'വേഷം കൊണ്ട് തിരിച്ചറിയൂ'; പൗരത്വ നിയമ ഭേദഗതിക്കെതിരെ ഹിജാബ് ധരിച്ചെത്തി 'വൈറലാ'യ ഇന്ദുലേഖ പറയുന്നു

By Web TeamFirst Published Dec 22, 2019, 8:07 PM IST
Highlights

പൗരത്വ നിയമ ഭേദഗതിക്കെതിരെ  ഹിജാബ് ധരിച്ച് പ്രതിഷേധിച്ച മലയാളി നിയമ വിദ്യാര്‍ത്ഥിനിക്ക് പറയാനുള്ളത്. 'മുസ്ലിം അല്ലാത്ത ഒരാള്‍ മുസ്ലിം വേഷം ധരിച്ചു കൊണ്ട് പൗരത്വ നിയമ ഭേദഗതിക്കെതിരെയും എന്‍ആര്‍സിക്കെതിരെയും നടത്തുന്ന പ്രതിഷേധത്തിലൂടെ പോസിറ്റീവായ സന്ദേശം നല്‍കാനാണ് ആഗ്രഹിച്ചിരുന്നത്. എന്നാല്‍ പലരും സോഷ്യല്‍ മീഡിയയിലൂടെ ഇതിനെതിരെ നെഗറ്റീവ് കമന്‍റുകളുമായി എത്തി'.

കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ നടക്കുകയാണ്. തോക്കേന്തിയ പൊലീസുകാര്‍ക്ക് നേരെ റോസാപ്പൂ വെച്ചുനീട്ടി പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളുടെ ഉള്‍പ്പെടെ നിരവധി വ്യത്യസ്തങ്ങളായ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് രാജ്യം സാക്ഷിയായി. അത്തരത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച മലയാളി നിയമ വിദ്യാര്‍ത്ഥിനിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കൊച്ചിയില്‍ നടന്ന പ്രതിഷേധത്തില്‍ ഹിജാബ് ധരിച്ചെത്തിയ ഇന്ദുലേഖ പാര്‍ത്ഥന്‍റെ ചിത്രമാണ് ചര്‍ച്ചയായത്.

രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമില്ലാതിരുന്ന ഇന്ദുലേഖ കൊച്ചിയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രതിഷേധത്തെപ്പറ്റി അറിയുകയും അതിന്‍റെ ഭാഗമാകുകയുമായിരുന്നു. 15 കോളേജുകളിലെ വിദ്യാര്‍ത്ഥികളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. 'മിസ്റ്റര്‍ മോദി, ഞാന്‍ ഇന്ദുലേഖ. എന്നെ വേഷം കൊണ്ട് തിരിച്ചറിയൂ' എന്നെഴുതിയ പ്ലക്കാര്‍ഡും കയ്യിലേന്തി ഹിജാബ് ധരിച്ചാണ് ഇന്ദുലേഖ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. 

എറണാകുളം ഗവ.  ലോ കോളേജിലെ ഒന്നാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിനിയാണ് ഇന്ദുലേഖ. 'പ്രതിഷേധത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനായി രാവിലെ എത്തിയപ്പോള്‍ വ്യത്യസ്തമായ ആശയങ്ങള്‍ എന്തെങ്കിലും ഉണ്ടോയെന്ന് ചോദിച്ചിരുന്നു. പെട്ടെന്ന് എനിക്ക് തോന്നിയ ആശയമാണ് ഹിജാബ് ധരിക്കുക എന്നത്. എന്നാല്‍ നടി അനശ്വര രാജന്‍ ഹിജാബ് ധരിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുള്ളതായി ആരോ പറഞ്ഞു. ഞാന്‍ ആ ചിത്രം കണ്ടിരുന്നില്ല. ഹിജാബ് ധരിച്ച് ഈ സന്ദേശമടങ്ങിയ പ്ലക്കാര്‍ഡും കയ്യിലേന്തി  പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ പിന്നീട് തീരുമാനിക്കുകയായിരുന്നു. പ്രതിഷേധത്തില്‍ പങ്കെടുക്കാത്ത സഹപാഠികളാണ് ഹിജാബ് ധരിക്കാന്‍ സഹായിച്ചത്'- ഇന്ദുലേഖ ദി ന്യൂസ് മിനിറ്റിനോട് പറഞ്ഞു.

മുസ്ലിം അല്ലാത്ത ഒരാള്‍ മുസ്ലിം വേഷം ധരിച്ചു കൊണ്ട് പൗരത്വ നിയമ ഭേദഗതിക്കെതിരെയും എന്‍ആര്‍സിക്കെതിരെയും നടത്തുന്ന പ്രതിഷേധത്തിലൂടെ പോസിറ്റീവായ സന്ദേശം നല്‍കാനാണ് ആഗ്രഹിച്ചിരുന്നത്. എന്നാല്‍ പലരും സോഷ്യല്‍ മീഡിയയിലൂടെ ഇതിനെതിരെ നെഗറ്റീവ് കമന്‍റുകളുമായി എത്തിയെന്നും ചിലരൊക്കെ തന്നെ പിന്തുണച്ച് സംസാരിച്ചെന്നും ഇന്ദുലേഖ കൂട്ടിച്ചേര്‍ത്തു. പാലക്കാട് താമസിക്കുന്ന അച്ഛനും അമ്മയും ഹിജാബ് ധരിച്ച ചിത്രം വൈറലായതോടെ അല്‍പ്പം ആശങ്കപ്പെട്ടെന്നും എന്നാല്‍ തനിക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യാനാണ് അവര്‍ ഉപദേശിച്ചതെന്നും ഇന്ദുലേഖ പറയുന്നു. 

സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ ഇന്ദുലേഖയെ അഭിനന്ദിച്ച് മുന്‍ എംപി എം ബി രാജേഷ് ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചിരുന്നു. സർഗാത്മകവും കുറിക്ക് കൊള്ളുന്നതുമായ പ്രതിഷേധം നടത്തിയ ഇന്ദുലേഖയെച്ചൊല്ലി അഭിമാനിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു.

click me!