
ദക്ഷിണാഫ്രിക്ക: കൊറോണ വ്യാപനത്തെ തുടർന്നുണ്ടായ ലോക്ക് ഡൗൺ പ്രഖ്യാപനത്തിൽ ഏറ്റവും കൂടുതൽ സങ്കടപ്പെടുന്നത് ഒരുപക്ഷേ സഞ്ചാരികളായിരിക്കും. യാത്രയെ ഇഷ്ടപ്പെടുന്ന ഇവരെ സംബന്ധിച്ച് വളരെ പ്രതിസന്ധി നിറഞ്ഞ കാലഘട്ടമാണിത്. എന്നാൽ യാത്ര പോയില്ലെങ്കിലും യാത്രയുടെ അന്തരീക്ഷം വീട്ടിനുള്ളിൽ കൃത്രിമമായി സൃഷ്ടിച്ചിരിക്കുകയാണ് ഒരു ട്രാവൽ ബ്ലോഗർ.
ദൈനംദിനം ഉപയോഗിക്കുന്ന ഗാർഹിക ഉപകരണങ്ങൾ ഉപയോഗിച്ചാണ് ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ നിന്നുള്ള ഷാരോൺ വോ സാങ്കൽപിക യാത്ര നടത്തിയിരിക്കുന്നത്. വീട്ടിലെ ഉപകരണങ്ങൾ ഉപയോഗിച്ച് പകർത്തിയ ചിത്രങ്ങൾ ഇവർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. മുൻവർഷങ്ങളിലെ യാത്രയുടെ അതേ അന്തരീക്ഷം സൃഷ്ടിക്കാനാണ് ഇവർ ശ്രമിച്ചിരിക്കുന്നത്.
തനിക്ക് വീണ്ടും യാത്ര ചെയ്യാൻ സാധിക്കുന്ന സമയം വരെ ഇത്തരം ഫോട്ടോകൾ പുനസൃഷ്ടിക്കാൻ ശ്രമിക്കുമെന്നും അവർ ഇൻസ്റ്റഗ്രാം കുറിപ്പിൽ പറയുന്നു. മനോഹരമായ മലനിരകളെയും തടാകത്തെയും അഭിമുഖീകരിക്കുന്ന 2019 ലെ ചിത്രത്തെ 2020ൽ പുന:സൃഷ്ടിച്ചിരിക്കുന്നത് മതിലിന് അഭിമുഖമായി നിന്ന്, കൈകൾ വിജയചിഹ്നത്തിൽ ഉയർത്തിപ്പിടിച്ചു കൊണ്ടാണ്.
സർഫിംഗ് ചെയ്യുന്ന പഴയ ചിത്രത്തിന് പകരം അയൺ ബോർഡാണ് ഉപയോഗിച്ചിരിക്കുന്നത്. കേപ്‍ടൗണിൽ സർഫിംഗ് അനുവദനീയമാണെങ്കിലും ബീച്ചിൽ അങ്ങനെ നിൽക്കാൻ സാധിക്കില്ല. എന്നെ അങ്ങനെ കാണാൻ ആഗ്രഹിക്കുമ്പോൾ ഞാൻ വീട്ടിലായിരിക്കും. സർഫിംഗ് ബോർഡുമായി നിൽക്കുന്ന ചിത്രത്തിനൊപ്പം അതേ പോസിൽ അയൺ ചെയ്യുന്ന ബോർഡും പിടിച്ചാണ് വോ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ പിസാ ഗോപുരവും താജ്മഹൽ സന്ദർശിക്കുന്ന ചിത്രവും ഇതേ രീതിയിൽ തന്നെ വോ പുന:സൃഷ്ടിച്ചിട്ടുണ്ട്.
യാത്ര ഹരമായി കാണുന്ന ഷാരോൺ വോ 57 രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്ന് ഡെയിലി മെയിൽ റിപ്പോർട്ടിൽ പറയുന്നു. ഇൻസ്റ്റഗ്രാമിൽ ഇവർക്ക് 4000 ഫോളേവേഴ്സ് ആണുള്ളത്. ട്രാവൽ ബ്ലോഗുമുണ്ട് ഷാരോണിന്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam