'റമദാനില്‍ ഭക്ഷണം കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങള്‍ അടച്ചിടണം': സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോസ്റ്ററിന് പിന്നില്‍

By Web TeamFirst Published May 2, 2019, 8:52 PM IST
Highlights

റംസാനില്‍ ഭക്ഷണ സാധനങ്ങള്‍ കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങള്‍ അടച്ചിടാന്‍ തീരുമാനിച്ചെന്ന് കാണിക്കുന്ന പോസ്റ്റര്‍ കുറച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. 

കോഴിക്കോട്: റംസാനില്‍ ഭക്ഷണ സാധനങ്ങള്‍ കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങള്‍ അടച്ചിടാന്‍ തീരുമാനിച്ചെന്ന് കാണിക്കുന്ന പോസ്റ്റര്‍ കുറച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. റംസാന്‍ ആയതിനാല്‍ ഹോട്ടലുകള്‍ മുഴുവന്‍ സമയം അടച്ചിടുകയാണെന്ന്  തെറ്റിദ്ധരിച്ചാണ് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എന്നാല്‍ സംഭവത്തിന്‍റെ സത്യാവസ്ഥ പുറത്തറിയിക്കുകയാണ് ഒരു ഫേസ്ബുക്ക് കുറിപ്പ്. 

ആ പോസ്റ്ററില്‍ പറയുന്നത് രാത്രി സമയങ്ങളില്‍ വഴിയോരക്കച്ചവടം നടത്തുന്നത് വേണ്ടെന്ന് തീരുമാനിച്ചു എന്നതാണ്. നേരത്തെ ലഹരി ഇടപാടുകളും സാമൂഹിക വിരുദ്ധര്‍ താവളമാക്കുന്നതിനാല്‍ പ്രദേശ വാസികളുടെ ബുദ്ധിമുട്ടികളും കണക്കിലെടുത്ത് രാത്രി ഇത്തരം കടകള്‍ അനുവദിക്കരുതെന്ന് തീരുമാനിച്ചിരുന്നു. അതിന്‍റെ തുടര്‍ച്ചയായാണ് ഈ വര്‍ഷം പോസ്റ്റര്‍ പതിച്ചിരിക്കുന്നതെന്ന് ഫേസ്ബുക്ക് പോസ്റ്റ് വിശദീകരിക്കുന്നു.

കുറിപ്പിങ്ങനെ...

ഈ ബോർഡ്‌ കുറച്ചു ദിവസമായി സോഷ്യൽ മീഡിയയിൽ കറങ്ങി നടക്കുന്നു. ഈയുള്ളവൻ അന്നാട്ടിലെ ഒന്നുരണ്ട് പ്രമുഖരെ വിളിച്ച് കാര്യം അന്വേഷിച്ചു. അവർ പറഞ്ഞത്, ഇത് പകൽ അടച്ചിടാൻ ഉള്ളതല്ല, രാത്രി അടയ്ക്കാനുള്ള പൊതുതീരുമാനമാണ് എന്നാണ്. റംസാനിലെ രാത്രികൾ ഈ പ്രദേശത്ത് പകൽ പോലെയാണെന്ന് പ്രദേശത്തെ അറിയുന്നവർക്ക് അറിയാം.

ഭക്ഷണശാലകൾ തുറന്നിട്ടിരിക്കും. വിവിധ പ്രദേശങ്ങളിൽനിന്ന് ആളുകൾ എത്തും. റോഡ് നിറയെ വാഹനങ്ങൾ ആയിരിക്കും. എന്നാൽ, ഇതിന്റെ മറവിൽ രാത്രിയിൽ മയക്കുമരുന്നു കച്ചവടവും മറ്റു സാമൂഹിക പ്രശ്നങ്ങളും വളരെ കൂടുതലാണെന്ന് നാട്ടുകാർ പറയുന്നു.

ഇതെത്തുടർന്നാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും സംഘടനകളും ചേർന്ന് രാത്രികാലങ്ങളിൽ ഭക്ഷണശാലകൾ അടച്ചിടാനുള്ള തീരുമാനം കൈക്കൊണ്ടത്. കഴിഞ്ഞ വർഷം ഇത് നടപ്പിലാക്കി. ഈ വർഷവും ഇതേ തീരുമാനം കൈക്കൊണ്ടു എന്നും പറഞ്ഞു. ഞാൻ പറഞ്ഞു, ആ ബോർഡ് തെറ്റിദ്ധാരണ ഉണ്ടാക്കുന്നുണ്ട്. എന്നാൽപ്പിന്നെ 'രാത്രികാലങ്ങളിൽ ' എന്ന് അതിൽ പ്രത്യേകം എഴുതിച്ചേർക്കാമെന്ന് അവരും പറഞ്ഞു. ആയിക്കോട്ടെ.. നല്ലത് 
 

click me!