിക്കുന്നതിനെ വിമര്‍ശിച്ചുകൊണ്ട് ഔദ്യോഗിക പോസ്റ്റര്‍ എന്ന രീതിയില്‍ പ്രചരിപ്പിച്ച് ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

മലപ്പുറത്തുള്ള ഓസ്‌കാര്‍ ഫ്രെയിംസ് എന്ന ഓണ്‍ലൈന്‍ ഫോട്ടോഗ്രാഫിക് മീഡിയ ഫോട്ടോഷൂട്ടിന്റെ ഭാഗമായി എടുത്ത ചിത്രങ്ങളാണിത്. കൊവിഡ് വ്യാപനത്തിന്റെ തുടക്കകാലത്ത് (ഏപ്രില്‍ മാസം) നടത്തിയ ഫോട്ടോ ഷൂട്ടാണ്. ഈ ചിത്രങ്ങള്‍ അവരുടെ ഫേസ്ബുക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ മാസങ്ങള്‍ക്കു ശേഷമാണ് ഇത്തരത്തില്‍ പ്രചാരം നേടിയതെന്നും ഓണ്‍ലൈന്‍ മീഡിയ വിശദീകരിച്ചതായും കേരള പൊലീസ് വ്യക്തമാക്കുന്നു. 

click me!