നമ്മുടേത് തൊലിപ്പുറത്തുള്ള നവോത്ഥാനനാട്യം: സംവരണ ബില്ലില്‍ വിമര്‍ശനവുമായി ബലറാം

By Web TeamFirst Published Jan 9, 2019, 10:48 AM IST
Highlights

സംവരണബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്ത ഇ.ടി.മുഹമ്മദ് ബഷീറിന് വോട്ട് ചെയ്യാനും അദ്ദേഹത്തിന്‍റെ തിരഞ്ഞെടുപ്പ് പ്രചരണ ചുമതല വഹിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ബലറാം. 

പാലക്കാട്: മുന്നോക്കകാരിലെ പിന്നോക്കവിഭാഗത്തിന് സംവരണം അനുവദിക്കാനുള്ള ബില്‍ ലോക്സഭ പാസാക്കിയതിന് പിന്നാലെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് എംഎല്‍എ വി.ടി.ബലറാം ഫേസ്ബുക്കില്‍. 

ബ്രാഹ്മണ്യത്തിനെതിരായ യഥാർത്ഥ പോരാട്ടമായ സംവരണത്തിന്റെ വിഷയത്തില്‍ ഭരണഘടനാ ലക്ഷ്യങ്ങളെ അട്ടിമറിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കുകയാണെന്ന് വിടി ബലറാം ഫേസ്ബുക്കില്‍ കുറച്ചു. സംവരണബില്ലിന് അനുകൂലമായി കോണ്‍ഗ്രസും വോട്ട് ചെയ്തതോടെയാണ് പാര്‍ട്ടി നിലപാടിനെ കൂടി വിമര്‍ശിച്ചു കൊണ്ട് ബലറാം രംഗത്തു വന്നത്. സംവരണബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്ത ഇ.ടി.മുഹമ്മദ് ബഷീറിന് വോട്ട് ചെയ്യാനും അദ്ദേഹത്തിന്‍റെ തിരഞ്ഞെടുപ്പ് പ്രചരണ ചുമതല വഹിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ബലറാം ഫേസ്ബുക്കില്‍ കുറിക്കുന്നു..

വിടി ബലറാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്...

ശബരിമലയിൽ യുവതികളെ കയറ്റുക, തന്ത്രിയെ തെറി വിളിക്കുക, ദലിതനെ പൂജാരിയാക്കുക, സന്ന്യാസി അടിവസ്ത്രമിട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക, നാനാ ജാതി മതസ്ഥർ നിരന്ന് നിന്ന് മതില് കെട്ടുക എന്നിങ്ങനെ പ്രതീകാത്മകതകളും തൊലിപ്പുറമേയുള്ള നവോത്ഥാന നാട്യങ്ങളും മാത്രമേ നമുക്ക് പറഞ്ഞിട്ടുള്ളൂ.

ബ്രാഹ്മണ്യത്തിനെതിരായ യഥാർത്ഥ പോരാട്ടമായ സംവരണത്തിന്റെ വിഷയം വരുമ്പോൾ ഭരണഘടനാ ലക്ഷ്യങ്ങളെ അട്ടിമറിക്കാൻ എല്ലാവരും ഒറ്റക്കെട്ട്! അധസ്ഥിതരുടെ അധികാര പങ്കാളിത്തം എന്ന ജനാധിപത്യ ഉത്തരവാദിത്തത്തിന് പകരം സവർണ്ണരുടെ നഷ്ടപ്രതാപത്തേക്കുറിച്ചുള്ള പരിദേവനങ്ങളിൽ എല്ലാവർക്കും ഒരേ ശബ്ദം!!

ശ്രീ ഇ.ടി. മുഹമ്മദ് ബഷീറിന് വോട്ടു ചെയ്യാനും അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായി പ്രവർത്തിക്കാനും കഴിഞ്ഞു എന്നതിൽ ഏറെ അഭിമാനം തോന്നുന്നു.

click me!