പൊലീസുകാരനെ പിന്നിൽ നിന്ന് കുത്തിമറിച്ച് കാള, വീഡിയോ

Published : Apr 03, 2022, 04:39 PM ISTUpdated : Apr 03, 2022, 04:45 PM IST
പൊലീസുകാരനെ പിന്നിൽ നിന്ന് കുത്തിമറിച്ച് കാള, വീഡിയോ

Synopsis

പിന്നിലൂടെ എത്തിയ കാള, ഇയാളെ ആക്രമിക്കുകയായിരുന്നു. പൊലീസുകാരനെ ഉടൻ ആശുപത്രിയിലെത്തിച്ചു. ഇയാളുടെ പരിക്ക് സാരമുള്ളതല്ലെന്ന് അധികൃതർ അറിയിച്ചു. 

ദില്ലിയിൽ ജോലി ചെയ്യുന്നതിനിടെ പൊലീസുകാരനെ ആക്രമിച്ച് കാള. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വൈറലായി. വ്യാഴാഴ്ച വൈകീട്ട് ദയാൽപുരയിലാണ് സംഭവം. ഷേർപുർ ചൗക്കിൽ ഡ്യൂട്ടി ചെയ്യുകയായിരുന്ന ​ഗ്യാൻ സിങ് എന്ന കോൺസ്റ്റബിളിനെയാണ് കാള കുത്തിമറിച്ചിട്ടത്. പിന്നിലൂടെ എത്തിയ കാള, ഇയാളെ ആക്രമിക്കുകയായിരുന്നു. പൊലീസുകാരനെ ഉടൻ ആശുപത്രിയിലെത്തിച്ചു. ഇയാളുടെ പരിക്ക് സാരമുള്ളതല്ലെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം ​ഗുജറാത്തിലെ ഭാവ്ന​ഗറിൽ അലഞ്ഞുതിരിയുന്ന കാളയുടെ ആക്രമണത്തിൽ ഒരാൾക്ക് ​ഗുരുതര പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസമാണ് ​ഗുജറാത്തിൽ ന​ഗരസഭാ പരിധിയിയിൽ അലഞ്ഞു തിരിയുന്ന കാലികളെ നിയന്ത്രിക്കാൻ നിയമം കൊണ്ടുവന്നത്. 

 

 

 

അലഞ്ഞുതിരിയുന്ന കന്നുകാലികളെ നിയന്ത്രിക്കാനുള്ള നിയമം; ​ഗുജറാത്ത് സർക്കാറിനെതിരെ എതിർപ്പ്

അഹമ്മദാബാദ്: ​ഗുജറാത്തിലെ നഗരപ്രദേശങ്ങളിൽ അലഞ്ഞുതിരിയുന്ന കന്നുകാലികളെ നിയന്ത്രിക്കാനുള്ള പുതിയ നിയമത്തിനെതിരെ എതിർപ്പുയരുന്നു. ​ഗുജറാത്തിലെ കാലികളെ വളർത്തുന്ന വിഭാ​ഗമായ മാൽധാരികളാണ് എതിർപ്പുമായി രം​ഗത്തെത്തിയത്. ​നിയമം നടപ്പാക്കുന്നതിന് മുമ്പ് കന്നുകാലികളെ പരിപാലിക്കുന്നതിന് മതിയായ സൗകര്യം ഏർപ്പെടുത്തണമെന്ന് ഇവർ ആവശ്യപ്പെട്ടു. നിയമം നടപ്പാക്കിയാൽ ജീവിത മാർ​ഗം നഷ്ടപ്പെടുമെന്നാണ് ഇവരുടെ വാ​ദം. റബാരി, ഭർവാദ്, ഗാധ്വി, അഹിർ, ജാട്ട് മുസ്ലീം സമുദായങ്ങളിൽ നിന്നുള്ളവരും കാലിവളർത്തലിലൂടെ ഉപജീവനമാർ​ഗം കണ്ടെത്തുന്നവരാണ്. പശുക്കളെ വളർത്തുന്ന പുണ്യപ്രവൃത്തിയായി കണക്കാക്കുന്നവരാണ് ഇവരിൽ ഏറെയും. ​

