'സംഘടനാ പ്രവർത്തനം തീവ്രവാദത്തിൽ എത്താഞ്ഞത് ഭാഗ്യം': ഗോപിനാഥൻ കൊടുങ്ങല്ലൂർ പ്രവർത്തനം അവസാനിപ്പിച്ചു

By Web TeamFirst Published Oct 11, 2019, 10:43 AM IST
Highlights

കൊടുങ്ങല്ലൂരിൽ പാസ്റ്ററെ മർദ്ദിച്ച കേസിൽ പ്രതിയായിരുന്നു

192 ദിവസം തടവിൽ കഴിഞ്ഞ ശേഷമാണ് ഇദ്ദേഹം പുറത്തിറങ്ങിയത്

കൊടുങ്ങല്ലൂർ: പാസ്റ്ററെ ആക്രമിച്ചതടക്കമുള്ള കേസുകളിൽ പൊലീസ് പിടിയിലായ രാഷ്ട്രീയ ബജ്റംഗ്‌ദൾ മുൻ തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറി ഗോപിനാഥൻ കൊടുങ്ങല്ലൂർ സംഘടനാ പ്രവർത്തനം അവസാനിപ്പിച്ചു. രാഷ്ട്രീയ ബജ്റംഗ്‌ദളിന്റെ നേതൃസ്ഥാനവും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും അവസാനിപ്പിക്കുന്നതായി അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

വിവിധ കേസുകളിൽ 192 ദിവസം വിയ്യൂർ ജയിലിൽ കഴിഞ്ഞ ഗോപിനാഥനെ സഹായിക്കാൻ നേതാക്കൾ ആരും എത്തിയില്ലെന്ന് അദ്ദേഹം ഫെയ്സ്ബുക്കിലെ കുറിപ്പിൽ  കുറ്റപ്പെടുത്തി. "മാന്യമായി ജീവിച്ചാ വീട്ടിലെ ഭക്ഷണം കഴിക്കാം, അല്ലെ സർക്കാരിന്റെ ഭക്ഷണം കഴിക്കേണ്ടി വരും അനുഭവം ഗുരു" എന്ന് തുടങ്ങുന്നതാണ് ഫെയ്സ്ബുക്ക് കുറിപ്പ്. രാഷ്ട്രീയ ബജ്റംഗ്‌ദളുമായി ബന്ധപ്പെട്ട പ്രവർത്തനം സ്വമേധയാ അവസാനിപ്പിക്കുന്നതാണെന്ന് വ്യക്തമാക്കിയ അദ്ദേഹം ഫെയ്സ്ബുക്കിൽ ഇരുന്നല്ല, മറിച്ച് പ്രവർത്തകരുടെ കൂടെ നിന്നാണ് പ്രവർത്തിക്കേണ്ടതെന്ന് നേതാക്കളെ വിമർശിക്കുന്നുണ്ട്. എന്നാൽ ആരുടെയും പേര് പോസ്റ്റിൽ പരാമർശിച്ചിട്ടില്ല.

പോസ്റ്റിന്റെ പൂർണ്ണരൂപം

"മാന്യമായി ജീവിച്ചാ വീട്ടിലെ ഭക്ഷണം കഴിക്കാം, അല്ലെ സർക്കാരിന്റെ ഭക്ഷണം കഴിക്കേണ്ടി വരും അനുഭവം ഗുരു. വിശ്വസ്തരും ആത്മാർതതയും ഫെയ്സ്ബുക് ഇൽ മാത്രം പോരാ പ്രവർത്തിയിൽ ആണ് കാണിക്കേണ്ടത് , ഞാൻ പ്രവർത്തിച്ച സംഘടനക്കും അതിലെ നേതാക്കന്മാർക്കും നല്ല നമസ്കാരം, രാഷ്ട്രീയ ബജ്‌രംഗ്‌ദൾ എന്ന സംഘടനയുടെ തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി എന്ന സ്ഥാനവും അതുമായി ബന്ധപ്പെട്ട പ്രവർത്തനവും സ്വമേധയാ ഇവിടം കൊണ്ട് നിർത്തുന്നു, ഫെയ്സ്ബുക് ഇൽ അല്ല പ്രവർത്തകരുടെ കൂടെ നിന്നാണ് പ്രവർത്തിക്കേണ്ടത്."

ഗോപിനാഥന് പിന്തുണ അറിയിച്ച് നിരവധി പേർ പോസ്റ്റിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. റാം കൊടുങ്ങല്ലൂർ എന്ന വ്യക്തിയുടെ കമന്റിന് നൽകിയ മറുപടിയിൽ, "സംഘടനാ പ്രവർത്തനം എന്ന് പറഞ്ഞ് അവസാനം തീവ്രവാദത്തിൽ എത്താഞ്ഞത് ഭാഗ്യം," എന്നാണ് ഗോപിനാഥൻ പറഞ്ഞത്. 

ഈ കമന്റിന്റെ പൂർണ്ണരൂപം

"മതം മനുഷ്യനെ മയക്കുന്ന എന്തോ എന്ന് ആരോ പറഞ്ഞു കേട്ടട്ടുണ്ട്, സംഘടനാ പ്രവർത്തനം എന്ന് പറഞ്ഞു ലാസ്റ്റ് തീവ്രവാത ത്തിൽ എത്താഞ്ഞത് ഭാഗ്യം, ഇത്രേം വരേം എത്തിക്കാൻ എല്ലാർക്കും നല്ല ഇന്റർസ്റ് ആയിരുന്നു പെട്ടപ്പോൾ പെട്ടവർ പെട്ടു ഒരു നേതാക്കന്മാർ ഉം ഫോൺ പോലും എടുക്കാൻ പറ്റാത്തത്ര ബിസി, ഇവര വിശ്വസിച്ച നമ്മൾ പൊട്ടൻമ്മാർ,"

click me!