
വിലകൂടിയ സമ്മാനങ്ങളാണ് നവദമ്പതികൾക്ക് ലഭിക്കുക. ചിലർ സ്വർണം വരെ നൽകും. എന്നാൽ, 'വില കൂടിയതും വ്യത്യസ്തവുമായ' സമ്മാനമാണ് തമിഴ്നാട്ടിലെ ഈ ദമ്പതികൾക്ക് ലഭിച്ചത്. പ്രതിദിനം ഇന്ധന വില വർധിച്ചുകൊണ്ടിരിക്കെ വിവാഹ ചടങ്ങിനെത്തിയവർ നവദമ്പതികൾക്ക് സമ്മാനമായി നൽകിയത് പെട്രോളും ഡീസലും. തമിഴ്നാട്ടിലെ ചെങ്കൽപേട്ടിലെ ചെയ്യൂരിലാണ് വ്യത്യസ്തമായ സമ്മാനം ദമ്പതികൾക്ക് ലഭിച്ചത്. ഗിരീഷ് കുമാർ-കീർത്തന എന്നിവരുടെ വിവാഹത്തിന് എത്തിയ സുഹൃത്തുക്കളും ബന്ധുക്കളും പതിവിൽ നിന്ന് വിപരീതമായി ഓരോ ലിറ്റർ പെട്രോളും ഡീസലും ദമ്പതികൾക്ക് സമ്മാനമായി നൽകുകയായിരുന്നു. ഇരുവരും സന്തോഷത്തോടെ സമ്മാനം സ്വീകരിക്കുകയും ചെയ്തു. കഴിഞ്ഞ വർഷവും തമിഴ്നാട്ടിൽ സമാനമായ സംഭവം നടന്നിരുന്നു. നവദമ്പതികൾക്ക് ഗ്യാസ് സിലിണ്ടർ, ഒരു ക്യാൻ പെട്രോൾ, ഉള്ളി കൊണ്ടുള്ള മാല എന്നിവയാണ് അന്ന് ലഭിച്ചത്. ഒഡീഷയിലെ ദമ്പതികൾക്കും സുഹൃത്തുക്കൾ വിവാഹ സമ്മാനമായി പെട്രോളാണ് സമ്മാനിച്ചത്.
രാജ്യത്ത് ഇന്ധനവില പ്രതിദിനം വർധിക്കുകയാണ്. കഴിഞ്ഞ ദിവസം പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. 17 ദിവസത്തിനിടെ പെട്രോളിന് കൂട്ടിയത് 10 രൂപ 88 പൈസയാണ്. ഡീസലിന് കൂട്ടിയത് 10 രൂപ 51 പൈസയുമാണ്. ലോക്സഭയിലും രാജ്യസഭയിലും ഇന്നും പാചകവാതക ഇന്ധനവില വർദ്ധനയിൽ പ്രതിഷേധമുയർന്നു. കോൺഗ്രസ് ,ടി എം സി , സിപിഎം, ഡിഎംകെ ഉൾപ്പെടെയുള്ള പാർട്ടികളാണ് പ്രതിഷേധത്തിന് മുൻ നിരയിൽ ഉള്ളത്. ധനബില്ലിന്റെ സമയത്ത് വിഷയം ഉയർത്തിയതിനാൽ ഇനിയും ചർച്ച അനുവദിക്കില്ലെന്ന നിലപാടിലാണ് രാജ്യസഭ അധ്യക്ഷൻ വെങ്കയ്യ നായിഡു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam