കൊലവിളി പ്രസംഗം നിഷേധിച്ച് സിപിഎം നേതാവ്: വാക്കുകള്‍ വളച്ചൊടിച്ചെന്ന് ആരോപണം

By Web TeamFirst Published Feb 21, 2019, 4:06 PM IST
Highlights

പീതാംബരനേയും സുരേന്ദ്രനേയും അക്രമിച്ചത് തങ്ങള്‍ ക്ഷമിക്കുന്നുവെന്നാണ് പ്രസംഗത്തില്‍ പറഞ്ഞതെന്നും മുസ്തഫ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

കാസര്‍ഗോഡ്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും,ശരത് ലാലും കൊലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് നടത്തിയ കൊലയാളി പ്രസംഗം നിഷേധിച്ച് പ്രാദേശിക സിപിഎം നേതാവ് വിപിപി മുസ്തഫ. താന്‍ കൊലയാളി പ്രസംഗം നടത്തിയിട്ടില്ലെന്നും പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് മാധ്യമങ്ങള്‍ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്നും മുസ്തഫ പറഞ്ഞു. പീതാംബരനേയും സുരേന്ദ്രനേയും അക്രമിച്ചത് തങ്ങള്‍ ക്ഷമിക്കുന്നുവെന്നാണ് പ്രസംഗത്തില്‍ പറഞ്ഞതെന്നും മുസ്തഫ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

ശുദ്ധഅസംബന്ധമായ വാര്‍ത്തയാണ് പ്രചരിപ്പിക്കുന്നത്. പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് മാധ്യമങ്ങള്‍ പ്രസംഗം തെറ്റായി വ്യാഖ്യാനിക്കുകയാണ്. താന്‍ കൊലവിളി പ്രസംഗം നടത്തിയിട്ടില്ല. പീതാംബരനേയും സുരേന്ദ്രനേയും അക്രമിച്ച പ്രവൃത്തി ഞങ്ങള്‍ ക്ഷമിക്കുന്നു എന്നാണ് താന്‍. പക്ഷേ ഇനിയും ചവിട്ടാന്‍ വരരുത്. പ്രവര്‍ത്തകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ പാര്‍ട്ടി ശ്രമിക്കും എന്നാണ് താന്‍ പറഞ്ഞത്. - മുസത്ഫ പറയുന്നു.

സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗമാണ് വിവാദപ്രസംഗം നടത്തിയ വിപിപി മുസ്തഫ. ഇരട്ടക്കൊലപാതക കേസ് പ്രതി പീതാംബരന്‍ ആക്രമിക്കപ്പെട്ട രണ്ട് ദിവസം കഴിഞ്ഞ് ജനുവരി ഏഴിനാണ് ഈ പ്രസംഗം ഇദ്ദേഹം നടത്തിയത്. ''പാതാളത്തോളം ക്ഷമിച്ച് കഴിഞ്ഞു. യാതൊരു പ്രകോപനവുമില്ലാതെ സഖാവ് പീതാംബരനെയും സുരേന്ദ്രനെയും മിനിഞ്ഞാന്ന് മര്‍ദ്ദിക്കുന്നതുവരെയുള്ള സംഭവങ്ങള്‍ ക്ഷമിക്കുകയാണ്. എന്നാല്‍ ഇനിയും ചവിട്ടാന്‍ വന്നാല്‍ ആ പാതാളത്തില്‍നിന്ന് റോക്കറ്റ് പോലെ സിപിഎം കുതിച്ച് കയറും. അതിന്‍റെ വഴിയില്‍ പിന്നെ കല്യോട്ടല്ല, ഗോവിന്ദന്‍ നായരല്ല, ബാബുരാജല്ല, ബാക്കിയില്ലാത്ത വിതത്തില്‍ പെറുക്കിയെടുത്ത് ചിതയില്‍ വയ്ക്കാന്‍ ബാക്കിയില്ലാത്ത വിധം ചിതറി പോകും'' - ഇതായിരുന്നു മുസ്തഫയുടെ വാക്കുകള്‍. 

click me!