സോഷ്യല്‍ മീഡിയയിലൂടെ ഉദിച്ചുയര്‍ന്ന ഗായിക റാനു മണ്ഡാലിന്‍റെ ഇപ്പോഴത്തെ ജീവിതം ദയനീയം

By Web TeamFirst Published Sep 27, 2020, 7:20 PM IST
Highlights

. പുതിയ അംഗീകാരങ്ങളും വാഗ്ദാനങ്ങളും ഒഴുകിയെങ്കിലും  പഴയ വീട്ടില്‍ സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ വലഞ്ഞാണ് ഇവരുടെ ജീവിതം എന്നാണ്  ന്യൂസ് 18 ന്‍റെ പുതിയ റിപ്പോര്‍ട്ട് പറയുന്നത്.
 

മുംബൈ: ഒരു ദിവസം കൊണ്ട് സൈബര്‍ ലോകം ജീവിതം മാറ്റിയ തെരുവു ഗായിക റാനു മണ്ഡാലിന്‍റെ ഇപ്പോഴത്തെ ജീവിതം ദയനീയമെന്ന് റിപ്പോര്‍ട്ടുകള്‍. പുതിയ അംഗീകാരങ്ങളും വാഗ്ദാനങ്ങളും ഒഴുകിയെങ്കിലും  പഴയ വീട്ടില്‍ സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ വലഞ്ഞാണ് ഇവരുടെ ജീവിതം എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

റെയിൽവേ സ്റ്റേഷനില്‍ പാട്ടുപാടിക്കൊണ്ടിരുന്ന റാനു മണ്ഡാലിന്‍റെ പാട്ട് ആദ്യം ശ്രദ്ധിച്ചത് ഒരു യാത്രികനാണ്. അയാൾ അവർ പാടുന്നതിന്റെ ദൃശ്യങ്ങൾ പകർത്തി ഫേസ്ബുക്കിൽ പങ്കുവച്ചതോടെയാണ് ഇത് വൈറലായി. ലതാമങ്കേഷ്‌കര്‍ പാടിയ ‘എക് പ്യാര്‍ കാ നഗ്മാ ഹെയ്’ എന്ന ഗാനമായിരുന്നു രാണു മൊണ്ടാല്‍ റണാഗഡ് റെയില്‍വേ സ്റ്റേഷനിലിരുന്ന് പാടിയത്. ഇത് ആഗോളതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു.

പ്രമുഖര്‍ തന്നെ റാനുവിന് അഭിനന്ദനവുമായി എത്തി. റാനു സംഗീത സംവിധായകൻ ഹിമേഷ് രെഷമ്മിയക്ക് വേണ്ടി മൂന്ന് പാട്ടുകൾ പാടി. ഇതിനിടെ പഴയ വീട്ടിൽ നിന്ന് പുതിയ വീട്ടിലേക്ക് താമസം മാറി. ഉപേക്ഷിച്ചു പോയ മകളും കുടുംബവും തിരിച്ചെത്തി. അതിനൊപ്പം ഹിന്ദിയിലെ സംഗീത റിയാലിറ്റി ഷോകളില്‍ അതിഥിയായി എത്തി. മലയാളത്തിലെ ടെലിവിഷന്‍ ഷോകളിലും ഇവരുടെ സാന്നിധ്യം ഉണ്ടായി. ഒപ്പം നിരവധി ഉദ്ഘാടനങ്ങളും, ഗാനമേളകളും ലഭിച്ചു. സോഷ്യല്‍ മീഡിയ സ്റ്റാറായി റാനു മാറി.

2019 നവംബറിൽ രാണു ഒരു വിവാദത്തിലും ഉൾപ്പെട്ടു. സെൽഫിയെടുക്കാനായി ഒരു ആരാധിക തട്ടിവിളിച്ചത് അവരെ ചൊടിപ്പിക്കുകയും ആരാധികയോട് അവർ ദേഷ്യപ്പെടുകയുമായിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് വഴി തെളിച്ചു.

ലോക്ക്ഡൗൺ തുടങ്ങിയ സമയത്ത് ആളുകളെ സഹായിക്കുന്ന റാനുവിന്‍റെ ഒരു വിഡിയോ യൂട്യൂബിൽ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. അന്ന് പണവും അവശ്യ വസ്തുക്കളും ഇവർ ആളുകൾക്ക് നൽകിയിരുന്നു. എന്നാൽ ഇപ്പോൾ റാനു പഴയ വീട്ടിലേക്ക് തന്നെ മടങ്ങിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സാമ്പത്തികമായി തകർന്ന നിലയിലാണ് ഇപ്പോൾ റാനു ഉള്ളതെന്നും ന്യൂസ് 18ന്‍റെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. 

click me!