
കോട്ട: നടു റോഡിലൂടെ പതിയെ നടന്നുപോകുന്ന ആളെ കണ്ട് ജനങ്ങൾ അമ്പരന്നു. പിന്നാലെ പരിഭ്രാന്തരായി മാറി നിന്നു. റോഡിലൂടെ പോകുന്നത് മറ്റൊന്നുമല്ല, മൂന്നരയിടിയോളം നീളമുള്ള മുതലയായിരുന്നു. ജനങ്ങളെയെല്ലാം കാഴ്ചക്കാരാക്കി മുതല പതുക്കെ റോഡ് മുറിച്ചുകടന്നു. സംഭവത്തിന്റെ വീഡിയോ ചിലർ പകർത്തി പങ്കുവച്ചിട്ടുണ്ട്. ഇതിനോടകം സോഷ്യൽ മീഡിയയിൽ സംഭവം വൈറലായിക്കഴിഞ്ഞിരിക്കുകയാണ്. രാജസ്ഥാനിലെ കോട്ട നഗരത്തിലാണ് സംഭവം.
നഗരത്തിനോട് ചേർന്നുള്ള ചമ്പൽ നദി ഘരിയാൽ വന്യജീവി സങ്കേതത്തിന്റെ ആവാസ കേന്ദ്രവും കൂടിയാണിവിടം. അതുകൊണ്ടുതന്നെ മഴക്കാലത്ത് കരയിലേക്കും പാർപ്പിട പ്രദേശങ്ങളിലേക്കും മുതലകളെ കാണുന്നത് പതിവാണ്. കഴിഞ്ഞ വർഷം മാത്രം, കോട്ടയിലെ കരയിൽ ഏകദേശം 50-60 മുതലകളെ കണ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ 57 തവണയും മുതലയെ കണ്ടത് ജനങ്ങൾ താമസിക്കുന്ന മേഖലകളിലായിരുന്നു.
സജിധ്ര മേഖലയിലെ മഴ പെയ്ത് വെള്ളം കയറിയാൽ മുതല നഗരത്തിൽ എത്താൻ കൂടുതൽ സാധ്യതയുണ്ടെന്നും നദീ തീരത്തായതിനാൽ കോട്ടയിൽ ഇത്തരമൊരു കാഴ്ച പതിവാണെന്നുമാണ് നാട്ടുകാർ പറയുന്നത്. രക്ഷാപ്രവർത്തകർ 24 മണിക്കൂറും ജാഗ്രത തുടരുന്നുണ്ടെന്നും, മുതലയെ കണ്ടതായി റിപ്പോർട്ടുകൾ ലഭിക്കുമ്പോൾ സംഭവസ്ഥലത്തേക്ക് പെട്ടെന്ന് എത്താറുണ്ടെന്നും കോട്ട ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ പാണ്ഡെ പറഞ്ഞു.
മഴക്കാലത്ത് നദികളും തോടുകളും കുളങ്ങളും കരകവിഞ്ഞൊഴുകുകയും മുതലകൾ ജനവാസ മേഖലകളിലേക്ക് എത്തുകയും ചെയ്യുന്നത് പതിവാണ്. മുമ്പ് പലതവണ ഇവരെ രക്ഷപ്പെടുത്തി തിരികെ വിട്ടെങ്കിലും, വെള്ളപ്പൊക്കത്തിന് ശേഷം നഗരപ്രദേശങ്ങളിൽ സാധാരണയായി മുതലക്കുഞ്ഞുങ്ങളെ കാണാറുണ്ടെന്നും വനംവകുപ്പ് ഉദ്യോഗസ്ഥരും വന്യജീവി പ്രേമികളും പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam