
ടെക്സാസ്: മെകൻസിയ നോളണ്ട് എന്ന വിദ്യാർത്ഥിനി തന്റെ ഫേസ്ബുക്ക് പ്രൊഫാലിൽ പോസ്റ്റ് ചെയ്ത ഫോട്ടോ കണ്ടവരൊക്കെ ഒരു നിമിഷം അമ്പരന്നു. കൂടെ നിൽക്കുന്ന ആളെ കണ്ടിട്ടായിരുന്നു ആ ഞെട്ടൽ. അമേരിക്കൻ ചീങ്കണ്ണിയ്ക്കൊപ്പം നിന്നായിരുന്നു നോളണ്ടിന്റെ ചിത്രം. ഒപ്പം ഇങ്ങനെയൊരു തലക്കെട്ടും. സാധാരണ ബിരുദദാന ഫോട്ടോയല്ല ഇത്. തന്റെ ബിരുദദാന ചടങ്ങ് എങ്ങനെ വ്യത്യസ്തമാക്കാം എന്ന് നോളണ്ട് ചിന്തിച്ചതിന്റെ ഫലമായിരുന്നു ഈ ഫോട്ടോ.
ടെക്സാസിലെ എ ആന്റ് എം യൂണിവേഴ്സിറ്റിയിൽ നിന്നും വൈൽഡ് ലൈഫ് ആന്റ് ഫിഷറീസ് വിഷയത്തിലാണ് നോളണ്ടിന് ബിരുദം ലഭിച്ചത്. ബ്യൂമൗണ്ട് വന്യമൃഗസംരക്ഷണ കേന്ദ്രത്തിലാണ് ടെക്സ എന്ന് പേരുള്ള ഈ ചീങ്കണ്ണി. പതിനാല് അടി നീളമുണ്ട് ടെക്സിന്. കണ്ടാൽത്തന്നെ പേടിയാകുന്ന ഈ ചീങ്കണ്ണിയ്ക്കൊപ്പം നിന്ന് എടുത്തിരിക്കുന്ന ഈ ചിത്രത്തിന് സോഷ്യൽ മീഡിയ വൻസ്വീകാര്യതയാണ് നൽകിയിരിക്കുന്നത്. ചീങ്കണ്ണികളും മുതലകളുമുൾപ്പെടെ 450 വന്യജിവീകളുണ്ട് ഈ കേന്ദ്രത്തിൽ. ഇവയെ ഒന്നും തനിക്ക് പേടിയില്ലെന്ന് നോളണ്ട് പറയുന്നു. എല്ലാ ദിവസവും ടെക്സിനൊപ്പം കളിക്കാൻ കൂടാറുണ്ടെന്ന് നോളണ്ടിന്റെ വാക്കുകൾ. കൈ കാണിച്ച് വിളിച്ചാൽ ടെക്സ് തനിക്കൊപ്പം നീന്തി വരും. അടുത്ത് നിൽക്കാനും മൂക്കിൻതുമ്പിൽ തൊടാനും സമ്മതിക്കും. ഭക്ഷണം കയ്യിൽ നിന്നും വാങ്ങിക്കഴിക്കും.
ബ്യൂമൗണ്ട് വന്യമൃഗസംരക്ഷണ കേന്ദ്രത്തിലാണ് നോളണ്ട് തന്റെ ഇന്റേൺഷിപ്പ് ചെയ്തത്. ആ സമയത്ത് തന്നെ ടെക്സുമായി സൗഹൃദം സ്ഥാപിച്ചെടുക്കാൻ നോളണ്ടിന് സാധിച്ചിരുന്നു. ബെസ്റ്റ് ഫ്രണ്ട്, സ്വീറ്റ് ഹാർട്ട് എന്നൊക്കെയാണ് നോളണ്ട് ടെക്സിനെ വിശേഷിപ്പിക്കുന്നത്. ഫോട്ടോ പോസ്റ്റ് ചെയ്ത് നിമിഷങ്ങൾ കൊണ്ട് വൈറലായി മാറി. ചീങ്കണ്ണി കിടക്കുന്ന കുളത്തിലിറങ്ങി നിന്നാണ് നോളണ്ട് ഫോട്ടോയെടുത്തിരിക്കുന്നത്. കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്നതും ഇത് തന്നെയാണ്. കുട്ടിക്കാലം മുതൽ വന്യമൃഗങ്ങളെ ഇണക്കാൻ തനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും നോളണ്ട് കൂട്ടിച്ചേർക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam