
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന മുൻ എ.ഐ.ഡി.എം.കെ. നേതാവ് വികെ ശശികലയ്ക്ക് 15 ദിവസത്തെ പരോള്‍ അനുവദിച്ചു. ശശികലയുടെ ഭർത്താവ് എം നടരാജന്‍റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ വേണ്ടിയാണ് അടിയന്തര പരോൾ അനുവദിച്ചത്.
നടരാജന്റെ മരണവാർത്ത അറിഞ്ഞയുടൻ ശശികല പരോളിന് അപേക്ഷ നൽകുകയായിരുന്നു. ശ്വാസകോശ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്ന എം നടരാജൻ ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് ചെന്നൈയിൽ അന്തരിച്ചത്. ബംഗളൂരുവില്‍ നിന്നും ശശികല എത്തിയതിന് ശേഷമാകും സംസ്കാരചടങ്ങുകള്‍. തുടർന്ന് ഉച്ചക്ക് നടരാജന്റെ ഭൗതിക ശരീരം അന്ത്യകർമങ്ങൾക്കായി തഞ്ചാവൂരിലേക്ക് കൊണ്ടുപോയി. അന്ത്യകർമങ്ങള്‍ക്കായി 15 ദിവസത്തെ പരോളിനെത്തുന്ന ശശികലക്ക് പക്ഷെ ചെന്നൈക്ക് വരാൻ അനുമതി ഇല്ല. ഈ സാഹചര്യത്തില്‍ അമ്മ മക്കള്‍ മുന്നേറ്റ കഴകം പാർട്ടിയുടെ പല നിർണായകചർച്ചകളും തഞ്ചാവൂരില്‍ നടന്നേക്കും.
അനധികൃത സ്വത്ത് കേസിൽ ശിക്ഷിക്കപ്പെട്ട് ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ശശികലക്ക് കഴിഞ്ഞ വർഷവും ഭർത്താവിലെ സന്ദർശിക്കാൻ പരോൾ ലഭിച്ചിരുന്നു. ഒക്ടോബറില്‍ നടരാജന് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയപ്പോഴായിരുന്നു ശശികലയ്ക്ക് അടിയന്തര പരോൾ അനുവദിച്ചിരുന്നത്. പതിനഞ്ച് ദിവസത്തേക്ക് അപേക്ഷിച്ചെങ്കിലും അഞ്ച് ദിവസത്തെ പരോൾ മാത്രമാണ് അന്ന് അനുവദിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam