പാബ്ലോ എസ്കോബാറിന്‍റെ പഴയ ഫ്ലാറ്റിന്‍റെ ചുമര് പൊളിച്ചു; കണ്ടെത്തിയത് ആരെയും ഞെട്ടിപ്പിക്കുന്നത്.!

By Web TeamFirst Published Sep 25, 2020, 10:08 AM IST
Highlights

എസ്കോബാര്‍ താന്‍ പിടിയിലാകപ്പെടുന്നത് തടയാന്‍ ഒളിത്താവളമാക്കിയ ഒരു ഫ്ലാറ്റില്‍ നിന്നാണ് 14 ദശലക്ഷം പൌണ്ട് മൂല്യം വരുന്ന അമേരിക്കന്‍ ഡോളര്‍ കണ്ടെത്തിയത്.

മെഡിലിയന്‍: കൊളംമ്പിയന്‍ മയക്കുമരുന്ന് രാജാവ് പാബ്ലോ എസ്കോബാറിന്‍റെ പഴയ താമസസ്ഥലത്ത് നിന്നും അദ്ദേഹത്തിന്‍റെ മരുമകന് ലഭിച്ചത് ഞെട്ടിക്കുന്ന പണ ശേഖരം. പാബ്ലോ എസ്കോബാര്‍ അഞ്ച് വര്‍ഷത്തോളം താമസിച്ച കൊളംമ്പിയയിലെ മെഡിലിയന്‍ പട്ടണത്തിലെ ഫ്ലാറ്റില്‍ നിന്നാണ് പണശേഖരം അദ്ദേഹത്തിന്‍റെ മരുമകനായ നിക്കോളസ് എസ്കോബാര്‍ കണ്ടെത്തിയത് എന്നാണ് പ്രദേശിയ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എസ്കോബാര്‍ താന്‍ പിടിയിലാകപ്പെടുന്നത് തടയാന്‍ ഒളിത്താവളമാക്കിയ ഒരു ഫ്ലാറ്റില്‍ നിന്നാണ് 14 ദശലക്ഷം പൌണ്ട് മൂല്യം വരുന്ന അമേരിക്കന്‍ ഡോളര്‍ കണ്ടെത്തിയത്. നിക്കോളാസ് എസ്കോബാറിന്‍റെ കണ്ടുപിടുത്തം കൊളംമ്പിയന്‍ ടിവി ചാനലായ റെഡ് ആണ് പുറത്തുവിട്ടത്.

പണത്തിന് പുറമേ ഒരു ടൈപ്പ് റൈറ്റര്‍, സാറ്റലെറ്റ് ഫോണ്‍, സ്വര്‍ണ്ണപേന്‍, ക്യാമറ, ഇതുവരെ ഡെവലപ്പ് ചെയ്യാത്ത ഒരു ചുരുള്‍ ഫിലിം എന്നിവയാണ് ഫ്ലാറ്റില്‍ നിന്നും ഇതിന് പുറമേ കണ്ടെത്തിയത്. ഫ്ലാറ്റിന്‍റെ ബേസ്മെന്‍റിലെ ചുമരില്‍ ഒളിപ്പിച്ച രീതിയിലാണ് പണവും വസ്തുക്കളും കണ്ടെത്തിയത്. 

ഒരു പ്രത്യേക മണം വന്നതിനാലാണ് ചുമര് പൊളിച്ചുനോക്കിയത്. നൂറു ശവശരീരങ്ങള്‍ നാറുന്ന പോലെയുള്ള ദുര്‍ഗന്ധമാണ് അതില്‍ നിന്നും ഉണ്ടായത്. പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ രീതിയിലുള്ള നോട്ട് കെട്ടുകള്‍ ഉപയോഗ ശൂന്യമായ രീതിയിലാണ് എന്നാണ് നിക്കോളാസ് എസ്കോബാര്‍ പറയുന്നത്. 

1980 കള്‍ മുതല്‍ 90 മധ്യവരേ ലാറ്റിനമേരിക്കന്‍ അമേരിക്കന്‍ മയക്കുമരുന്നു വിപണി അടക്കി വാണ കൊളമ്പിയക്കാരനായിരുന്നു പാബ്ലോ എസ്കോബാര്‍. ആ സമയത്ത് അമേരിക്കയില്‍ വില്‍ക്കപ്പെട്ട മയക്കുമരുന്നിന്‍റെ 80 ശതമാനം എസ്കോബാര്‍ വഴി കയറ്റുമതി ചെയ്യപ്പെട്ടതായിരുന്നു. ഒരു ഘട്ടത്തില്‍ ലോകത്തിലെ ഏറ്റവും സമ്പന്നനായ 7മത്തെ വ്യക്തിയെന്ന് ഇദ്ദേഹത്തെ ടൈംസ് മാഗസിന്‍ വിശേഷിപ്പിച്ചു.

ഈ സമയത്ത് എസ്കോബാറിന്‍റെ ആസ്തി 30 ശതകോടി അമേരിക്കന്‍ ഡോളറായിരുന്നു എന്നാണ് കണക്ക്. മയക്കുമരുന്ന് വിറ്റു കിട്ടുന്ന പണം പണമായി തന്നെ സൂക്ഷിക്കുന്ന പതിവുകാരനായിരുന്നു എസ്കോബാര്‍. അതിനാല്‍ തന്നെ എസ്കോബാറിന്‍റെ പണശേഖരം കൊളംമ്പിയയിലെ പലഭാഗത്തും ഇപ്പോഴും കുഴിച്ചിട്ടിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. അതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇപ്പോഴത്തെ കണ്ടെത്തല്‍.

click me!