
പെനിസില്‍വാനിയ: മലകയറാനുള്ള പരിശീലനം തുണയായി, ജയിലിലെ വന്‍ മതില്‍ പുഷ്പം പോലെ കയറി രക്ഷപ്പെട്ട് കൊലക്കേസിലെ പ്രതിയായ യുവാവ്. പെനിസില്‍വാനിയയിലെ ജയിലിലെ വന്‍ മതിലാണ് കൊലപാതകക്കേസ് പ്രതി നിസാരമായി മറികടന്നത്. ഞണ്ട് നടക്കുന്നതിന് സമാനമായ രീതിയിലുള്ള നീക്കത്തിലാണ് 34കാരനായ ഡാനിയേലോ കാവല്‍കാന്റേ എന്ന കുറ്റവാളി ജയില്‍ ചാടാനായി പ്രയോഗിച്ചത്. അഞ്ചടിയിലേറെ ഉയരമുള്ള മതിലാണ് മലകയറാനുള്ള പരിശീലനത്തിലെ ടെക്നിക്കുകള്‍ ഉപയോഗിച്ച് യുവാവ് മറികടന്നത്.
ഇത്തരത്തില്‍ ഈ മതില്‍ ചാടി ഈ വര്‍ഷം രക്ഷപ്പെടുന്ന രണ്ടാമത്തെ ആള്‍ കൂടിയാണ് ഡിനിയേലോ. ഈ വര്‍ഷം ആദ്യം ഒരാള്‍ രക്ഷപ്പെട്ടതിന് പിന്നാലെ സിസിടിവികളുടെ നിരീക്ഷണം ജയിലില്‍ ശക്തമാക്കിയിരുന്നു. ഇതിന് പുറമേ റേസര്‍ വയര്‍ ഉപയോഗിച്ച് മതിലില്‍ വേലി തീര്‍ത്തിരുന്നെങ്കിലും ഇതിനെ നിഷ്പ്രഭമാക്കിയായിരുന്നു ജയില്‍ ചാട്ടം. മെയ് മാസമാണ് ഇതിന് മുന്‍പ് ഇവിടെ നിന്ന് തടവുപുള്ളി ജയില്‍ ചാടിയത്. ഇതിന് പിന്നാലെയാണ് മതിലില്‍ മുള്ളുവേലിക്ക് സമാനമായ കമ്പികൊണ്ട് സുരക്ഷാ വലയമൊരുക്കിയത്. എന്നാല്‍ ഈ സുരക്ഷാ വലയത്തിനുള്ളിലൂടെ ഞണ്ട് നിരങ്ങുന്നത് പോലെ വശങ്ങളിലേക്ക് നീങ്ങിയാണ് ഡാനിയേലോ രക്ഷപ്പെട്ടത്. കൈകള്‍ ഒരു മതിലിലും കാലുകള്‍ മറുവശത്തെ മതിലിലുമായി സ്ഥാപിച്ച് വശങ്ങളിലേക്ക് നീങ്ങിക്കൊണ്ടായിരുന്നു ഇയാള്‍ സുരക്ഷാ വലയം ഭേദിച്ചത്.
ജയിലിന്‍റെ ടെറസിന് മുകളിലെത്തിയ ശേഷം സുരക്ഷാ ഉദ്യോഗസ്ഥര്‍ കുറവുള്ള ഭാഗത്ത് കൂടെ ഗോവണി ഉപയോഗിച്ച് യുവാവ് ഇറങ്ങി പോയിയെന്നാണ് സിസിടിവി ദൃശ്യങ്ങളെ അടിസ്ഥാനമാക്കി പൊലീസ് പറയുന്നത്. റേസര്‍ വയറുകളെ മറി കടക്കാന്‍ ഇത്തരം വിദ്യകള്‍ ആരെങ്കിലും പ്രയോഗിക്കുമെന്ന് കരുതിയില്ലെന്നാണ് സുരക്ഷാ വീഴ്ചയേക്കുറിച്ച് ജയില്‍ അധികൃതര്‍ വിശദമാക്കുന്നത്. വാച്ച് ടവറിലെ ഉദ്യോഗസ്ഥന്‍ ഡ്യൂട്ടി മാറുന്ന സമയം കണക്കാക്കിയായിരുന്നു സാഹസികമായ രക്ഷപെടല്‍. വ്യാപകമായ രീതിയില്‍ തെരച്ചില്‍ നടത്തിയിട്ടും 34കാരനെ ഇനിയും കണ്ടെത്താനായിട്ടില്ല. അതേസമയം സിടിവികളില്‍ തടവു പുള്ളിയുടെ ദൃശ്യങ്ങള്‍ കണ്ടിട്ടും കൃത്യ സമയത്ത് നടപടി സ്വീകരിക്കാത്ത ഡ്യൂട്ടി ഉദ്യോഗസ്ഥര്ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. രക്ഷപ്പെട്ട യുവാവിന്റെ പക്കല്‍ ആയുധം ഉണ്ടോയെന്ന കാര്യത്തിലും പൊലീസിന് സംശയമുണ്ട്.
പുറമേ നിന്നുള്ളവരുടെ സഹായം രക്ഷപ്പെടലിന് ലഭിച്ചോയെന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്. വന്‍ പാരിതോഷികമാണ് ഇയാളേക്കുറിച്ച് സൂചനകള്‍ നല്‍കുന്നവര്‍ക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. ബ്രസീലിലാണ് യുവാവിന്‍റെ അമ്മ താമസിക്കുന്നത്. രണ്ട് പിഞ്ചുകുട്ടികളുടെ മുന്നില്‍ വച്ച് മുന്‍ കാമുകിയെ അതിക്രൂരമായി കൊലപ്പെടുത്തിയതിനാണ് ജീവപരന്ത്യം ശിക്ഷ ലഭിച്ച പ്രതിയാണ് രക്ഷപ്പെട്ടിരിക്കുന്നത്. 2021 ഏപ്രിലിലായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam