
ഏകദേശം രണ്ട് മാസങ്ങളായി സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ചാ വിഷയമായിരുന്നു റാസ്പുടിൻ ഡാൻസ്. മെഡിക്കൽ വിദ്യാർത്ഥികളായ നവീനും ജാനകിയും റാസ്പുടിൻ ഗാനത്തിന് ചുവടുവച്ച് കേരളത്തിൽ തരംഗം സൃഷ്ടിച്ചപ്പോൾ, ഒരു വേള സമൂഹമാധ്യമങ്ങൾക്ക് പുറത്തും റാസ്പുടിൻ ചർച്ചകൾക്ക് കാരണമായി.
ഒരൊറ്റ ക്ലിക്കുകൊണ്ട് എന്തും വൈറലാക്കാവുന്ന സോഷ്യൽ മീഡിയക്കാലത്ത്, കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ റാസ്പുടിനൊപ്പം ചുവടുവച്ചു. നിരവധി വീഡിയോകൾ റാസ്പുടിൻ ചലഞ്ച് എന്ന പേരിലും ശ്രദ്ധിക്കപ്പെട്ടു. എന്നാൽ ഈ വീഡിയോകളെയെല്ലാം കടത്തിവെട്ടി സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് 'കുടിയന്റെ' റാസ്പുടിൻ വേർഷൻ എന്ന പേരിലൊരു വീഡിയോ.
ആരാണീ കുടിയനെന്ന് സോഷ്യൽ മീഡിയ അങ്ങോട്ടുമിങ്ങോട്ടും ചോദിക്കുന്നുമുണ്ട്. കുടിയൻ വേർഷനിലൊരു ഡാൻസറുടെ സാന്നിധ്യം തോന്നുന്നുണ്ടല്ലോ എന്നൊരു കമന്റും വീഡിയോക്ക് താഴെ വന്നിരുന്നു. ഇനി ശരിക്കും കുടിയനാണോ എന്ന് സംശയിച്ചവരും കുറവല്ല.
കാഴ്ചക്കാരുടെ ഒരു സംശയം ശരി തന്നെയാണ്. ഈ വീഡിയോയിലുള്ളത് ഒരു ഡാൻസറാണ്. തൃശൂർ ജില്ലയിലെ പാഞ്ഞാൾ സ്വദേശിയായ സനൂപ് കുമാറാണ് കുടിയന്റെ റാസ്പുടിൻ വേർഷനിലെ വൈറൽ താരം. എന്നാൽ രണ്ടാമത്തെ സംശയം ശരിയല്ല, അതൊരു പെർഫോമൻസ് മാത്രമാണെന്ന് സനൂപ് പറയും. കോളുകൾ വന്ന് തുടങ്ങിയപ്പോഴാണ് വീഡിയോ വൈറലായെന്നത് അറിയുന്നതെന്നും സനൂപ് കുമാർ ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു..
വീഡിയോകൾ ചെയ്യാറുണ്ട്. വീഡിയോസിന്റെ കുടിയൻ വേർഷൻ എന്ന രീതിയിലാണ് വീഡിയോകൾ ചെയ്യുന്നത്. ഇതും അതുപോലെ ചെയ്തു നോക്കിയതാണ്. പക്ഷേ ഇത്രയധികം ശ്രദ്ധിക്കപ്പെടുമെന്നോ വൈറലാകുമെന്നോ കരുതിയില്ല. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ഡാൻസിൽ സജീവമാണ്. നാട്ടിൽ തന്നെ ഒരു ടീമുണ്ട്, ചെറിയ പ്രോഗ്രാമുകൾക്കൊക്കെ പോകും. കൂടാതെ തൃശൂർ താവൂസ് തിയേറ്ററിലെ ജീവനക്കാരൻ കൂടിയാണ് സനൂപ് കുമാർ. സനൂപിന്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് ഐഡികളിലെ പേര് ബി ബോയ് സാൻ എന്നാണ്.
അച്ഛനും അമ്മയും ഭാര്യയും സഹോദരങ്ങളുമടങ്ങുന്നതാണ് സനൂപിന്റെ കുടുംബം. വീഡിയോ കണ്ട് വീട്ടുകാരെല്ലാം സന്തോഷത്തിലാണെന്ന് സനൂപ് പറയുന്നു. കുടിച്ചിട്ടാണോ ഇത്രയും ഭംഗിയായി കുടിയന്റെ റാസ്പുടിൻ വേർഷൻ ചെയ്തത് എന്ന് ചോദിക്കുന്നവരോട്, കുടിച്ചിട്ടൊന്നുമില്ല, അത് വെറും അഭിനയമാണെന്ന് സനൂപിന്റെ മറുപടി. വീട്ടിൽ തന്നെ വെച്ചാണ് വീഡിയോ എടുത്തത്. എന്തായാലും ഈ ഒരൊറ്റ വീഡിയോ കണ്ട് സനൂപിന് അഭിനന്ദനങ്ങളുടെ പെരുമഴയാണ്.
‘റാസ്പുടിൻ ഡ്രങ്കൻ വേർഷൻ’ വൈറലാകുന്നു; നര്‍ത്തകനെ തേടി സോഷ്യല്‍ മീഡിയ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam