നൂറ്റിയഞ്ചാം വയസ്സിലെ ഭഗീരഥിയമ്മയുടെ മഹത്തായ വിജയം; അഭിനന്ദനവുമായി പ്രധാനമന്ത്രി

By Web TeamFirst Published Feb 23, 2020, 7:32 PM IST
Highlights

മന്‍ കി ബാത്തിലൂടെയാണ് മോദി ഭഗീരഥിയമ്മയ്ക്ക് അഭിനന്ദനമറിയിച്ചത്

ദില്ലി: നൂറ്റിയഞ്ചാം വയസ്സില്‍ നാലാം തരം തുല്യതാ പരീക്ഷ പാസ്സായ കൊല്ലത്തെ ഭഗീരഥിയമ്മയ്ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മന്‍ കി ബാത്തിലൂടെയാണ് മോദി ഭഗീരഥിയമ്മയ്ക്ക് അഭിനന്ദനമറിയിച്ചത്. ഭഗീരഥിയമ്മ രാജ്യത്തിന് പ്രചോദനമാണെന്ന് നരേന്ദ്ര മോദി ചൂണ്ടികാട്ടി.

ഭഗീരഥിയമ്മയെ പോലുള്ളവര്‍ വലിയ പ്രചോദനമാണെന്നും രാജ്യത്തിന് ശക്തി പകരുന്നതാണ് അവരുടെ വിജയമെന്നും അമ്മയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സാക്ഷരത മിഷന്‍ സംഘടിപ്പിച്ച നാലാം ക്ലാസ് തുല്യത പരീക്ഷ എഴുതി പാസായ ഭഗീരഥിയമ്മയ്ക്ക് അഭിനന്ദനപ്രവാഹം തുടരുകയാണ്. വീട്ടിലെ പ്രയാസങ്ങളും മറ്റ് സാഹചര്യങ്ങളും കാരണം ഭഗീരഥിയമ്മ ഒമ്പതാം വയസ്സില്‍ പഠനം ഉപേക്ഷിച്ചിരുന്നു.

വിവാഹിതയായി മക്കളും മരുമക്കളും പേരക്കുട്ടികളുമൊക്കെയായി കഴിയുന്നതിനിടെയാണ് ഭഗീരഥിയമ്മയ്ക്ക് വീണ്ടും പരീക്ഷ എഴുതാനുള്ള ആഗ്രഹം കലശലായത്. മക്കളെ കാര്യം അറിയിക്കുകയും സക്ഷരാമിഷന്‍റെ പരീക്ഷ എഴുതി തിളക്കമാര്‍ന്ന വിജയത്തോടെ നാടിനാകെ അഭിമാനമായി മാറുകയുമായിരുന്നു.

അതേസമയം വൈവിധ്യങ്ങളാണ് രാജ്യത്തിന്‍റെ ശക്തിയെന്നും അമൂല്യ നിധികളായ ജൈവ വൈവിധ്യങ്ങള്‍ സംരക്ഷിക്കുകയും പര്യവേഷണം നടത്തുകയും വേണമെന്നും പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ പറഞ്ഞു. സാഹസിക കായിക വിനോദങ്ങള്‍ക്കുള്ള രാജ്യത്തെ സാധ്യത പ്രയോജനപ്പെടുത്തണം. ശ്രീഹരിക്കോട്ടയില്‍ റോക്കറ്റ് വിക്ഷേപണം കാണുന്നതിനായി പതിനായിരം പേര്‍ക്കിരിക്കാവുന്ന ഗ്യാലറി സജ്ജമാക്കി. യുവാക്കളും കുട്ടികളും അത് പ്രയോജനപ്പെടുത്തണം എന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

click me!