'നന്മയുള്ള കേരളം'; അമ്മയുടെ ശസ്ത്രക്രിയ നടത്താനായി നെഞ്ചുപൊട്ടി കരഞ്ഞ മകള്‍ക്ക് സഹായപ്രവാഹം

By Web TeamFirst Published Jun 25, 2020, 3:07 PM IST
Highlights

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് രാധയുടെ ചികിത്സ നടക്കുന്നത്. മൂന്ന് ദിവസത്തിനുള്ളില്‍ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു മകള്‍ വര്‍ഷ.

കണ്ണൂര്‍: അമ്മയുടെ ജീവന്‍ രക്ഷിക്കാനുള്ള ശസ്ത്രക്രിയ നടത്താനായി നെഞ്ചുപൊട്ടി കരഞ്ഞു കൊണ്ട് സഹായം തേടിയ മകളെ ചേര്‍ത്ത് പിടിച്ച് മലയാളികള്‍. തളിപ്പറമ്പ് കാക്കത്തോട് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന വര്‍ഷയാണ് അമ്മ രാധയുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനായി സഹായം അഭ്യര്‍ത്ഥിച്ചത്.

വര്‍ഷയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ഒരുപാട് പേരിലേക്ക് അതിവേഗം പ്രചരിച്ചെത്തുകയും ചെയ്തു. ഇതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ ഏകദേശം 60 ലക്ഷം രൂപയാണ് വര്‍ഷയുടെ അക്കൗണ്ടിലേക്ക് എത്തിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് രാധയുടെ ചികിത്സ നടക്കുന്നത്.

മൂന്ന് ദിവസത്തിനുള്ളില്‍ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു മകള്‍ വര്‍ഷ. ‍അച്ഛനെ നേരത്തെ നഷ്ടപ്പെട്ട വര്‍ഷ ഇന്നലെ സുമനസുകളുടെ കാരുണ്യം തേടുകയായിരുന്നു. 

10,000 രൂപയുമായി കൊച്ചിയില്‍ ചികിത്സയ്ക്ക് എത്തിയതാണെന്നും ഒരുപാട് പേര്‍ സഹായിച്ചാണ് ഇതുവരെ ഒരുലക്ഷത്തോളം രൂപ അടയ്ക്കാനായതെന്നുമാണ് വര്‍ഷ വീഡിയോയില്‍ പറഞ്ഞത്. വര്‍ഷയുടെ വേദന മനസിലാക്കി നിരവധി പേരാണ് സഹായിക്കാനെത്തിയത്. സാമൂഹ്യ പ്രവര്‍ത്തകനായ സാജന്‍ കേച്ചേരിയാണ് വീഡിയോ ആദ്യം പങ്കുവെച്ചത്. ഇത്രയധികം സഹായം ലഭിച്ച കാര്യം വര്‍ഷ പറയുന്നതിന്‍റെ വീഡിയോയും സാജന്‍ കേച്ചേരി പങ്കുവെച്ചിട്ടുണ്ട്.

click me!