
ബംഗളൂരു: ഡെലിവറിക്ക് കൊണ്ടുപോയ ഭക്ഷണം കഴിക്കുന്ന ജീവനക്കാരന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ട്രാഫിക്ക് സിഗ്നലിൽ നില്‍ക്കവേ പിന്നിലുള്ള ബാഗിൽ നിന്ന് ഭക്ഷണമെടുത്ത് കഴിക്കുന്ന യുവാവിന്‍റെ വീഡിയോയാണ് വൈറലാകുന്നത്. സൊമാറ്റോ ഡെലിവറി ബോക്സിൽ നിന്ന് ഫ്രൈസ് പോലെ തോന്നിക്കുന്ന എന്തോ എടുത്ത് കഴിക്കുന്നതാണ് വീഡിയോയിൽ. വലിയ വിമര്‍ശനങ്ങളാണ് ഈ വീഡിയോ പുറത്ത് വന്നതോടെ ഉയരുന്നത്.
ഭക്ഷണം കൃത്യമായി പായ്ക്ക് ചെയ്യാൻ റെസ്റ്ററെന്‍റുകള്‍ ശ്രദ്ധിക്കണമെന്നാണ് ഒരാള്‍ പ്രതികരിച്ചത്. ഇത്തരം സംഭവങ്ങള്‍ മുമ്പും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പരാതി നൽകിയിട്ടും സൊമാറ്റോ ഒരു നടപടിയും എടുത്തിട്ടില്ലെന്നും മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. ബംഗളൂരുവിൽ നിന്നുള്ളതാണ് ഈ വീഡിയോ.
അതേസമയം, കഴിഞ്ഞ ദിവസം ബഹ്റൈനിൽ നിന്നുള്ള ഇത്തരമൊരു വീഡിയോ പുറത്ത് വന്നിരുന്നു. റോഡരികില്‍ പാര്‍ക്ക് ചെയ്ത ബൈക്കിന് സമീപം തലാബത്ത് ഡെലിവറി ജീവനക്കാരന്‍ നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. തുടര്‍ന്ന് ഇയാള്‍ തന്റെ ഡെലിവറി ക്യാരിയേജ് തുറന്ന് അതില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ട്വിറ്ററില്‍ പ്രചരിച്ച വീഡിയോ വളരെ വേഗം വൈറലാകുകയായിരുന്നു. ഇതോടെ നിരവധി യുഎഇ താമസക്കാര്‍ ഇയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അധികൃതരെ ടാഗ് ചെയ്ത് വീഡിയോ പങ്കുവെച്ചിരുന്നു.
എന്നാല്‍ ഈ വീഡിയോ യുഎഇയില്‍ നിന്നുള്ളതല്ലെന്നും ബഹ്‌റൈനില്‍ നിന്നാണെന്നും തലാബത്ത് പ്രതികരിച്ചതായി 'ഖലീജ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്നും തലാബത്ത് പ്രതികരിച്ചു. 'വീഡിയോ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് ഞങ്ങളുടെ ആരോഗ്യ-സുരക്ഷാ നയങ്ങള്‍ക്ക് എതിരാണ്. ഇത് ക്യാന്‍സല്‍ ചെയ്ത ഓര്‍ഡറിലെ ഭക്ഷണമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
എന്തായാലും കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായി ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്'- തലാബത്ത് ബഹ്‌റൈന്‍ വക്താവ് അറിയിച്ചു. ട്വിറ്ററില്‍ ഈ വീഡിയോയോട് പല തരത്തിലുള്ള പ്രതികരണങ്ങളാണ് ഉണ്ടായത്. ഡെലിവറിക്കുള്ള ഭക്ഷണമാണെങ്കില്‍ അത് പൊതുസ്ഥലത്ത് വെച്ച് ജീവനക്കാരന്‍ കഴിക്കില്ലെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഡെലിവറിക്കുള്ള ഭക്ഷണ പൊതികളില്‍ കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ വേണമെന്നാണ് മറ്റ് ചിലരുടെ അഭിപ്രായം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam