
ചെറുതോണി: വെള്ളം നിറഞ്ഞതോടെ ഇടുക്കി ഡാം സന്ദർശിക്കാൻ വൻതിരക്ക്. തുറക്കുന്നതിന് മുന്നോടിയായി ഡാം കാണാനുള്ള അവസാന അവസരം പ്രയോജനപ്പെടുത്താൻ നൂറ് കണക്കിന് പേരാണ് ചെറുതോണിയിൽ എത്തിയത്. 26 വർഷത്തിന് ശേഷം തുറക്കാനിരിക്കുന്ന ഇടുക്കി ഡാമിൽ എത്രത്തോളം വെള്ളമുണ്ടെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും.
ശനി, ഞായർ ദിവസങ്ങളിലാണ് ഇടുക്കി അണക്കെട്ട് സന്ദർശിക്കാൻ അവസരമുള്ളത്. ചെറുതോണി ഡാമിലൂടെയാണ് പ്രവേശനം. അണക്കെട്ടിന് മുകളിലൂടെ നടന്നോ കെഎസ്ഇബിയുടെ ഇലക്ട്രിക് വാഹനത്തിൽ സഞ്ചരിച്ചോ ചെറുതോണിയോട് ചേർന്ന് നിൽക്കുന്ന ഇടുക്കി ഡാമും കാണാം. ഡാമിന് മുകളിൽ നിന്ന് ചിത്രങ്ങളെടുക്കാൻ നിയന്ത്രണമുള്ളതിനാൽ അണക്കെട്ടിലേക്ക് പോകുന്ന വഴിയിലും തിരക്കാണ്. നിലവിലെ സ്ഥിതിയിൽ അടുത്ത ശനിയാഴ്ചയ്ക്ക് മുമ്പ് ഡാം തുറക്കാൻ സാധ്യതയുള്ളതിനാൽ ചരിത്ര നിമിഷത്തിന് സാക്ഷികളായെന്ന നിർവൃതിയിലാണ് സന്ദർശകരുടെ മടക്കം.
അതേസമയം, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോള്‍ 2394.4 അടിയിലെത്തി. ഇന്ന് ഉച്ചയോടെ ജലനിരപ്പ് 2395 അടിയിലെത്തുമെന്നാണ് ഡാം സേഫ്റ്റി അതോറിറ്റി അധികൃതരുടെ വിലയിരുത്തൽ. അങ്ങനെയെങ്കിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച് കണ്‍ട്രോൾ റൂം തുറക്കും. ജനങ്ങളെ മാറ്റി പാര്‍പ്പിക്കാനുള്ള നടപടികളും തുടങ്ങും.
ജലനിരപ്പ് പരമാവധി സംഭരണശേഷിയിലെത്താൻ കാത്തിരിക്കില്ലെന്ന് കഴിഞ്ഞ ദിവസം വൈദ്യുതമന്ത്രി എംഎം മണി വ്യക്തമാക്കിയിരുന്നു. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ അടുത്ത ദിവസങ്ങളിൽ തന്നെ ചെറുതോണി ഡാമിന്‍റെ ഷട്ടറുകൾ തുറക്കേണ്ടിവരും. ജനങ്ങൾ ആശങ്കപ്പെടേണ്ടെന്നും എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ടെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam