മുംബൈ ചേരിയിൽനിന്ന് 'അമേരിക്ക ​ഗോട്ട് ടാലന്റ്' വേദിയിൽ; ലോകത്തെ അമ്പരപ്പിച്ച് ഇന്ത്യയുടെ ചുണക്കുട്ടികള്‍-വൈറലായി വീഡിയോ

By Web TeamFirst Published May 26, 2019, 4:39 PM IST
Highlights

12 മുതൽ 27 വയസുവരെയുള്ള 28 പേരടങ്ങുന്ന വി അൺബീറ്റബൾ എന്ന ഡാൻസ് ഗ്രൂപ്പിലെ മുംബൈയുടെ ചുണക്കുട്ടികളാണ് ലോകത്തെ ഞെട്ടിച്ച പ്രകടനം കാഴ്ചവച്ചത്.

വാഷിങ്ടൺ: അമേരിക്കയിലെ പ്രശസ്ത റിയാലിറ്റി ഷോ ആയ 'അമേരിക്ക ​ഗോട്ട് ടാലന്റ്' വേദിയിൽ അത്യു​ജ്ജ്വലപ്രകടനം കാഴ്ചവച്ച് ലോകത്തിന്റെ കയ്യടി നേടുകയാണ് മുംബൈയിലെ ഒരുകൂട്ടം യുവാക്കൾ. 12 മുതൽ 27 വയസുവരെയുള്ള 28 പേരടങ്ങുന്ന 'വി അൺബീറ്റബൾ' എന്ന ഡാൻസ് ഗ്രൂപ്പിലെ മുംബൈയുടെ ചുണക്കുട്ടികളാണ് ലോകത്തെ ഞെട്ടിച്ച പ്രകടനം കാഴ്ചവച്ചത്. ശ്വാസമടക്കിപ്പിടിച്ചാണ് ലോകം വി അൺബീറ്റബൾ ഗ്രൂപ്പിന്റെ പ്രകടനത്തിന് സാക്ഷ്യം വഹിച്ചത്. മികച്ച പരിശീലനവും ആത്മസമർപ്പണവും കഠിനാദ്ധ്വവും കൊണ്ടുമാത്രമാണ് മുംബൈ ചേരിയിൽനിന്ന് ഈ ചെറുപ്പക്കാർ അമേരിക്ക ​ഗോ ടാലന്റ് വേദിയിലെത്തിയത്. 

മുംബൈ ‌നഗരത്തിന്റെ ഹൃദയഭാ​ഗത്ത് വ്യാപിച്ച് കിടക്കുന്ന ചേരിയിലെ ദുരിത ജീവിതം തുറന്ന് കാണിച്ചാണ് വി അൺബീറ്റബൾ തങ്ങളുടെ പ്രകടനം ആരംഭിക്കുന്നത്. മുംബൈ ന​ഗരത്തിലെ ജീവിതം വളരെ പ്രയാസം നിറഞ്ഞതാണെന്ന് പറയുമ്പോൾ വി അൺബീറ്റബൾ ​ഗ്രൂപ്പിലുള്ളവരുടെ കണ്ണുകൾ നിറഞ്ഞു. പിന്നീട് ഇടറിയ ശബ്ദത്തിൽ അവർ തങ്ങളുടെ ജീവിതകഥ പറയുമ്പോൾ ലോകത്തിന്റെ പല കോണുകളിലുള്ളവരുടേയും കണ്ണുകൾ നിറഞ്ഞിരുന്നു. 

തിങ്ങി നിറഞ്ഞതും വൃത്തിഹീനവുമായ ചേരിയിൽ നിന്നുള്ളവരാണ് ​ഗ്രൂപ്പിലെ മിക്ക അം​ഗങ്ങളും. കുടിക്കാൻ ശുദ്ധജലമോ വൈദ്യുതിയോ പോലും ലഭിക്കാറില്ല. ചേരിയിലെ ഒരു വീട്ടിൽ ഏഴോ പത്തോ അം​ഗങ്ങളാണ് ജീവിക്കുന്നത്. ഓരോദിവസവും ഞങ്ങൾ നല്ലജീവിതത്തിനായാണ് പ്രാർത്ഥിക്കുന്നത്. പക്ഷേ, ഈ ചേരികളിൽ ജീവിക്കുന്ന ഞങ്ങൾക്ക് അവസരങ്ങൾ ലഭിക്കുന്നത് കുറവാണ്. ഞങ്ങളുടെ ജീവിതത്തിലെ ദുഖങ്ങളെല്ലാം മറക്കുന്നത് ഈ ഡാൻസിലൂടെയാണെന്നും ഇവർ പറയുന്നു.

ബോളിവുഡ് നടൻ രൺവീർ സിംഗ് തകർത്ത് അഭിനയിച്ച സഞ്ജയ് ലീലാ ബൻസാലി ചിത്രം ബാജിറാവു മസ്‌താനിയിലെ മൽഹാരിയെന്ന ഹിറ്റ് ഗാനത്തിനാണ് വി അൺബീറ്റബിളിന്റെ ചുണക്കുട്ടികൾ ചുവട് വയ്‌ക്കുന്നത്. അന്തരീക്ഷത്തിൽ തലകുത്തി മറിഞ്ഞും, നിരവധി തവണ വായുവിൽ വട്ടം കറങ്ങിയും ഇവർ നടത്തുന്ന പ്രകടനം സോഷ്യൽമീഡിയയിൽ ഇതിനോടകം തന്നെ വൈറലാണ്.

മുംബൈ നഗരത്തിലെ ചേരികളും അവിടുത്തെ ജീവിതവും ആഗോള തലത്തിൽ വലിയ ചർച്ചവിഷയമായിട്ടുണ്ട്. അധോ​ലോക ​ഗുണ്ടകളും മാഫിയകളും വാഴുന്ന മുംബൈ എന്ന മെട്രോന​ഗരത്തിലെ ഹൃദയഭാ​ഗത്ത് മഞ്ഞും മഴയും കൊണ്ട് ജീവിക്കുന്ന ഒരു കൂട്ടം ജനതയെക്കുറിച്ച് ആരും ഓർമ്മിക്കാറുമില്ല, പറയാറുമില്ല. എന്നാൽ വി അൺബീറ്റബൾ എന്ന ഡാൻസ് ഗ്രൂപ്പിലെ മുംബൈയുടെ ചുണക്കുട്ടികൾ അതിനെയെല്ലാം മറികടന്ന് ലോകത്തെ മുഴുവൻ‌ ഞെട്ടിച്ചിരിക്കുകയാണ്. 
 


 

click me!