
തിരുവനന്തപുരം: മകൾക്കായി അച്ഛൻ (facebook post) എഴുതിയ കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 'തലയുയർത്തി നടു നിവർത്തി നിൽക്കുക' എന്നാണ് (Jayaram Subramani) ജയറാം സുബ്രഹ്മണി എന്ന അച്ഛൻ മകൾ അവന്തികക്ക് നൽകുന്ന ആത്മവിശ്വാസം. ഈ കുറിപ്പിലെ ഓരോ വരികളിലും മകളോടുള്ള കരുതലും സ്നേഹവും നിറയുന്നുണ്ട്. ഒപ്പം 'വിവാഹിതയായി എന്നുവെച്ച് നീ എന്റെ മകളല്ലാതാകുന്നില്ല' എന്നും ഈ അച്ഛൻ ഓർമ്മപ്പെടുത്തുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
അവന്തികാ....
ഞാൻ നിന്നെ വളർത്തുന്നത് ഏതോ ഒരുത്തന് നിന്റെ ജീവിതം വച്ച് പന്താടാൻ നിന്നെ ഏൽപ്പിക്കാനല്ല. ഏതോ ഒരുത്തന് ചെലവഴിക്കാൻ വേണ്ടി ഞാൻ ഒരു രൂപ പോലും സേവ് ചെയ്യുകയുമില്ല. ഞാൻ നിനക്ക് വിദ്യാഭ്യാസം തരും.സ്വയം സമ്പാദിക്കാനും സ്വന്തം കാലിൽ നിൽക്കാനും നിന്നെ പ്രാപ്തയാക്കും. നിന്നെ വിവാഹിതയാകാൻ ഞാനായിട്ട് പ്രേരിപ്പിക്കുകയില്ല. കല്ല്യാണപ്രായം എന്നൊരു പ്രായം നമ്മുടെ നാട്ടിൽ നിലനിൽക്കുന്നുണ്ട്. അത് കവർ ചെയ്ത് നീ വിവാഹിതയാകാതെ നിൽക്കുന്നതു കൊണ്ട് എന്നെ ചോദ്യം ചെയ്യാൻ വരുന്നവനെ ഞാൻ ആട്ടും. കുടുംബത്തിന്റെ സല്പേരിനെ പറ്റി പ്രസംഗിക്കുന്നവരെ അകറ്റും.
അതിൽ കുറഞ്ഞ സല്പേര് മതി നമുക്ക്. അതിൽ കുറഞ്ഞ ആഢ്യത മതി നമ്മുടെ കുടുംബത്തിന്. നിനക്ക് നിന്റേതായ വഴി തിരഞ്ഞെടുക്കാനും ചോയ്സസ് എടുക്കാനും സ്വാതന്ത്ര്യമുണ്ട്. നിനക്ക് തോന്നി നിന്റെ ഇഷ്ടപ്രകാരം നീ വിവാഹിതയായാൽ... ഒരു കാര്യം ഉറപ്പിച്ചോളുക. നിനക്ക് ആ ബന്ധം ഡിസ്കംഫർട്ടായി തോന്നുന്നുവെങ്കിൽ.. നിന്റെ വ്യക്തിത്വവും കാഴ്ചപ്പാടുമായി ഒത്തു പോകുന്നില്ല ജീവിതമെങ്കിൽ ഒരു നിമിഷം മുൻപ് തിരിച്ച് പോന്നേക്കുക. നീയായിട്ട് തെരഞ്ഞെടുത്ത ഒരു ബന്ധത്തിലെ കല്ലുകടിയും പീഢനങ്ങളും അവമതികളും നീ ജീവിതകാലം മുഴുവൻ സഹിക്കേണ്ടതില്ല. നമ്മുടെ വീടിന്റെ വാതിൽ നിനക്ക് മുന്നിൽ എന്നും തുറന്ന് തന്നെ കിടക്കും.
തിരിച്ചു പോരാൻ കഴിയാത്ത വിധം അകപ്പെട്ടിരിക്കുകയാണെങ്കിൽ വിവരം അറിയിക്കുക. അടുത്ത നിമിഷം ഞാനവിടെത്തും. ഇനി അറിയിക്കാനാകാത്ത വിധമാണ് നിന്റെ സ്ഥിതിയെങ്കിൽ പോലും അത് ഞാനായിട്ടറിഞ്ഞോളാം. അതിനുള്ള വഴികളൊക്കെ എനിക്കറിയാം. വിവാഹിതയായി എന്ന് വച്ച് നീ എന്റെ മകളല്ലാതെയാകുന്നില്ല.
അച്ഛനുമമ്മയും വിഷമിക്കുമെന്ന് കരുതി നീ യാഥാർത്ഥ്യങ്ങൾ മറച്ചു വയ്ക്കുമ്പോൾ ഓർക്കുക...നിന്റെ വേദനയിലും വലുതല്ല ഞങ്ങളുടെ വിഷമം. നീ ഇല്ലാതാകുന്നതിലും വലുതല്ല വിവാഹിതയായ നീ തിരിച്ചു വന്നാലുണ്ടായേക്കാവുന്ന കുശുകുശുപ്പുകൾ. ഒരു കാരണവശാലും വ്യക്തിത്വവും സ്വാതന്ത്ര്യവും ബലി കൊടുത്ത് നീ ഒരു കുലസ്ത്രീ പട്ടം അണിയേണ്ടതില്ല. തന്റേടിയെന്നോ താന്തോന്നിയെന്നോ പേര് കേൾക്കുമെന്ന് കരുതി സഹിച്ച് സഹകരിച്ച് ഒതുങ്ങി കൂടേണ്ടതുമില്ല. തലയുയർത്തി നടു നിവർത്തി നിൽക്കുക. നിന്റെ ജീവിതം നിന്റെ മാത്രമാണ്. തന്റേടത്തോടെ ജീവിക്കുക. നീ എനിക്ക് ഏറെ വിലപ്പെട്ടവളാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam