
ചെങ്ങന്നൂര്: ഫിഷറീസ്-സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെ സ്തുതിച്ചുകൊണ്ടുള്ള സ്ത്രീ ജീവനക്കാരി പാടിയ കവിത സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. പൊതുചടങ്ങില്‍ മന്ത്രി സജി ചെറിയാന്‍ വേദിയിലിരിക്കെയാണ് അദ്ദേഹത്തെ പുകഴ്ത്തിയുള്ള കവിത ജീവനക്കാരി ആലപിക്കുന്നത്. ചെങ്ങന്നൂര് കല്ലിശ്ശേരിയില്‍ മണ്പാത്ര വ്യവസായ യൂണിറ്റിലെ ആദ്യവില്‍പ്പനയുടെ ഉദ്ഘാടന ചടങ്ങിലാണ് സംഭവം. സൊസൈറ്റിയിലെ ജീവനക്കാരി കൂടിയായ ഗീത രാമചന്ദ്രന്‍ സ്വയം ഏഴുതി വേദിയില്‍ കവിത ആലപിക്കുകയായിരുന്നു.
പ്രളയകാലത്ത് ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ മന്ത്രി നടത്തിയ ഇടപെടലുകളെ പുകഴ്ത്തിയാണ് കവിത. പ്രിയമാര്‍ന്ന ജനസേവനകന്‍ തന്‍ സജി ചെറിയാന്‍ ഒരു അഭിമാന താരമായി മാറി.., ചെങ്ങന്നൂരിന്‍റെ അഭിലാഷമായി എന്ന വരികളോടെയാണ് കവിത ചൊല്ലിതുടങ്ങുന്നത്. പ്രളയത്തെ നോക്കി വിതുമ്പി, പിന്നെ പ്രചകള്‍ക്കുവേണ്ടി കരഞ്ഞു..., പ്രതിസന്ധികള്‍ മലര്‍മാലപോല്‍ അണിയുന്ന രണവീരനായി.., ജന്മനാടിന്‍റെ രോമാഞ്ചമായി തുടങ്ങിയ വരികളോടെയാണ് സജി ചെറിയാനെ തുടര്‍ന്ന് കവിതയില്‍ പുകഴ്ത്തുന്നത്.
കണ്‍കണ്ട ദൈവമായി കാവലാളായി ജനം നെഞ്ചോട് ചേര്‍ത്തങ്ങുയര്‍ത്തി, വിജയങ്ങളില്‍ ജനമന്ത്രിയായി സന്തോഷ താരം വിടര്‍ന്നു എന്നു പറഞ്ഞുള്ള വരികള്‍ക്കുശേഷം ചെങ്ങന്നൂരിന്‍റെ അഭിലാഷമായെന്ന ആദ്യ വരി വീണ്ടും ആലപിച്ചുകൊണ്ടാണ് കവിത അവസാനിപ്പിക്കുന്നത്. കൈയടികളോടെയാണ് മന്ത്രിയെ പുക്ഴ്ത്തിയുള്ള കവിതയെ സദസിലുള്ളവര്‍ സ്വീകരിക്കുന്നത്. കവിതകേള്‍ക്കുന്നതിനിടെയും മന്ത്രി സജി ചെറിയാന്‍ അടുത്തിരിക്കുന്നയാളുമായി സംസാരിക്കുന്നതും വീഡിയോയിലുണ്ട്. സ്ത്രീ തൊഴിലാളി കവിത അവസാനിപ്പിച്ച ഉടന്‍ സജി ചെറിയാന്‍ എഴുന്നേറ്റുവരുന്നതുവരെയാണ് വീഡിയോയിലുള്ളത്.
2018ല്‍ കണ്ണൂരിലെ സിപിഎം പരിപാടിക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയുള്ള സ്വാഗത ഗാനവും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. സിപിഎം നിയന്ത്രണത്തിലുള്ള ന്യൂനപക്ഷ സാംസ്കാരിക സമിതി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ വനിതാസംഗമത്തിലാണ് മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ അദ്ദേഹത്തെ പുകഴ്ത്തി മാപ്പിളപ്പാട്ടിന്‍റെ ഈണത്തിലുള്ള ഗാനം ആലപിച്ചത്. പാരിജാതപ്പൂവുപോലെ പരിമളം പരത്തീടുന്നു പാരിലാകെ ഖ്യാതി നേടിയ കേരള മുഖ്യന്‍ എന്ന് തുടങ്ങുന്നതായിരുന്നു പാട്ടിലെ വരികള്‍. ഇതിന് മുമ്പ് സിപിഎം ജില്ല സെക്രട്ടറി പി. ജയരാജനെ വ്യക്തിപരമായി പുകഴ്ത്തുന്ന സംഗീത ആല്‍ബം പുറത്തിറങ്ങിയതും പാര്‍ട്ടിക്കുള്ളില്‍ വിവാദമായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam