റഫാല്‍ വിവാദം ഏറ്റവും ബാധിച്ചത് ഈ ചത്തീസ്ഗഡ് ഗ്രാമത്തെ... !

By Web TeamFirst Published Apr 16, 2019, 8:54 AM IST
Highlights

ഗ്രാമത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗ്രാമവാസികള്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചില്ലെന്ന് ധരംസിംഗ് എന്ന ഗ്രാമവാസി പറഞ്ഞു

ദില്ലി: റഫാല്‍ വിമാന ഇടപാടും, അതിന്‍റെ വിവാദങ്ങളും ദേശീയ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയാണ്. എന്നാല്‍ ഈ വിവാദം ശരിക്കും വലച്ചത് ഒരു ഗ്രാമത്തെയാണ്. ഛത്തീസ്ഗഡിലാണ് ഈ ഗ്രാമം. വിവാദത്തിന്റെ പേരിലുള്ള പരിഹാസങ്ങളും ആക്ഷേപങ്ങളും വേറെ. ഇതോടെ ഗ്രാമത്തിന്റെ പേര് മാറ്റാനൊരുങ്ങുകയാണ് ഗ്രാമവാസികള്‍. ഇരുനൂറോളം കുടുംബങ്ങള്‍ ഉള്‍പ്പെട്ട റഫാല്‍ ഗ്രാമം ഛത്തീസ്ഗഡിലെ മഹാസമുന്ദ് നിയമസഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതാണ്.

ഗ്രാമത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗ്രാമവാസികള്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചില്ലെന്ന് ധരംസിംഗ് എന്ന ഗ്രാമവാസി പറഞ്ഞു. റഫാല്‍ ഗ്രാമത്തിലെ ഏറ്റവും പ്രായം കൂടിയ ഗ്രാമവാസിയാണ് ധരംസിംഗ്. റഫാല്‍ വിവാദം കാരണം ഗ്രാമത്തിന് ചീത്തപ്പേര് മാത്രമേയുള്ളൂവെന്ന് ഗ്രാമവാസികള്‍ പറയുന്നു. വെള്ളവും ശുചിമുറി സൗകര്യവും ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാത്ത ഗ്രാമമാണ് റഫാലെന്ന് ഗ്രാമവാസികള്‍ പറയുന്നു.

വിവിധ രാഷ്ട്രീയ നേതാക്കള്‍ രാജ്യത്തെ വിവിധ ഗ്രാമങ്ങള്‍ ദത്തെടുത്ത് വികസനപ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട്. എന്നാല്‍ ഒരു നേതാവും തങ്ങളുടെ ഗ്രാമം സന്ദര്‍ശിക്കാന്‍ പോലും വരാറില്ലെന്നും ഗ്രാമവാസികള്‍ കൂട്ടിച്ചേര്‍ത്തു. ഏത് പാര്‍ട്ടി അധികാരത്തില്‍ വന്നാലും തങ്ങളുടെ ഗ്രാമത്തിന്റെ പേര് മാറ്റിത്തരണമെന്നാണ് പ്രാഥമിക ആവശ്യമെന്നും ഗ്രാമവാസികള്‍ കൂട്ടിച്ചേര്‍ത്തു.

click me!