സ്ഥാനാര്‍ത്ഥി പട്ടികയ്ക്കെതിരെ മോഹന്‍ലാല്‍ ഡയലോഗ് ഓര്‍മ്മിപ്പിച്ച് എസ് ശാരദകുട്ടി

Published : Mar 09, 2019, 12:46 PM IST
സ്ഥാനാര്‍ത്ഥി പട്ടികയ്ക്കെതിരെ മോഹന്‍ലാല്‍ ഡയലോഗ് ഓര്‍മ്മിപ്പിച്ച് എസ് ശാരദകുട്ടി

Synopsis

മോഹന്‍ലാലിന്‍റെ ഡയലോഗ് ഓര്‍മ്മിപ്പിച്ച് ശാരദകുട്ടി ലക്ഷ്യം വയ്ക്കുന്നത് ഇടതുപക്ഷത്തെയാണ്

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ സ്ഥാനാര്‍ത്ഥി ലിസ്റ്റിന്‍റെ ചര്‍ച്ചയിലും, പ്രഖ്യാപനത്തിലുമാണ് ഇപ്പോള്‍ രാഷ്ട്രീയ കേരളം. ഇടതുപക്ഷം അതിന്‍റെ 20 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. സ്ഥാനാര്‍ത്ഥി ലിസ്റ്റിലെ സ്ത്രീ സാന്നിധ്യവും ചര്‍ച്ചയാകുന്നുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സ്ത്രീകള്‍ പിന്തള്ളപ്പെടുന്നതിനെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് എഴുത്തുകാരി എസ് ശാരദകുട്ടി. 

മോഹന്‍ലാലിന്‍റെ ഡയലോഗ് ഓര്‍മ്മിപ്പിച്ച് ശാരദകുട്ടി ലക്ഷ്യം വയ്ക്കുന്നത് ഇടതുപക്ഷത്തെയാണ്, 'ഞങ്ങൾ വിളിക്കുമ്പോൾ മതിൽ കെട്ടാനും ഞങ്ങൾക്ക് സാംസ്കാരികജാഥ നയിക്കാനും കൊടിയും ബാനറും പിടിക്കാനും, തിരികെ ഞങ്ങൾ വീട്ടിൽ ചെല്ലുമ്പോൾ കഞ്ഞിയും കറിയും വെക്കാനും വിളമ്പാനും, പട്ടടേലേക്ക് എടുക്കുമ്പോൾ തല്ലിയലച്ചു കരയാനും ഞങ്ങൾക്ക് കുറച്ചു പെണ്ണുങ്ങളെ ആവശ്യമുണ്ട്. മനസ്സുണ്ടെങ്കിൽ കേറ് വണ്ടീല്"- എന്നാണ് ഇത് കാണുമ്പോള്‍ തോന്നുന്നത് എന്ന് ശാരദകുട്ടി പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

സമ്മതിച്ചു. തെരഞ്ഞെടുപ്പിൽ ജയസാധ്യത പ്രധാനമാണ്. ശക്തരായ, ജയസാധ്യതയുള്ള സ്ഥാനാർഥികളെന്ന് സി പി എം വിമർശകനായ അഡ്വ.ജയശങ്കറും ബി.ജെ.പി, കോൺഗ്രസ് വക്താക്കളും ഏഷ്യാനെറ്റ് ചർച്ചയിൽ തലയാട്ടി സമ്മതിക്കുകയും ചെയ്യുന്നതും കേട്ടു..ശക്തർ തന്നെ. ജയിച്ചു വരട്ടെ.

പക്ഷേ, നാലു വോട്ടു കൂടുതൽ കിട്ടാൻ വേണ്ടി നാടിനെ പിന്നോട്ടു നടത്തില്ല എന്നൊരു വാക്കു പറഞ്ഞതിന്റെ പേരിൽ ആവേശഭരിതരായി മുഖ്യമന്ത്രിക്കു കയ്യടിച്ച സ്ത്രീകൾ വളരെയേറെയുണ്ട്. നാലു വോട്ടു പോയാൽ പോട്ടെ എന്ന ആ ഉറപ്പ് വലിയ ആശയായിരുന്നു.മുന്നോട്ടു പോകുന്ന പാതയിൽ രണ്ടോ മൂന്നോ സ്ത്രീകളെ കൂടെ കൂട്ടുമെന്നു പ്രതീക്ഷിച്ചു.

പരസ്യമായ അഴിമതിക്കും കൊലപാതകത്തിനും സ്ത്രീവിരുദ്ധതക്കും കൂട്ടുനിന്നവരുണ്ട് ലിസ്റ്റിൽ.ഒഴിവാക്കേണ്ടതായിരുന്നു. അവർക്കു പകരം വെക്കാൻ സത്യസന്ധരും കർമ്മശേഷിയും വിശ്വസ്തതയും തെളിയിച്ച ഒരു സ്ത്രീയും സി പി എമ്മിൽ ഇല്ലേ? മതിൽ കെട്ടിയ പെണ്ണുങ്ങൾക്ക് ഉശിരോടെ, അഭിമാനത്തോടെ നാട്ടാരോട് പറയാമായിരുന്നു നാലു വോട്ടിനു വേണ്ടി പെണ്ണുങ്ങളെ തള്ളിമാറ്റില്ല സി പി എം എന്ന്.

ഇതിപ്പോ ഏതോ സിനിമയിൽ മോഹൻലാൽനായകൻ പറഞ്ഞ പോലായിപ്പോയല്ലോ. ''ഞങ്ങൾ വിളിക്കുമ്പോൾ മതിൽ കെട്ടാനും ഞങ്ങൾക്ക് സാംസ്കാരികജാഥ നയിക്കാനും കൊടിയും ബാനറും പിടിക്കാനും, തിരികെ ഞങ്ങൾ വീട്ടിൽ ചെല്ലുമ്പോൾ കഞ്ഞിയും കറിയും വെക്കാനും വിളമ്പാനും, പട്ടടേലേക്ക് എടുക്കുമ്പോൾ തല്ലിയലച്ചു കരയാനും ഞങ്ങൾക്ക് കുറച്ചു പെണ്ണുങ്ങളെ ആവശ്യമുണ്ട്. മനസ്സുണ്ടെങ്കിൽ കേറ് വണ്ടീല്"

എസ്.ശാരദക്കുട്ടി
9.3.2019

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ
"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി