തന്‍റെ യുട്യൂബ് ചാനലിലൂടെ അശ്വതി പങ്കുവച്ചിരിക്കുന്ന പുതിയ വീഡിയോ ശ്രദ്ധ നേടുകയാണ്

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയാണ് അശ്വതി ശ്രീകാന്ത്. അവതാരകയുടെ വേഷത്തിലാണ് മിനിസ്‌ക്രീനിലേക്ക് എത്തിയതെങ്കിലും അശ്വതി പിന്നീട് അഭിനയരംഗത്തേക്കും ചുവടുവച്ചു. അഭിനേത്രിയായുള്ള അരങ്ങേറ്റത്തില്‍ തന്നെ മികച്ച നടിക്കുള്ള ടെലിവിഷന്‍ പുരസ്‌കാരവും അശ്വതിയെ തേടിയെത്തിയിരുന്നു. രണ്ടാമത്തെ കുട്ടിയെ ഗര്‍ഭം ധരിച്ച സമയത്ത്, അഭിനയിച്ചുകൊണ്ടിരുന്ന ചക്കപ്പഴം പരമ്പരയില്‍ നിന്ന് അവര്‍ പിന്മാറിയിരുന്നു. പരമ്പരയിലേക്ക് തിരികെയെത്തുമോ എന്ന ആരാധകരുടെ ചോദ്യത്തിന് അശ്വതി ഇനിയും മറുപടി പറഞ്ഞിട്ടില്ല. അതേസമയം തന്‍റെ യുട്യൂബ് ചാനലിലൂടെ അശ്വതി പങ്കുവച്ചിരിക്കുന്ന പുതിയ വീഡിയോ ശ്രദ്ധ നേടുകയാണ്. 

വിവാഹിതരാവാന്‍ പോകുന്ന ജോഡികള്‍ വിവാഹത്തിനു മുന്‍പ് പരസ്പരം സംസാരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്നാണ് വീഡിയോയില്‍ അശ്വതി പറയുന്നത്. മാറുന്ന സമൂഹത്തില്‍ മാറ്റമില്ലാത്ത ചിന്താഗതികള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും മാറ്റത്തിനൊപ്പം സഞ്ചരിക്കണമെന്ന് ആഗ്രഹിക്കുന്നവരെക്കുറിച്ചുമൊക്കെ അശ്വതി വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്. സാമൂഹിക പ്രസക്തമായ കാര്യങ്ങള്‍ ഇത്ര മനോഹരമായി അവതരിപ്പിക്കാന്‍ അശ്വതിക്ക് എങ്ങനെ സാധിക്കുന്നുവെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

ALSO READ : ഗായിക മഞ്ജരി വിവാഹിതയായി; സാക്ഷ്യം വഹിച്ച് സുരേഷ് ഗോപി, ജി വേണുഗോപാല്‍

ജോലിയും കരിയറും ഏതൊരാളുടെയും ജീവിതത്തില്‍ പ്രധാനപ്പെട്ടതാണെന്നും അതുകൊണ്ടുതന്നെ വിവാഹത്തിന് മുന്‍പുതന്നെ അതേക്കുറിച്ച് സംസാരിക്കണമെന്നും അശ്വതി ഓര്‍മ്മിപ്പിക്കുന്നു. നിലവിലെ സാമൂഹിക ചുറ്റുപാടില്‍ പലപ്പോഴും ജോലിക്കാര്യത്തില്‍ കോംപ്രമൈസ് ചെയ്യേണ്ടിവരുന്നത് സ്ത്രീകളാണ്. അതുകൊണ്ടുതന്നെ അവര്‍ക്കുള്ള നല്ലൊരു സന്ദേശം വീഡിയോയിലൂണ്ടെന്ന് ആരാധകര്‍ കമന്‍റുകളിലൂടെ അറിയിക്കുന്നുണ്ട്. കൂടാതെ കുട്ടികളെക്കുറിച്ചുള്ള ചര്‍ച്ച, കുട്ടികള്‍ വേണോ വേണ്ടയോ, വേണമെങ്കില്‍ എത്രപേര്‍വേണം എന്നതെല്ലാം തീര്‍ച്ചയായും ചര്‍ച്ച ചെയ്യേണ്ട കാര്യമാണെന്നും അശ്വതി പറയുന്നുണ്ട്. സമ്പത്തിനെക്കുറിച്ചുള്ള കാര്യങ്ങള്‍, സ്‌നേഹത്തോടുള്ള കാഴ്ച്ചപ്പാട് തുടങ്ങിയവയെല്ലാം അശ്വതി ചര്‍ച്ചയ്‌ക്കെടുക്കുന്നുണ്ട്.

9 things you need to discuss before marriage | Aswathy sreekanth | Life Unedited