'ഇന്ത്യയില്‍ 18 വര്‍ഷം താമസിച്ച യേശു; ഈസ്റ്റര്‍ ദിനത്തില്‍ ശരിക്കും സംഭവിച്ചത്': വിവാദ പുസ്തകം വീണ്ടും എത്തുന്നു

By Web TeamFirst Published Apr 25, 2019, 11:31 AM IST
Highlights

അവിശ്വസനീയവും ഇതുവരെ പഠിച്ച മതകഥകളെ നിരാകരിക്കുന്നതുമാണ് പുസ്തകത്തിലെ വാദങ്ങള്‍ എന്നാണ് റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: അമ്പത് കൊല്ലത്തോളം അമേരിക്കന്‍ ചാര സംഘടന സിഐഎ രഹസ്യരേഖയായി സൂക്ഷിച്ച പുസ്തകം വീണ്ടും ഇറങ്ങുന്നു. ക്രിസ്തുവിന്‍റെ ജീവിതവുമായി ബന്ധപ്പെട്ട വലിയ രഹസ്യങ്ങള്‍ ഈ പുസ്തകത്തിലുണ്ടെന്നാണ് വിദേശ മാധ്യമങ്ങളിലെ വാര്‍ത്ത. വ്യോമസേനയിലെ മുന്‍ ഉദ്യോഗസ്ഥര്‍ ചാന്‍ തോമസ് 1966ലാണ്  'ദ ആദം ആന്‍ഡ് ഈവ് സ്‌റ്റോറി' എന്ന പുസ്തകം എഴുതിയത്.

അവിശ്വസനീയവും ഇതുവരെ പഠിച്ച മതകഥകളെ നിരാകരിക്കുന്നതുമാണ് പുസ്തകത്തിലെ വാദങ്ങള്‍ എന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ രസകരമായ ഒരു വാദം ഇങ്ങനെ,  കുരിശിലേറ്റി മൂന്നാം ദിനം ഈസ്റ്റര്‍ ദിനത്തില്‍ ഉയര്‍ത്തെഴുന്നേറ്റ യേശുവിനെ അന്യഗ്രഹ ജീവികളെത്തി കൊണ്ടുപോവുകയായിരുന്നു എന്നാണ് ഗ്രന്ഥകര്‍ത്താവിന്‍റെ  വാദം. ആകാശത്തേയ്ക്ക് ഉയര്‍ന്നതല്ല, അദ്ദേഹത്തെ രണ്ട് മാലാഖമാര്‍ പറക്കുംതളികയിലെത്തി ആകാശത്തേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നും തോമസ് പറയുന്നു.

ശീതയുദ്ധകാലത്ത് അമേരിക്കന്‍ സൈന്യത്തിന്റെ പദ്ധതികള്‍ ആസൂത്രണം ചെയ്ത മുന്‍ സൈനിക മേധാവികള്‍ക്കാണ് പുസ്തകം തോമസ് സമര്‍പ്പിച്ചിരിക്കുന്നത്. വ്യോമസേനാ ജനറല്‍ കര്‍ട്ടിസ് ലെമേ, ജനറല്‍ ഹാരോള്‍ഡ് ഗ്രാന്റ്, അഡ്മിറല്‍ റൂഫസ് ടെയ്‌ലര്‍ എന്നിവര്‍ക്കാണ് തോമസ് പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്. പറക്കുംതളികകളെക്കുറിച്ച് ഗവേഷണം നടത്താന്‍ യു.എസ്. വ്യോമസേന നിയോഗിച്ച സംഘത്തിലംഗമായിരുന്നു തോമസ് ചാന്‍. 
യേശുവിന്റെ ജീവിതത്തിലെ കുറേ വര്‍ഷങ്ങളെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ബൈബിളിലും ലഭ്യമല്ല. ആ കാലത്ത് യേശു ഇന്ത്യയില്‍ നാഗാ ഗോത്രക്കാരോടൊപ്പം താമസിക്കുകയായിരുന്നുവെന്ന് തോമസ് ചാന്‍ പറയുന്നു. 18 വര്‍ഷത്തോളം ഇന്ത്യയില്‍ താമസിച്ചാണ് യേശു മടങ്ങിയത്. നാക്കല്‍ ക്ഷേത്രത്തില്‍ വിദ്യാര്‍ത്ഥിയായി ചേരുകയും അവിടെനിന്ന് പഠനം പൂര്‍ത്തിയാക്കുകയും ചെയ്തതായി അദ്ദേഹം അവകാശപ്പെടുന്നു. ഇവിടെനിന്ന് ബിരുദം നേടുന്നവരെ ദൈവപുത്രന്‍ എന്നാണ് വിശേഷിപ്പിക്കുന്നതെന്നും തോമസ് പറയുന്നു. 

യേശുവിനെ വലിയ ബുദ്ധിവൈഭവമുള്ളയാളായാണ് നാഗാ ജനത കാണുന്നതെന്ന് തോമസ് പറയുന്നു. നാഗാ ഭാഷയും അദ്ദേഹത്തിന് വശമായിരുന്നു. കുരിശിലേറ്റിയ യേശു അവസാനമായി പറഞ്ഞ വാക്കുകള്‍ നാഗാ ഭാഷയിലായിരുന്നുവെന്നും ' എനിക്ക് ബോധം നഷ്ടപ്പെടുന്നു, ഇരുട്ട് എന്നെ പൊതിയുന്നു' എന്നാണതിന്‍റെ അര്‍ഥമെന്നും തോമസ് അവകാശപ്പെടുന്നു.

നേരത്തെ ഈ പുസ്തകത്തിലെ വാദങ്ങള്‍ ഭാഗികമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. പുറത്തുവിടാതിരുന്ന ഭാഗങ്ങള്‍കൂടി ഉള്‍പ്പെടുത്തിയാണ് പുസ്തകം വീണ്ടും എത്തുന്നത്.

click me!