
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റാണ് രേഷ്മ മറിയം റോയ്. അവരുടെ വിവാഹമാണ് (Wedding) ക്രിസ്മസ് (Christmas) ദിനമായ ഡിസംബർ 25ന്. പത്തനംതിട്ട അരുവാപ്പാലം പഞ്ചായത്ത് പ്രസിഡന്റാണ് 22 കാരിയായ രേഷ്മ. കോന്നി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വർഗീസ് ബേബിയാണ് രേഷ്മയുടെ വരൻ. ഡിസംബർ 25-നാണ് രേഷ്മയുടെയും വർഗീസ് ബേബിയുടെയും വിവാഹം. വൈകിട്ട് നാല് മുതൽ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് വിവാഹ സൽക്കാരവും നടക്കും.
ഇപ്പോഴിതാ ഇരുവരുടെയും സേവ് ദ ഡേറ്റ് വീഡിയോ ആണ് വൈറലായിരിക്കുന്നത്. ബസ് ജീവനക്കാർ മുതൽ തൊഴിലുറപ്പ് ജോലിക്കാർ വരെ 'ഞങ്ങളുമുണ്ട്, പ്രസിഡന്റിന്റെ കല്യാണത്തിന്'- എന്നു പറയുന്ന രസകരമായ സേവ് ദ ഡേറ്റ് വീഡയോ ആണിത്. എല്ലാവരെയും സൽക്കാര ചടങ്ങലേക്ക് ക്ഷണിക്കുന്നുണ്ട് രേഷ്മയും വർഗീസ് ബേബിയും. ഇതിനോടകം തന്നെ നിരവധി പേരാണ് വീഡിയോ പങ്കുവച്ച് ആശംസകൾ അറിയിച്ചിരിക്കുന്നത്.
അരുവാപ്പുലം പഞ്ചായത്തിലെ 11ാം വാർഡിൽ നിന്നാണ് ഇടതുപക്ഷ സ്ഥാനാർത്ഥിയായി രേഷ്മ മത്സരിച്ചത്. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന്റെ തലേ ദിവസമായിരുന്നു രേഷ്മയ്ക്ക് 21 വയസ് പൂർത്തിയായത്. കഴിഞ്ഞ മൂന്ന് വട്ടവും കോൺഗ്രസിനൊപ്പം നിന്ന വാർഡ് അട്ടിമറി വിജയത്തിലൂടെ രേഷ്മ ഇടതുപാളയത്തിലെത്തിക്കുകയായിരുന്നു. കോന്നി വിഎൻഎസ് കോളേജിൽ ബിരുദപഠനം പൂർത്തിയാക്കിയ രേഷ്മ തുടർപഠനത്തിനുള്ള ഒരുക്കങ്ങൾക്കിടെയാണ് സ്ഥാനാർത്ഥിയായത്.
ഊട്ടുപാറ തുണ്ടിയാംകുളത്ത് റോയി ടി.മാത്യുവിന്റെയും മിനി റോയിയുടെയും മകളാണ് രേഷ്മ. അരുവാപ്പുലം പാർലി വടക്കേതിൽ പി.എം.ബേബിയുടെയും സാറാമ്മ ബേബിയുടെയും മകനാണ് വർഗീസ് ബേബി. സിപിഎം കോന്നി ഏരിയ കമ്മിറ്റിയംഗവുമാണ് വർഗീസ് ബേബി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam