യുഎന്നിലും തരംഗമായി ആ റാസ്പുടിൻ ചുവടുകൾ: ജാനകി-നവീൻ ഡാൻസിന് അന്താരാഷ്ട്രാ പ്രശംസ

By Web TeamFirst Published Oct 22, 2021, 6:13 PM IST
Highlights

തൃശ്ശൂർ മെഡിക്കൽ കോളേജ് വിദ്യാർത്ഥികളായ  ജാനകി ഓംകുമാറും നവീൻ റസാഖും റാസ്പുടിൻ ഗാനത്തിന് ചുവടുവച്ച ആ വീഡിയോ അങ്ങ് യുഎന്നിൽ വരെ എത്തിയിരിക്കുകയാണിപ്പോൾ

സോഷ്യൽ മീഡിയയിൽ തരംഗമായി പിന്നാലെ വിവാദങ്ങളും കൂട്ടിനത്തിയ ഒരു വൈറൽ ഡാൻസുണ്ടായിരുന്നല്ലോ.. തൃശ്ശൂർ മെഡിക്കൽ കോളേജ് വിദ്യാർത്ഥികളായ  ജാനകി ഓംകുമാറും നവീൻ റസാഖും റാസ്പുടിൻ ഗാനത്തിന് ചുവടുവച്ച ആ വീഡിയോ അങ്ങ് യുഎന്നിൽ വരെ എത്തിയിരിക്കുകയാണിപ്പോൾ. യുഎൻ പ്രതിനിധി സംഘത്തിലാണ് ഈ ഡാൻസ് വീഡിയോ ചർച്ചയായത്. ചയച്ചയിൽ യുഎന്നിന്റെ കൾച്ചറൽ റൈറ്റ്‌സ് സ്‌പെഷ്യൽ റാപ്പോർട്ടർ കരീമ ബെന്നൌൺസ് ആണ് വൈറൽ ഡാൻസിനെ പ്രശംസിച്ചുകൊണ്ട്  പ്രസംഗത്തിനിടെ  പരാമർശം നടത്തിയത്.

സംസ്കാരികമായ കൂട്ടായ്മകൾ നേരിടുന്ന വെല്ലുവിളികളെ കുറിച്ചുള്ള ചർച്ചയ്ക്കിടെയാണ് കരീമയുടെ പരാമർശം. 'സാംസ്കാരിക വേർതിരിവുകൾ മാറ്റിനിർത്തി ഒന്നിച്ചു നൃത്തം ചെയ്ത രണ്ട് യുവതീ യുവാക്കൾക്ക് ലഭിച്ച വ്യാപകമായ  പിന്തുണയായിരുന്നു. ഒപ്പം മൌലിക വാദികൾ  വലിയ അധിക്ഷേപങ്ങളും ഇവർക്കെതിരെ നടത്തുകയുണ്ടായി. വിദ്വേഷ പ്രചാരണങ്ങൾക്കും ഇവർ ഇയാക്കപ്പെട്ടു. എന്നാൽ ഇനിയും ഒന്നിച്ച് ഡാൻസ് ചെയ്യുമെന്നായിരുന്നു ജാനകിയുടെയും നവീന്റെയും പ്രതികരണം.. ഇത് പ്രശംസനീയമാണെന്നും ബെന്നൌൺസ് പറഞ്ഞു.

ആ യുവാക്കളുടെ പ്രതികരണം നമ്മുടെയെല്ലാം കൂട്ടായുള്ള പ്രതികരണമായി മാറേണ്ടതാണ്. ഈ 21-ാം നൂറ്റാണ്ടിൽ സാംസ്കാരികമായ അവകാശങ്ങൾ വേർതിരിവില്ലാതെ ഉയർത്തിപ്പിടിക്കാൻ, സംസ്‌കാരത്തെയും സ്വത്വത്തെയും വൈവിധ്യമാർന്ന സാംസ്‌കാരിക സമന്വയങ്ങളെയുമെല്ലാം കുറിച്ചുള്ള തെറ്റായ ധാരണകളെ ശക്തമായും ക്രിയാത്മകമായും പ്രതിരോധിക്കുക എന്നത് മാത്രമാണ് പോംവഴിയെന്നും അവർ കൂട്ടിച്ചേർത്തു.

ബോണി എൺ ബാൻഡിന്റെ പ്രസിദ്ധമായ  'റാസ്പുടിൻ' ഗാനത്തിനാണ് തൃശ്ശൂർ മെഡക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥികൾ നൃത്തച്ചുവടുകൾ പങ്കുവച്ചത്. ഇൻസ്റ്റഗ്രാം റീലായി പങ്കുവച്ച വീഡിയോ നിമിഷങ്ങൾക്കകം വൈറലായി. പിന്നാലെ എത്തിയ വിദ്വേഷ പ്രചാരണങ്ങൾക്ക് നിരന്തരം ഡാൻസ് വീഡിയോകൾ പങ്കുവച്ചായിരുന്നു സാമൂഹിക മാധ്യമങ്ങളിലെ വിവിധ ഹാൻഡിലുകൾ പ്രതികരിച്ചത്.

click me!