ദേശീയപാത വികസനം; പീച്ചി ഡാമില്‍ നിന്നുള്ള പ്രധാന പൈപ്പ് ലൈന്‍ പൊട്ടി പാഴായത് രണ്ട് ലക്ഷം ലിറ്റര്‍ വെള്ളം

By Web DeskFirst Published Feb 26, 2018, 2:37 PM IST
Highlights

തൃശൂര്‍: ദേശീയപാത ആറുവരിയാക്കുന്ന പ്രവര്‍ത്തികള്‍ക്കിടെ പീച്ചി ഡാമില്‍ നിന്നും വരുന്ന പ്രധാന പൈപ്പ് ലൈന്‍ പൊട്ടി രണ്ട് ലക്ഷം ലിറ്റര്‍ വെള്ളം പാഴായെന്ന് വിലയിരുത്തല്‍. 2015 അവസാനത്തോടെ തോട്ടപ്പടിയില്‍ കാര്‍ഷിക സര്‍വകലാശാലക്ക് മുന്നിലും കോട്ടേപ്പാടത്തുമാണ് ഇത്രയും നഷ്ടമുണ്ടാക്കിയതായി വാട്ടര്‍ അതോറിറ്റി കണ്ടെത്തിയത്. ദേശീയപാത കരാര്‍ നിയമപ്രകാരം കേടുപാടുകള്‍ തീര്‍ത്ത് പ്രവര്‍ത്തനക്ഷമമാക്കേണ്ടത് കരാര്‍ കമ്പനിയാണെന്നിരിക്കെ ഇതിന് നിര്‍ദ്ദേശം നല്‍കാതിരുന്നതും നടപടികളെടുക്കാതിരുന്നതുമാണ് നഷ്ടത്തിന് കാരണമെന്ന് വാട്ടര്‍ അതോറിറ്റി പറയുന്നു. 

ഡോ.പി.കെ ബിജു എം.പി, അഡ്വ.കെ. രാജന്‍ എം.എല്‍.എ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ ദേശീയപാത അതോറിറ്റി പ്രൊജക്ട് ഡയറക്ടറോട് യുദ്ധകാലാടിസ്ഥാനത്തില്‍ തകരാര്‍ സംഭവിച്ച പൈപ്പുകള്‍ മാറ്റി സ്ഥാപിച്ച് വെള്ളം പാഴാകുന്നത് പരിഹരിക്കാന്‍ ചുമതലപ്പെടുത്തിയിരുന്നു. ഇക്കാര്യവുമായി ബന്ധപ്പെട്ട് കലക്ടറും വാട്ടര്‍ അതോറിറ്റിയും പത്ത് നോട്ടീസുകളാണ് ദേശീയ പാത അതോറിറ്റിക്കും കരാര്‍ കമ്പനിക്കും അയച്ചത്. എന്നാല്‍ നടപടിയെടുക്കാതിരുന്നതിലൂടെ രണ്ട് ലക്ഷം ലിറ്റര്‍ ശുദ്ധജലം പാഴായി പോയിട്ടുണ്ടെന്ന് വാട്ടര്‍ അതോറിറ്റി എസി.എക്‌സി.എന്‍ജിനിയര്‍ ബി.എ.ബെന്നി നേര്‍ക്കാഴ്ച മനുഷ്യാവകാശ സംരക്ഷണ സമിതി സെക്രട്ടറി പി.ബി.സതീഷിന് വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ പറയുന്നു. 

ഈ വിധത്തില്‍ ജലം പാഴായി പോയതിലൂടെ ഏഴ് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നുമാണ് വാട്ടര്‍ അതോറിറ്റിയുടെ കണക്ക്. ഈ വര്‍ഷം ജനുവരി വരെയെന്നതിന്റെ അടിസ്ഥാനത്തിലാണ് മറുപടി നല്‍കിയിട്ടുള്ളത്. എന്നാല്‍ ഇപ്പോഴും ഇവിടെയുള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നതില്‍ കണക്ക് എങ്ങനെയാണ് ശേഖരിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല. പൈപ്പുകളുടെ പുനര്‍ നിര്‍മ്മാണത്തിനായി 1.20 കോടിയുടെ നിര്‍മ്മാണ ചിലവ് തയ്യാറാക്കി ദേശീയ പാത അതോറിറ്റിക്ക് നല്‍കിയിരുന്നതായും വാടര്‍ അതോറിറ്റി വ്യക്തമാക്കുന്നു. 

തൃശൂര്‍ നഗരത്തിലേക്കും സമീപത്തെ പത്തോളം പഞ്ചായത്തുകളും മെഡിക്കല്‍ കോളേജ് ഉള്‍പ്പെടുന്ന പ്രധാന ആരോഗ്യ കേന്ദ്രങ്ങളും പീച്ചി പൈപ്പ് ലൈനിനെ ആശ്രയിച്ച് കഴിയുന്നതാണ്. ഇതോടൊപ്പമാണ് കാര്‍ഷികാവശ്യത്തിന് വെള്ളം നല്‍കുന്നതും. കഴിഞ്ഞ വര്‍ഷം വേനലിന്റെ രൂക്ഷതയില്‍ കൃഷിയാവശ്യത്തിനും കുടിവെള്ള വിതരണത്തിനുമുള്ള ജല വിതരണത്തില്‍ മുമ്പെങ്ങും വരുത്താത്ത വിധത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വന്നിരുന്നു. ഈ വര്‍ഷവും ചൂട് കനക്കുമെന്ന കാലാവസ്ഥാ മുന്നറിയിപ്പുണ്ടെന്നിരിക്കെ ജലം പാഴാവുന്നതിന്റെ തകരാര്‍ പരിഹരിക്കുന്നതിന് കഴിഞ്ഞിട്ടില്ല. 

കളക്ടറും ജനപ്രതിനിധികളും പങ്കെടുത്ത യോഗത്തിലെടുത്ത തീരുമാനത്തെ തള്ളി, കരാറിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയാണ് ദേശീയ പാത അതോറിറ്റിയും കരാര്‍ കമ്പനിയും. ഇരുവരും ഒത്തുകളിച്ച് ടോള്‍ പിരിക്കാനുള്ള നിയമവിരുദ്ധ നിര്‍മ്മാണ പ്രവര്‍ത്തികളാണ് നടത്തുന്നത്. പൈപ്പ് പൊട്ടി ശുദ്ധജലം പാഴായതില്‍ ധനനഷ്ടം ഉള്‍പ്പെടെ കണക്കാക്കി റവന്യു റിക്കവറി നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടം തയ്യാറാവണമെന്ന് ആവശ്യപ്പെട്ട് സന്നദ്ധ സംഘടനകള്‍ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. 

click me!