
പാരീസ്: ഈച്ചയെ ഓടിക്കാനുള്ള ശ്രമത്തില്‍ വീട് തീപിടിച്ച് അപകടം. ഫ്രാന്‍സിലെ ഡോര്‍ഡോണിയിലാണ് സംഭവം അരങ്ങേറിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത് എന്നാണ് ഫ്രഞ്ച് മാധ്യമം സ്വിഡ് ക്യസ്റ്റിനെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭക്ഷണം കഴിക്കുന്നതിനിടെ ശല്യമായ ഈച്ചയെ ഓടിക്കാനുള്ള ശ്രമമാണ് അത്യാഹിതത്തില്‍ കലാശിച്ചത്.
പൊലീസ് സംഭവത്തില്‍ പറയുന്നത് ഇങ്ങനെ, വെള്ളിയാഴ്ച വൈകീട്ട് 7.45 ന് ഡോര്‍ഡോണിയിലെ പാരക്കോള്‍ എന്ന പ്രദേശത്തെ തീപിടിച്ച വീട്ടില്‍ താമസിക്കുകയായിരുന്ന 80 വയസുകാരന്‍ ഭക്ഷണം കഴിക്കുന്നതിനിടെ ഈ ഈച്ച ശല്യം ചെയ്തു. ഇതോടെ വീട്ടില്‍ പ്രാണികളെ ഓടിക്കുന്ന ഇലക്ട്രിക്ക് റാക്കറ്റ് ഉപയോഗിച്ച് ഇതിനെ കൊല്ലുവാന്‍ ഇയാള്‍ നീങ്ങി.
എന്നാല്‍ ഇതേ സമയം തന്നെ ഇയാളുടെ വീട്ടിലെ ഗ്യാസ് സിലണ്ടര്‍ ലീക്ക് ആയിട്ടുണ്ടായിരുന്നു. അതിന് അടുത്ത് സ്ഥാനം ഉറപ്പിച്ച ഈച്ചയെ ഇലക്ട്രിക്ക് ബാറ്റുകൊണ്ട് തല്ലുന്നതിനിടെ ഉണ്ടായ ചെറിയ ഷോക്കില്‍ സ്ഫോടനവും തീപിടുത്തവും ഉണ്ടാകുകയായിരുന്നു. വീട്ടിലെ താമസക്കാരന് കൈയ്യില്‍ സാരമായ പൊള്ളല്‍ ഏറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വീടിന്‍റെ വലിയൊരു ഭാഗം കത്തിപ്പോയിട്ടുണ്ട്.
അയല്‍ക്കാരാണ് ആദ്യം വീട്ടില്‍ സ്ഫോടനവും തീപിടുത്തവും ശ്രദ്ധിച്ചത്. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പൊലീസും അഗ്നിശമന വിഭാഗവും ചേര്‍ന്നാണ് പിന്നീട് വീടിന്‍റെ തീയണച്ചത്. വീടിന്‍റെ മേല്‍ക്കൂരയുടെ ഒരു ഭാഗം തീപിടുത്തത്തില്‍ വീണിട്ടുണ്ട്. പരിക്കേറ്റയാള്‍ നല്‍കിയ മൊഴി പ്രകാരമാണ് പൊലീസ് മാധ്യമങ്ങളോട് കാര്യം വ്യക്തമാക്കിയത്. ഇയാള്‍ ഇപ്പോള്‍ ലിബോണ്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam