പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേരളം ഒറ്റക്കെട്ടായി നില്‍ക്കണം; വിഎസ്

Published : Aug 20, 2018, 01:48 PM ISTUpdated : Sep 10, 2018, 03:37 AM IST
പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേരളം ഒറ്റക്കെട്ടായി നില്‍ക്കണം; വിഎസ്

Synopsis

പ്രളയദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് ആനുകൂല്യങ്ങളും സഹായങ്ങളും നേടിയെടുക്കാന്‍ കേരളം ഒറ്റക്കെട്ടായി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് വിഎസ് അച്യുതാനന്ദന്‍. നമുക്ക് പരിചയമില്ലാത്ത മഹാദുരന്തത്തെ ഒറ്റ മനസ്സായി കേരള ജനത നേരിടുകയാണെന്ന് വിഎസ്  പ്രസ്താവനയില്‍ പറഞ്ഞു.

തിരുവനന്തപുരം: പ്രളയദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് ആനുകൂല്യങ്ങളും സഹായങ്ങളും നേടിയെടുക്കാന്‍ കേരളം ഒറ്റക്കെട്ടായി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് വിഎസ് അച്യുതാനന്ദന്‍. നമുക്ക് പരിചയമില്ലാത്ത മഹാദുരന്തത്തെ ഒറ്റ മനസ്സായി കേരള ജനത നേരിടുകയാണെന്ന് വിഎസ്  പ്രസ്താവനയില്‍ പറഞ്ഞു.

ദേശീയ തലത്തില്‍ ദുരന്തവാര്‍ത്ത പ്രതികരണങ്ങളുണ്ടാക്കി. കേരളത്തിന് പുറത്തുനിന്നും സഹായങ്ങളെത്തി. നാല് വര്‍ഷം മുമ്പ് ജമ്മു കാശ്മീരില്‍ സംഭവിച്ച പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചതുപോലെ, കേരളത്തിലെ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുകതന്നെ വേണം.  ദുരന്ത നിവാരണ നിയമത്തെ എങ്ങനെ വ്യാഖ്യാനിക്കണമെന്ന തര്‍ക്കത്തിനല്ല, ഇപ്പോള്‍ പ്രസക്തി. 

ഇനിയും ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രതയും നമ്മുടെ ഭാഗത്തുനിന്നുണ്ടാവണം.  വികസനത്തിന്‍റേയും സുസ്ഥിര വികസനത്തിന്‍റേയും അതിര്‍വരമ്പുകള്‍ നേര്‍ത്തുവരുന്നതായി ആക്ഷേപമുണ്ട്.  കുന്നിടിച്ചും വനം കയ്യേറിയും വയല്‍ നികത്തിയും തടയണകള്‍ കെട്ടിയും നടക്കുന്ന അനധികൃതമോ, അശാസ്ത്രീയമോ ആയ നിര്‍മ്മാണങ്ങളും മറ്റ് പ്രവര്‍ത്തനങ്ങളും ഇനിയും കണ്ടില്ലെന്ന് നടിക്കാനാവില്ല.  

ആയിരക്കണക്കിന് നിരപരാധികളുടെ ജീവനും ജീവനോപാധിയും വെച്ചുള്ള കളിയാണത്.  ദുരന്തമുണ്ടാവുമ്പോള്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ കാണിക്കുന്ന ശുഷ്കാന്തി ദുരന്തങ്ങള്‍ ഒഴിവാക്കാനുള്ള പ്രവര്‍ത്തനങ്ങളിലും നാം കാണിക്കേണ്ടതുണ്ട്. ഇപ്പോഴത്തെ ദുരന്തത്തിന്‍റെകൂടി പശ്ചാത്തലത്തില്‍ വികസനത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകള്‍ കുറെക്കൂടി ശാസ്ത്രീയമായി പുനര്‍ നിര്‍വ്വചിക്കേണ്ടി വന്നേക്കും. അത്തരത്തില്‍ നിയമങ്ങള്‍ കര്‍ശനവും പഴുതടച്ചുള്ളതുമാക്കുകയാണ് ഒരു മാര്‍ഗമെന്ന് വിഎസ് വ്യക്തമാക്കി.

മൂന്നാറിലും പരിസരപ്രദേശങ്ങളിലുമുള്ള അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുകളയുകയും കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുകയും ചെയ്യുന്ന പ്രക്രിയ ശക്തമാക്കണം. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കണം.  പരിസ്ഥിതി ലോല പ്രദേശം എന്നാല്‍ എന്താണെന്ന് പ്രകൃതിതന്നെ പഠിപ്പിക്കാന്‍ ഇനിയും ഇടവരുത്തരുത്.  ആവശ്യമായ ബോധവല്‍ക്കരണം ഇക്കാര്യത്തില്‍ നടത്താന്‍ സര്‍ക്കാരും തയ്യാറാവണം.  വന്‍കിടക്കാര്‍ നടത്തുന്ന അനധികൃത ഭൂനിനിയോഗം നിസ്സാരമായ പിഴയൊടുക്കി കോടതികളിലൂടെ സാധൂകരിച്ചെടുക്കാന്‍ അവസരമുണ്ടാക്കരുത്. 

തകര്‍ന്നുപോയ റോഡുകളും പാലങ്ങളും പുനര്‍നിര്‍മ്മിക്കാന്‍ ശ്രദ്ധിക്കുന്നതോടൊപ്പം പരമ്പരാഗത ജലനിര്‍ഗമന മാര്‍ഗങ്ങളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും ആരംഭിക്കേണ്ടിയിരിക്കുന്നു.  ഇതൊരു നിര്‍ണായക സന്ധിയാണെന്ന് തിരിച്ചറിഞ്ഞ്, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ഇത്തരം കാര്യങ്ങളില്‍ക്കൂടി ജനങ്ങളുടെ ഭാഗത്തുനിന്നും പ്രവര്‍ത്തനങ്ങളും പിന്തുണയും ഉണ്ടാവണം- വിഎസ് പറഞ്ഞു.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്മസിനെ ആഘോഷപൂർവം വരവേറ്റ് മലയാളികൾ; സംസ്ഥാനത്തെ ദേവാലയങ്ങളിൽ പ്രത്യേക തിരുപ്പിറവി പ്രാർത്ഥനകൾ, പാതിരാകുർബാനയിൽ പങ്കെടുത്ത് ആയിരങ്ങൾ
സുരേഷ് ഗോപിയെ വേദിയിലിരുത്തി തൃശൂരിൽ കൗൺസിലറുടെ വിമർശനം; കയ്യോടെ മറുപടിയും നൽകി കേന്ദ്രമന്ത്രി, പിന്തുണച്ച് ദേവൻ