
വയനാട്: പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നത് തുടര്‍ന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് അടച്ചുപൂട്ടല്‍ നോട്ടീസ് നല്‍കി നഗരസഭ അധികൃതര്‍. കല്‍പറ്റ നഗരത്തില്‍ ഒരേ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന 20 സ്ഥാപനങ്ങള്‍ക്കെതിരെയാണ് നടപടിയെടുത്തത്. മുമ്പ് താക്കീത് പിഴയടപ്പിച്ച് താക്കീത് നല്‍കിയ സ്ഥാപനങ്ങള്‍ക്കാണ് അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. നഗരത്തിലെ ഹില്‍ടവര്‍ കെട്ടിടത്തിലെ മാലിന്യം പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും വിധം റോഡിലേക്കും ഓടയിലേക്കും സമീപത്തെ തോട്ടിലേക്കും ഒഴുക്കിയതായി കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് നഗരസഭാ സെക്രട്ടറി കെ.ജി. രവീന്ദ്രന്‍ കെട്ടിടത്തിലെ 20 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടണമെന്ന് കാട്ടി നോട്ടീസ് നല്‍കുകയായിരുന്നു. കെട്ടിടത്തില്‍ മാലിന്യം ശേഖരിക്കാന്‍ ടാങ്ക് ഉണ്ടെങ്കിലും ഇവ സംസ്‌കരിച്ച് ഓടയിലേക്ക് ഒഴുക്കാനുള്ള സംവിധാനമില്ല. മാലിന്യ സംസ്‌കരണ സംവിധാനം ഏര്‍പെടുത്തിയതിന് ശേഷം തുറന്നാല്‍ മതിയെന്നാണ് ഉത്തരവില്‍ നിര്‍ദേശിച്ചിരിക്കുന്നതെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു. മാസങ്ങള്‍ക്ക് മുമ്പ് ഇതേ കെട്ടിടത്തില്‍ നടത്തിയ പരിശോധനയില്‍ മാലിന്യം പൊതുസ്ഥലത്ത് തള്ളുന്നതായി കണ്ടെത്തിയിരുന്നു.
25000രൂപ പിഴ ഈടാക്കിയതിന് പുറമെ ആവര്‍ത്തിക്കരുതെന്ന് താക്കീതും നല്‍കിയെങ്കിലും ഫലമുണ്ടായില്ല. മാലിന്യസംസ്‌കരണത്തിന് സ്ഥിരം സംവിധാനം ഉണ്ടാക്കുമെന്നുമുള്ള ഉറപ്പിലാണ് അന്ന് തുറന്നു പ്രവര്‍ത്തിക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയിരുന്നത്. എന്നാല്‍ ഇത് പാലിക്കപ്പെടാതെ നിയമലംഘനം തുടര്‍ന്നതാണ് അടച്ചുപൂട്ടല്‍ നടപടിയിലേക്കെത്തിച്ചത്. വരും ദിവസങ്ങളില്‍ കൂടുതല്‍ സ്ഥാപനങ്ങളില്‍ പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam