
വയനാട്: പുല്‍പള്ളി നെയ്ക്കുപ്പ വനത്തില്‍ മത്സ്യ-മാംസ മാര്‍ക്കറ്റില്‍ നിന്നുള്ള മലിനജലം വാഹനത്തിലെത്തിച്ച് ഒഴുക്കിവിടുന്നു. പുല്‍പള്ളി-നടവയല്‍ റൂട്ടില്‍ വേലിയമ്പം കഴിഞ്ഞുള്ള പാതയോരത്തിനോട് ചേര്‍ന്ന് വനത്തിലാണ് മലിനജലം ടാങ്കറില്‍ കൊണ്ടുവന്ന് ഒഴിക്കുന്നത്. ഒന്നിടവിട്ട് മലിനജലം ഒഴുക്കുന്നതിനാല്‍ ഈ ഭാഗത്ത് അടിക്കാടും പുല്ലും കരിഞ്ഞുണങ്ങിയ നിലയിലാണ്. ഏത് മാര്‍ക്കറ്റില്‍ നിന്നാണ് മലിനജലം കൊണ്ടുവരുന്നതെന്ന് വ്യക്തമല്ല.
രൂക്ഷ ഗന്ധം കാരണം ഇതുവഴി വാഹനത്തില്‍ യാത്ര ചെയ്യാന്‍ പോലും കഴിയാത്ത സ്ഥിതിയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. ജലം തളംകെട്ടി നിന്ന് ഭാഗങ്ങളില്‍ പുല്ല് പോലും കിളിര്‍ത്ത് വരാത്തത് നാട്ടുകാരില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള രാസവസ്തുക്കള്‍ മലിനജലത്തില്‍ ചേര്‍ന്നിട്ടുണ്ടാകുമോ എന്നതാണ് ആശങ്കക്ക് കാരണം. പ്രദേശത്തെ കുടിവെള്ള സ്രോതസുകളും മലിനമാകുമെന്ന് നാട്ടുകാര്‍ക്ക് ഭീതിയുണ്ട്.
രാത്രിയിലാണ് ടാങ്കറുകള്‍ എത്തുന്നതെന്നാണ് സംശയിക്കുന്നത്. മലിനജലം ഒഴുക്കുന്ന പ്രദേശത്തോട് ചേര്‍ന്ന് ആദിവാസി കോളനിയുണ്ട്. മലിനവെള്ളം ഒഴുക്കുന്നത് തുടര്‍ന്നാല്‍ ഇത് കോളനിയിലെ കിണറുകളിലേക്ക് എത്തിപ്പെടാനുള്ള സാധ്യതയേറെയാണ്. ഏതായാലും സംഭവത്തിന് പിന്നിലുള്ളവരെ കണ്ടെത്തി നടപടിയെടുക്കണമെന്നാണ് കോളനിവാസികള്‍ അടക്കമുള്ള നാട്ടുകാരുടെ ആവശ്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam