'ചൈനയിലുള്ള സുഹൃത്തിനെ രക്ഷിക്കണം ടീച്ചറമ്മേ', യുവതിയുടെ മെസേജ്, മിനിറ്റുകള്‍ക്കുള്ളില്‍ ഇടപെട്ട് മന്ത്രി

By Web TeamFirst Published Feb 4, 2020, 3:18 PM IST
Highlights

ചൈനയിലുള്ള സുഹൃത്ത് ഒറ്റയ്ക്കാണെന്നും തിരികെ നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നുമഭ്യര്‍ത്ഥിച്ച് ഫേസ്ബുക്കില്‍ പേജില്‍ നല്‍കിയ മെസേജിന് മിനിറ്റുകള്‍ക്കുള്ളില്‍ മന്ത്രി മറുപടി നല്‍കി.

ചൈനയില്‍ നിന്നും ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് കൊറോണ പടര്‍ന്നതിന്‍റെ ഭീതിയിലാണ് ലോകം. ഇന്ത്യയില്‍ ആദ്യം കൊറോണ റിപ്പോര്‍ട്ട് ചെയ്തതത് കേരളത്തിലാണ്. കൊറോണയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച്  നിപ്പയ്ക്ക് പിന്നാലെ വന്ന വൈറസ് ബാധയെ നേരിടാന്‍ ക്രിയാത്മകമായ ഇടപെടലുമായി നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് മന്ത്രി കെകെ ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ്.

രാഷ്ട്രീയ വിത്യാസമില്ലാതെ ശൈലജ ടീച്ചറുടെ പ്രവര്‍ത്തനത്തെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രശംസിക്കുകയാണ്. ഇതിനിടെ സഹായമാവശ്യപ്പെട്ടുകൊണ്ടുള്ള മെസേജിന് മന്ത്രി നല്‍കിയ മറുപടി ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പിനും മന്ത്രിക്കും നന്ദി അറിയിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. 

ചൈനയിലുള്ള സുഹൃത്ത് ഒറ്റയ്ക്കാണെന്നും തിരികെ നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നുമഭ്യര്‍ത്ഥിച്ച് ഫേസ്ബുക്കില്‍ പേജില്‍ നല്‍കിയ മെസേജിന് മിനിറ്റുകള്‍ക്കുള്ളില്‍ മന്ത്രി മറുപടി നല്‍കിയെന്ന യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് വൈറലായിരിക്കുന്നത്. കോലഞ്ചേരി സ്വദേശിയായ ഗീതു ഉല്ലാസ് എന്ന യുവതിയാണ് മന്ത്രിയോട് സഹായം അഭ്യര്‍ത്ഥിച്ചത്.  സഹായം തേടി മിനിറ്റുകള്‍ക്കുള്ളില്‍ മന്ത്രി ചൈനയിലുള്ള സുഹൃത്തിന്‍റെ നമ്പര്‍ തേടി. ഇക്കാര്യം പങ്കുവച്ചായിരുന്നു ഗീതുവിന്‍റെ പോസ്റ്റ്. 'നമ്മുടെ ആരോഗ്യവകുപ്പ് എത്രത്തോളം കരുതിയിരിക്കുന്നു എന്നതിന് ഒരു ഉദാഹരണം പറയാം... ശൈലജ ടീച്ചറിന്റെ ഫേസ്ബുക് അക്കൗണ്ടിൽ ഞാൻ അയച്ച മെസ്സേജ് ആണ്... ഒരു മിനിട്ടിന് ഉള്ളിൽ തന്നെ മറുപടി വന്നു... ഈ കരുതലിന് ഒരുപാട് നന്ദി... ഹൃദയത്തിൽ നിന്ന്'. ഗീതു ഫേസ്ബുക്കില്‍ കുറിച്ചു.

പിന്നീട്  മന്ത്രിയുടെ അടിയന്തിര ഇടപെടലിനെ തുടർന്ന് എന്റെ സുഹൃത്തിനെ നോർക്ക സി ഇ ഓ  ഹരികൃഷ്ണൻ നമ്പൂതിരി നേരിട്ട് വിളിക്കുകയും എംബസി വഴിയുള്ള കാര്യങ്ങൾ വേഗത്തിൽ ആക്കുന്നതിനുള്ള നിർദേശങ്ങൾ കൊടുത്തിട്ടുണ്ടെന്ന് അറിയിക്കുകയും ചെയ്തുവെന്നും ഗീതു പറയുന്നു. 
 

click me!