ഗുജറാത്തിലെ ജനസംഖ്യയിൽ 10 ശതമാനം മാൽധാരികളാണ്. വെള്ളിയാഴ്ചയാണ് ന​ഗരപ്രദേശങ്ങളിൽ അലഞ്ഞുതിരുയുന്ന കന്നുകാലികളെ നിയന്ത്രിക്കാൻ നിയമസഭ ബിൽ പാസാക്കിയത്. ആറു മണിക്കൂർ നീണ്ട ചർച്ചയ്‌ക്കൊടുവിൽ നിയമസഭയിൽ ഭൂരിപക്ഷത്തോടെയാണ് ബിൽ പാസായത്. അലഞ്ഞുതിരിയുന്ന കന്നുകാലികൾ ഇരുചക്രവാഹന യാത്രികർക്ക് ഭീഷണിയാണെന്നും അതുകൊണ്ടുതന്നെ നിയന്ത്രിക്കണമെന്നും ബില്ലിൽ പരാമർശിക്കുന്നു. ഗുജറാത്തിലെ എട്ട് പ്രധാന നഗരങ്ങളായ അഹമ്മദാബാദ്, വഡോദര, സൂറത്ത്, രാജ്‌കോട്ട്, ഗാന്ധിനഗർ, ജാംനഗർ, ഭാവ്‌നഗർ, ജുനഗഡ് മുനിസിപ്പൽ കോർപ്പറേഷനുകളും 162 മുനിസിപ്പാലിറ്റികളിലുമാണ് നിയമം നടപ്പാക്കുക. ഗുജറാത്ത് പ്രൊവിൻഷ്യൽ മുനിസിപ്പൽ കോർപ്പറേഷൻ ആക്ട് 1948, ഗുജറാത്ത് മുനിസിപ്പാലിറ്റി ആക്റ്റ്, 1963 എന്നിവ പ്രകാരം നഗരപ്രദേശങ്ങളിൽ അലഞ്ഞുതിരിയുന്ന മൃഗ ശല്യം നിയന്ത്രിക്കുന്നതിന് വിവിധ വകുപ്പുകളുണ്ട്. കാലികളെ പരിപാലിക്കുന്നത് പൗര സേവനമായി കണക്കാക്കുന്നു. തദ്ദേശ സ്ഥാപനങ്ങൾക്കാണ് അലഞ്ഞുതിരുയുന്ന കാലികളെ നിയന്ത്രിക്കാനുള്ള ചുമതല. അലഞ്ഞുതിരിയുന്ന കാലികളെ പിടികൂടി ​ഗോശാലകളിൽ എത്തിക്കുകയും ഉടമകൾക്ക് ഒരാഴ്ചയ്ക്കുള്ളിൽ അവകാശവാദമുന്നയിച്ചില്ലെങ്കിൽ പ്രത്യേക സംരക്ഷണ കേന്ദ്രത്തിലേക്കയക്കുന്നു.

എന്നാൽ, സൗകര്യക്കുറവ് ഫണ്ട് കുറവും കാരണം ഇത് കൃത്യമായി നടക്കാറില്ല. പുതിയ നിയമപ്രകാരം കാലികളെ വളർത്തുന്നത് ലൈസൻസ് ആവശ്യമാണ്. തദ്ദേശ സ്ഥാപനത്തിൽ നിന്നാണ് ലൈസൻസ് എടുക്കേണ്ടത്. കാലികളെ വളർത്താനാവശ്യമായ സൗകര്യം ഉടമകൾക്ക് ഉണ്ടെന്ന് ഉറപ്പാക്കാനാണ് ലൈസൻസ്. പശുക്കൾ പ്ലാസ്റ്റിക്കും മാലിന്യവും തിന്നുകയും ചെറിയ കുട്ടികൾ അവയുടെ പാൽ കുടിക്കുകയും ചെയ്യുമ്പോൾ അത് എന്ത് ദോഷം ചെയ്യുമെന്ന് നഗരവികസന സഹമന്ത്രി വിനോദ് മൊറാഡിയ നിയമസഭയിൽ പറഞ്ഞു. ഒരു നഗരപ്രദേശം മുഴുവനായോ അല്ലെങ്കിൽ അതിന്റെ ഒരു ഭാഗമോ കന്നുകാലി നിരോധിത മേഖലയായി പ്രഖ്യാപിക്കാൻ അധികാരമുണ്ട്. കന്നുകാലി നിരോധന മേഖലയിൽ കാലിത്തീറ്റ വിൽപനയും നിയന്ത്രിക്കും.

പുതിയ നിയമം വിജ്ഞാപനം ചെയ്ത് മൂന്ന് മാസത്തിനകം, നഗരപ്രദേശങ്ങളിലെ കന്നുകാലി ഉടമകൾ ലൈസൻസ് നേടേണ്ടതുണ്ട്. ലൈസൻസില്ലാതെ കന്നുകാലികളെ വളർത്തിയതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ, അയാൾക്ക് ഒരു വർഷം തടവോ 20,000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും. ചുമതലപ്പെട്ട ഉദ്യോ​ഗസ്ഥരെ ആക്രമിക്കുകയോ അവരുടെ ചുമതലകളിൽ നിന്ന് അവരെ തടയുകയോ ചെയ്താൽ ഒരു വർഷം തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കും. കുറ്റം ആവർത്തിച്ചാൽ രണ്ട് വർഷം തടവും അഞ്ച് ലക്ഷം രൂപ വരെ പിഴയും ലഭിക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി
വിദ്യാര്‍ത്ഥികൾ ഇത് കണ്ടാൽ പിന്നെ വിടില്ല! കണക്കിലെ ചോദ്യത്തിന് എഐ ടൂൾ നൽകിയ ഉത്തരം കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