
ലക്നൌ: കല്യാണ വേദിയിലേക്ക് പോവുന്നതിനിടെ കല്യാണ സംഘത്തോടൊപ്പം കോൺസ്റ്റബിൾ പരീക്ഷ എഴുതാനെത്തി യുവാവ്. ഉത്തർ പ്രദേശിലെ മഹോബയിലാണ് സംഭവം. കഴിഞ്ഞ ദിവസം നടന്ന പൊലീസ് കോൺസ്റ്റബിൾ പരീക്ഷാ ദിവസം തന്നെയായിരുന്നു പ്രശാന്ത് യാദവിന്റെ വിവാഹവും നിശ്ചയിച്ചിരുന്നത്. ഇതോടെയാണ് വിവാഹ വേദിയിലേക്ക് പോവുന്നതിനിടെ കല്യാണ സംഘവുമായി യുവാവ് പരീക്ഷാ ഹാളിലെത്തിയത്. ബാന്ധ എന്ന സ്ഥലത്ത് നിന്ന് വധുവിന്റെ വീടിരിക്കുന്ന മുധാരിയിലേക്ക് പോവുന്ന വഴിയിലാണ് പരീക്ഷാ കേന്ദ്രമെന്നതും സംഘത്തിന് ഉപകാരമായി. മാ ചന്ദ്രികാ മഹിളാ വിദ്യാലയത്തിലാണ് യുവാവ് പരീക്ഷ എഴുതാനെത്തിയത്.
വൈകുന്നേരമാണ് വിവാഹ ചടങ്ങുകൾ നിശ്ചയിച്ചിരുന്നത്. തലപ്പാവും മാലയും അടക്കം കല്യാണ വേഷത്തിൽ തന്നെ എത്തിയ യുവാവിനൊപ്പം പരീക്ഷാ കേന്ദ്രത്തിലെത്തിയ പലരും ഫോട്ടോയും വീഡിയോയും എടുക്കാൻ മുന്നോട്ട് വന്നു. എന്നാൽ പ്രശംസയ്ക്കൊപ്പം രൂക്ഷമായ വിമർശനവും വിഷയത്തിൽ യുവാവിന് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നുണ്ട്. തലപ്പാവ് മാറ്റി വയ്ക്കാൻ എത്ര സമയം വേണ്ടി വരുമെന്നും ചുളുവിൽ പ്രശസ്തനാവാനുള്ള എളുപ്പവഴിയാണ് യുവാവ് നോക്കുന്നതെന്നുമാണ് വ്യാപകമാവുന്ന വിമർശനം. എന്നാൽ വിവാഹത്തിനൊപ്പം തന്നെ കരിയറും മുന്നോട്ട് കൊണ്ടുപോവാനുള്ള ശ്രമമാണ് തീരുമാനമെന്നാണ് യുവാവ് പ്രതികരിക്കുന്നത്. അതേസമയം
പരീക്ഷ അഡ്മിറ്റ് കാർഡിൽ സണ്ണി ലിയോണിന്‍റെ പേരും ചിത്രവും വന്നതും ഇതേ കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്‍റിനായിരുന്നു.സണ്ണി ലിയോണിന്‍റെ പേരും ചിത്രവും അടങ്ങുന്ന അഡ്മിറ്റ് കാര്‍ഡിന്‍റെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ഉത്തർപ്രദേശ് പൊലീസ് റിക്രൂട്ട്‌മെന്‍റ് ആൻഡ് പ്രൊമോഷൻ ബോർഡിന്‍റെ (യുപിപിആർബി) വെബ്‌സൈറ്റിൽ കോൺസ്റ്റബിൾ (സിവിൽ പൊലീസ്) തസ്തികയിലേക്കാണ് രജിസ്‌ട്രേഷൻ നടത്തിയത്. അതേസമയം, അഡ്മിറ്റ് കാർഡ് വ്യാജമാണെന്നും ഉദ്യോഗാര്‍ത്ഥി രജിസ്ട്രേഷൻ പ്രക്രിയയിൽ നടിയുടെ ഫോട്ടോ അപ്‌ലോഡ് ചെയ്തതാണെന്നുമാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam