
കർണാടക: കർണാടകയിലെ ലോക് അദാലത്ത് (Lok Adalat) പല കേസുകളിലും വിജയകരമായ രീതിയിൽ നടപടികൾ പൂർത്തിയാക്കാറുണ്ട്. അടുത്തിടെ നടന്ന ലോക് അദാലത്തിൽ 53 വർഷത്തെ സ്വത്ത് തർക്കം ഒരു ദിവസം കൊണ്ട് പരിഹരിച്ച സംഭവമുണ്ടായി. ലോക് അദാലത്തിന്റെ ഇടപെടൽ മൂലം ഏറ്റവുമൊടുവിൽ വളരെ സന്തോഷമുള്ള ഒരു സംഭവമാണ് നടന്നിരിക്കുന്നത്. വേർപിരിഞ്ഞ് താമസിക്കുകയായിരുന്ന ദമ്പതികൾ വീണ്ടും ഒരുമിക്കാൻ തീരുമാനിച്ചു. കർണാടകയിലെ ശിവമോഗ ജില്ലയിലാണ് സംഭവം.
17 വർഷങ്ങൾക്ക് മുമ്പാണ് ഗണേശ മൂർത്തിയും പൂർണിമയും വിവാഹിതരായത്. ഇവർക്ക് പത്താം ക്ലാസിൽ പഠിക്കുന്ന 15 വയസ്സുള്ള മകനുമുണ്ട്. എന്നാൽ മൂന്ന് വർഷം മുമ്പ് ദമ്പതികൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടായതിനെ തുടർന്ന് ഭാര്യ വീട്ടിൽ നിന്നും ഇറങ്ങിപ്പോയി. അന്നുമുതൽ അവർ മാതാപിതാക്കളോടൊപ്പമാണ് താമസിക്കുന്നത്. ഇവരുടെ മകൻ സുഹാസ് പിതാവിനൊപ്പം താമസിച്ചു.
എന്നാൽ ഇക്കാലം മുഴുവൻ സുഹാസിന് അമ്മയെ വല്ലാതെ മിസ് ചെയ്യുന്നുണ്ടായിരുന്നു. അവൻ ആഗ്രഹിച്ചത് അവന്റെ മാതാപിതാക്കൾ ഒരുമിച്ചുണ്ടാകണമെന്ന് മാത്രമാണ്. ലോക് അദാലത്തിനെ കുറിച്ച് കേട്ടറിഞ്ഞ് സുഹാസ് കുടുംബ സുഹൃത്തായ അഭിഭാഷകന്റെ അടുത്തെത്തി മാതാപിതാക്കളെ ഒന്നിപ്പിക്കാൻ സഹായിക്കണമെന്ന് അദ്ദേഹം അഭിഭാഷകനോട് അഭ്യർത്ഥിച്ചു. കുട്ടിയുടെ ഹർജി പരിഗണിച്ച് അഭിഭാഷകനായ വലേമനെ ശിവകുമാറാണ് കേസ് എടുത്തത്.
ഹൊസനഗര ജെഎംഎഫ്‌സി കോടതിയിൽ ഭാര്യാഭർത്താക്കന്മാരെ വിളിച്ചുവരുത്തി അവരുടെ വാദം കേട്ടു. ജഡ്ജിമാരും അഭിഭാഷകരും പങ്കെടുത്തു. പ്രിൻസിപ്പൽ ചീഫ് ജസ്റ്റിസ് രവികുമാറും ജസ്റ്റിസ് പുഷ്പലതയും വാദം കേൾക്കുകയും ദമ്പതികളെ അനുരഞ്ജനത്തിന് പ്രേരിപ്പിക്കുകയും ചെയ്തു. ഒരുപാട് തർക്കങ്ങൾക്ക് ശേഷം ഗണേശ മൂർത്തിയും പൂർണിമയും ഒരുമിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സമ്മതിച്ചു. പൂമാലകൾ കൊണ്ടുവന്ന് ദമ്പതികൾ പുഞ്ചിരിയോടെ പരസ്പരം കൈമാറി. ഈ സംഭവത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചത് സുഹാസായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam