
മലയാളികൾക്ക് ആഘോഷങ്ങൾക്കെല്ലാം ഗൃഹാതുരമായ ഒരു ചേലുണ്ട്. അത് ഓണമോ ക്രിസ്മസോ പെരുന്നാളോ വിവാഹമോ എന്തുമാകട്ടെ... ഹൃദയങ്ങൾക്ക് തണുപ്പേകുന്ന ഒരു നനുത്ത നാടൻ ടച്ച്, അതാവാം ഒരുപക്ഷെ ഈ വീഡിയോയുടെയും ആത്മാവ്. ഒരു വിവാഹ വീഡിയോ, എന്നാൽ അതിൽ വിവാഹ ചടങ്ങുകളോ, വധൂവരൻമാരോ ഒന്നുമില്ല. വിവാഹ തലേന്ന് സൽക്കാര പന്തലിൽ വിളമ്പുകാരായ ഒരു കൂട്ടത്തിന്റെ താളം പിടിക്കലാണ്. അതിന്, ആ വീഡിയോക്ക് ആസ്വാദന കുറിപ്പെഴുതി, കൊച്ചു സിനിമ പോലെ ഏറ്റെടുത്തിരിക്കുകയാണ് കേരളം മുഴുവനും.
കണ്ണൂരിലെ കല്യാണത്തലേന്ന് പ്ലേറ്റിൽ നിറച്ചുവച്ച ബിരിയാണി ചോറു കാണാം വീഡിയോയിൽ. ആൾത്തിരക്കൊഴിഞ്ഞ് ഗാനമേള ചുവടുകളിലേക്ക് ആഘോഷം മാറിയിരുന്നു. വൈകിയെത്തിയവർക്കും വിളമ്പുകാർക്കും ബിരിയാണി വിളമ്പുന്നവരുടെ ചെറു കൂട്ടം മാത്രമാണ് വേദിക്ക് പിന്നിലെ കലവറയ്ക്കരികിലുണ്ടായിരുന്നത്. ഈ സമയത്തായിരുന്നു കാമറാമാൻ ലിജോയ് അതുവഴി വന്നത്. ഗാനമേള നടക്കുമ്പോഴും അതിനപ്പുറത്ത് ലൈഫുള്ള ചില രംഗങ്ങൾ ഇവിടെയുണ്ടെന്ന് മനസുള്ള ലിജോയ്ക്ക് തന്നെയാണ് വലിയ കയ്യടി.
അവിടെ ആ ചുവടുകൾക്ക് വലിയ സന്തോഷമുണ്ടായിരുന്നുവെന്ന് ലിജോയ് പറയും. രാത്രി ഒമ്പതരയോടെയാണ് ആ ദൃശ്യം പകർത്തിയത്. കലവറയ്ക്ക് തൊട്ടുപിന്നിലായി ഗാനമേള നടക്കുകയായിരുന്നു. കക്ഷി അമ്മിണിപ്പിള്ള എന്ന സിനിമയിലെ ഉയ്യാരം പയ്യാരം എന്ന പാട്ടിനാണ് കുശ്നിക്കാരും വിളമ്പുകാരും ചെറുതായി ചുവടുവച്ചത്. അതിനൊരു സന്തോഷവും സൌന്ദര്യവും ഉണ്ടായിരുന്നു. അധികം തിരക്കില്ലാത്ത സമയമായിരുന്നതുകൊണ്ട് അവർ വിളമ്പുകാരും ആശ്വാസത്തിലാണ് ജോലി ചെയ്തത്. വിളമ്പുന്നവരും കുശ്നിക്കാരുമെല്ലാം അവസാനമാണ് ഭക്ഷണം കഴിക്കുക, ഒപ്പം വൈകിയെത്തുന്ന ചിലരുമുണ്ടാകും. ആ സമയത്ത് നല്ലൊരു പാട്ടുകൂടി കേട്ടതോടെ അവർ സ്വയം ഡാൻസ് ചെയ്യുകയായിരുന്നു. അതൊരു സമയവും സന്ദർഭവും ഒത്തുചേർന്ന, കുറച്ചുസമയത്തേക്ക് മാത്രം ലഭിക്കുന്ന മൊമന്റ്സ് ആയിരുന്നുവെന്ന് കാമറ ഭാഷയിൽ ലിജോയ് പറയും.
Read more: വിവാഹത്തിന് മുന്‍പ് പരസ്‍പരം സംസാരിക്കേണ്ട 9 കാര്യങ്ങള്‍; അശ്വതി ശ്രീകാന്ത് പറയുന്നു
സുഹൃത്തായ ഷിജിന്റെ എൽജിഎം സ്റ്റുഡിയോക്ക് വേണ്ടിയാണ് ലിജോയ് അന്ന് ആ വീഡിയോ പകർത്തിയത്. ജനുവരിയിലായിരുന്നു വിവാഹം. കണ്ണൂർ പള്ളിപ്പുറം മേലേച്ച് മുക്ക് ശമീറിന്റെ മകൾ സ്നേഹയുടെ വിവാഹ തലേന്നുള്ള വീഡിയോ ആയിരുന്നു അത്. ഇത്തരത്തിൽ നിരവധി വിവാഹ വീഡിയോകൾ വേർതിരിച്ച് ഇടുന്നതിനിടയിലാണ് വീഡിയോ സ്വന്തമായി പോസ്റ്റ് ചെയ്യുകയും ഒപ്പം കമറാമാനായ സുഹൃത്തിന് അയച്ചുകൊടുക്കുകയും ചെയ്യുന്നതെന്ന് ഷിജിൻ പറയുന്നു. എന്തായാലും ഒത്തിരി കോളുകൾ വരുന്നുണ്ടെന്നും വീഡിയോ ഏറ്റെടുത്തതിൽ സന്തോഷമുണ്ടെന്നും ലിജിനും പറയുന്നു.
Read more: ഗായിക മഞ്ജരി വിവാഹിതയായി; സാക്ഷ്യം വഹിച്ച് സുരേഷ് ഗോപി, ജി വേണുഗോപാല്‍
വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് ഈ വീഡിയോയിലുണ്ട്, എത്രവട്ടം കണ്ടെന്ന് നിശ്ചയമില്ല.. എന്നായിരുന്നു വീഡിയോ പങ്കുവച്ചുകൊണ്ടുള്ള ഒരു ആസ്വാദനം. കല്യാണ തലേന്നുള്ള വൈബ് ആണെന്ന് പലരും കുറിക്കുന്നു. എന്നാൽ ലിജോയ് പറഞ്ഞതുപോലെ എല്ലാം ചേർന്ന 'നിമിഷങ്ങൾ' അതാണ് ആ വീഡിയോയുടെ വൈബ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam